സോണി എസ്ആര്‍എസ് ആര്‍എ3000 പുറത്തിറക്കി
1 min readവില 19,990 രൂപ. സോണി റീട്ടെയ്ല്‍ സ്‌റ്റോറുകള്‍, ഷോപ്പ്അറ്റ്എസ്‌സി.കോം, ആമസോണ്‍, പ്രമുഖ ഇലക്ട്രോണിക് സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി 24 മുതല്‍ ലഭിക്കും
ന്യൂഡെല്‍ഹി: സോണി എസ്ആര്‍എസ് ആര്‍എ3000 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 360 ഡിഗ്രി ഓഡിയോ കൂടാതെ ക്രോംകാസ്റ്റ്, വോയ്‌സ് കണ്‍ട്രോള്‍ എന്നീ സ്മാര്‍ട്ട് ഫീച്ചറുകള്‍ സഹിതമാണ് വയര്‍ലെസ് സ്പീക്കര്‍ വരുന്നത്. വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭ്യമാണ്. രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിച്ചേക്കും. ജനുവരി തുടക്കത്തില്‍ യൂറോപ്യന്‍ വിപണിയില്‍ സ്മാര്‍ട്ട് സ്പീക്കര്‍ അവതരിപ്പിച്ചിരുന്നു. 19,990 രൂപയാണ് വില. സോണി റീട്ടെയ്ല്‍ സ്‌റ്റോറുകള്‍, ഷോപ്പ്അറ്റ്എസ്‌സി.കോം, ആമസോണ്‍, പ്രമുഖ ഇലക്ട്രോണിക് സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി 24 മുതല്‍ ലഭിക്കും.
രണ്ട് ട്വീറ്റര്‍ യൂണിറ്റുകള്‍, ഒരു ഫുള്‍ റേഞ്ച് സ്പീക്കര്‍, രണ്ട് പാസീവ് റേഡിയേറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സോണി എസ്ആര്‍എസ് ആര്‍എ3000. ട്വീറ്റര്‍ യൂണിറ്റുകള്‍ക്ക് 17 എംഎം, ഫുള്‍ റേഞ്ച് യൂണിറ്റിന് 80 എംഎം, പാസീവ് റേഡിയേറ്ററുകള്‍ക്ക് 103,37 എംഎം എന്നിങ്ങനെയാണ് വലുപ്പം. 360 ‘റിയാലിറ്റി ഓഡിയോ’ സറൗണ്ട് സൗണ്ട്, കസ്റ്റം ഈക്വലൈസറുകള്‍, ഡിജിറ്റല്‍ സൗണ്ട് എന്‍ഹാന്‍സ്‌മെന്റ് എന്‍ജിന്‍, ഓട്ടോ വോള്യം, ഓട്ടോ സൗണ്ട് കാലിബ്രേഷന്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.
വൈഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. എ2ഡിപി, എവിആര്‍സിപി (അബ്‌സൊല്യൂട്ട് വോള്യം), എസ്പിപി പ്രൊഫൈലുകള്‍, എസ്ബിസി, എഎസി കോഡെക്കുകള്‍ എന്നിവ സപ്പോര്‍ട്ട് ചെയ്യും. ഇന്‍ബില്‍റ്റ് ക്രോംകാസ്റ്റ് സവിശേഷതയാണ്. ഗൂഗിള്‍ അസിസ്റ്റന്റ്, അലക്‌സ, സ്‌പോട്ടിഫൈ കണക്റ്റ് എന്നിവയുമായി സോണി എസ്ആര്‍എസ് ആര്‍എ3000 യോജിച്ചുപ്രവര്‍ത്തിക്കും. ആംബിയന്റ് റൂം ഫില്ലിംഗ് സൗണ്ട് സമ്മാനിക്കുന്നതാണ് സ്മാര്‍ട്ട് സ്പീക്കര്‍.
ഗൂഗിള്‍ അസിസ്റ്റന്റ്, അലക്‌സ വഴി നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് സ്മാര്‍ട്ട് സ്പീക്കര്‍ നിയന്ത്രിക്കാന്‍ സാധിക്കും. സ്മാര്‍ട്ട് സ്പീക്കറിന്റെ മുകളില്‍ വോള്യം നിയന്ത്രണം, പ്ലേ/പോസ് കണ്‍ട്രോള്‍ ആവശ്യങ്ങള്‍ക്കായി ഏതാനും ബട്ടണുകള്‍ നല്‍കി. 146 എംഎം, 247 എംഎം, 155 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 2.5 കിലോഗ്രാമാണ് ഭാരം.