Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ കോവിഡ്-19ന്റെ അതിവേഗ വ്യാപനത്തിന് കാരണമെന്ത്, മൂന്ന് സാധ്യതകളുമായി വിദഗ്ധര്‍

1 min read

ദിവസങ്ങള്‍ കൊണ്ടാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചത്

കോവിഡിന്റെ രണ്ടാംതരംഗത്തില്‍ സ്തംഭിച്ചിരിക്കുകയാണ് രാജ്യം. ദിവസങ്ങള്‍ കൊണ്ടാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഒന്നര ലക്ഷത്തിലേറെ പുതിയ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്രയും രാജ്യതലസ്ഥാനമായ ഡെല്‍ഹിയും മറ്റൊരു സമ്പൂര്‍ണ അടച്ചിടലിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഏറെക്കുറെ വിജയം കണ്ട ഇന്ത്യ വളരെ പെട്ടന്നാണ് രണ്ടാംതരംഗത്തിന് മുന്നില്‍ നില തെറ്റി വീണത്. എന്തുകൊണ്ടാണ് ഇന്ത്യയില്‍ പ്രതിദിന കേസുകള്‍ ഇങ്ങനെ കുതിച്ചുയരുന്നതെന്ന സംശയമാണ് ഇപ്പോള്‍ പലര്‍ക്കുമുള്ളത്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് ശാസ്ത്രലോകം ഇതിന് നല്‍കുന്നത്.

 

ജനിതക വ്യതിയാനങ്ങള്‍

അതിവേഗത്തിലുള്ള പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ ഒരു കാരണമായി ശാസ്ത്രലോകം കരുതുന്നത് ജനിതക വ്യതിയാനം സംഭവിച്ച, വിദേശത്ത് നിന്ന് വന്നതും ഇന്ത്യയില്‍ വച്ച് തന്നെ രൂപമാറ്റം സംഭവിച്ചതുമായ പുതിയ വകഭേദങ്ങളുടെ സാന്നിധ്യമാണ്. ഇതില്‍ ഇരട്ട വ്യതിയാനം സംഭവിച്ച പുതിയൊരു വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ 15-20 ശതമാനം കേസുകളിലും ഈ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ശതമാനം ഇനിയും ഉയര്‍ന്നാല്‍ മഹാരാഷ്ട്രയിലെ തീവ്ര രോഗ വ്യാപനത്തിന് പിന്നില്‍ ഈ വകഭേദമാണെന്ന് കരുതേണ്ടി വരുമെന്ന് വിദഗ്ധര്‍ പറയുന്നു.

  സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.പ്രവേശനം: മെയ് അഞ്ച് വരെ അപേക്ഷിക്കാം

ഈ വകഭേദത്തിന് പുറമേ, യുകെയിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ആദ്യമായി കണ്ടെത്തിയ വകഭേദങ്ങളും ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും പഞ്ചാബിലും ഉള്ള ആളുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി കഴിഞ്ഞ മാസം തന്നെ ദേശീയ രോഗ നിവാരണ കേന്ദ്രം (എന്‍സിഡിസി) വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പത്തോളം ലബോറട്ടറികളുടെ കൂട്ടായ്മയായ ഇന്ത്യന്‍ SARS-CoV-2 കണ്‍സോര്‍ഷ്യം നടത്തിയ ജീനോം സീക്വന്‍സിംഗില്‍ ഈ വകഭേദത്തില്‍ രണ്ട് വ്യതിയാനങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇരട്ട വ്യതിയാനമെന്നാണ് ഗവേഷകര്‍ ഇതിനെ വിലയിരുത്തുന്നത്. യുകെ വകഭേദത്തിന് മറ്റുള്ളവയെ അപേക്ഷിച്ച് 50 ശതമാനം വ്യാപന ശേഷി കൂടുതലാണെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഇരട്ട വ്യതിയാനത്തിലെ ഒരു വ്യതിയാനം മൂലം അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രോഗ വ്യാപനം കൂടിയതായും റിപ്പോര്‍ട്ടുണ്ട്.

 

ജാഗ്രതക്കുറവ്

പകര്‍ച്ചവ്യാധിക്കെതിരായ ജാഗ്രതയില്‍ വീഴ്ച സംഭവിച്ചുവെന്നതാണ് രോഗവ്യാപനം പെട്ടന്ന് കൂടാനുള്ള മറ്റൊരു കാരണമായി വിദഗ്ധര്‍ കരുതുന്നത്. സര്‍ക്കാരും പലതവണ ഇക്കാര്യം അടിവരയിട്ട് സൂചിപ്പിച്ചിട്ടുണ്ട്. കോവിഡ് മര്യാദകളും മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ ഇനിയും വീഴ്ച വരുത്തരുതെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് മറ്റെല്ലാ സാഹചര്യങ്ങളും മാറിയപ്പോള്‍ പകര്‍ച്ചവ്യാധിയെ ഭയക്കേണ്ടതില്ലെന്ന അലസ മനോഭാവം ജനങ്ങളില്‍ ഉടലെടുത്തു. ആദ്യ തരംഗത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ട വേഗതയിലാണ് ഇത്തവണ രോഗം വ്യാപിക്കുന്നത്. വകഭേദങ്ങളാണ് അതിനുള്ള ഒരു കാരണമെങ്കില്‍ ജനങ്ങളുടെ ജാഗ്രതക്കുറവാണ് അടുത്ത കാരണം.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുകയാണ് ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. പല കാരണങ്ങള്‍ കൊണ്ടും ആരോഗ്യ പ്രവര്‍ത്തകും മുന്‍നിര പോരാളികളുമടക്കം യോഗ്യതയുള്ളവര്‍ വാക്‌സിനേഷനില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. മാര്‍ച്ച് തുടക്കത്തില്‍ പ്രതിദിന കേസുകളിലെ വര്‍ധന ആരംഭിച്ചെങ്കില്‍ പോലും അറുപത് വയസ് പിന്നിട്ടവരില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രതീക്ഷിച്ചത്ര ആവേശം പ്രകടമായിരുന്നില്ല. ജനസംഖ്യയുടെ കേവലം 0.7 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിരിക്കുന്നത്. 5 ശതമാനം ആളുകള്‍ക്ക് ഒരു ഡോസ് ലഭിച്ചു. ഇത് വളരെ കുറവാണെന്നും ഇതുമൂലം രോഗവ്യാപനത്തില്‍ കാര്യമായ കുറവുണ്ടാകില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

പ്രതിരോധ ശേഷി നഷ്ടമാകുന്നു

ഇവ കൂടാതെ, കോവിഡ്-19 ബാധിച്ച 20 മുതല്‍ 30 ശതമാനം വരെ ആളുകള്‍ക്ക് രോഗം വന്ന് ആറ് മാസങ്ങള്‍ക്ക് ശേഷം രോഗ പ്രതിരോധ ശേഷി നഷ്ടമായതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റെഗ്രേറ്റീവ് ബയോളജി (ഐജിഐബി)യുടെ പഠനം പറയുന്നു. കോവിഡ്-19 വന്നുപോയവര്‍ക്ക് വീണ്ടും രോഗം വരാനുള്ള ഒരു കാരണമായി ഇതും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏപ്രില്‍ പകുതിയോടെ നിലവിലെ രണ്ടാംതംരംഗം മൂര്‍ധന്യാവസ്ഥയില്‍ എത്തുമെന്നാണ് ഐഐടി കാണ്‍പൂരിലെ ശാസ്ത്രദജ്ഞര്‍ പറയുന്നത്. അതിനുശേഷം രോഗവ്യാപനം കുറയുമെന്നും മേയ് അവസാനത്തോടെ രണ്ടാം തംരംഗത്തിന്റെ ശക്തി കുറയുമെന്നുമാണ് അവരുടെ അനുമാനം.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

ചൊവ്വാഴ്ച പുലര്‍ച്ചെ അവസാനിച്ച 24 മണിക്കൂറില്‍ 161,736 പുതിയ കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 13.68 ദശലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസം 879 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ്-19 ബാധിച്ച് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 171,058 ആയി. മഹാരാഷ്ട്രയിലും ഡെല്‍ഹിയിലുമാണ് രണ്ടാംതരംഗം ശക്തമായി പിടിമുറുക്കിയിരിക്കുന്നത്. ഡെല്‍ഹിയില്‍ ചൊവ്വാഴ്ച പുലര്‍ച്ച വരെ 11,491 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്.

Maintained By : Studio3