കൊച്ചിൻ ഷിപ്പിയാർഡ് അതിർത്തിരക്ഷാ സേനയ്ക്ക് മൂന്ന് യാനങ്ങൾ കൈമാറി
ന്യൂ ഡൽഹി: തുറമുഖ-കപ്പൽ-ജലപാത മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, മൂന്ന് ഫ്ലോട്ടിങ് ബോർഡ് ഔട്ട്-പോസ്റ്റ് യാനങ്ങൾ (FBOPs) രണ്ടാം സെറ്റ് അതിർത്തി സുരക്ഷാ സേനക്ക് വിജയകരമായി കൈമാറി. രാജ്യത്തിന്റെ ജല അതിർത്തികളെ സംരക്ഷിക്കുന്നതിനായി ഇത്തരത്തിലുള്ള ഒമ്പത് യാനങ്ങൾ നിർമ്മിച്ചു നൽകാനാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് ഓർഡർ ലഭിച്ചത്. വരും മാസങ്ങളിൽ ഇത്തരത്തിലുള്ള മൂന്ന് യാനങ്ങൾ കൂടി കൈമാറും.
അതിർത്തി രക്ഷാസേനയുടെ ജല വിഭാഗത്തിനായി, ഒമ്പത് FBOP-കളുടെ രൂപകല്പന, നിർമ്മാണം, വിതരണം എന്നിവയ്ക്കായി 2019 മാർച്ചിലാണ് ആഭ്യന്തര മന്ത്രാലയം ഓർഡറുകൾ നൽകിയത്. 46 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ളവയാണ് ഓരോ FBOP യും. രാജ്യത്തിന്റെ ഉൾനാടൻ ജല മേഖലകളിൽ, പ്രത്യേകിച്ചും ഗുജറാത്തിലെ കച്ചിലെ അരുവി പ്രദേശങ്ങൾ, പശ്ചിമ ബംഗാളിലെ സുന്ദർബൻ മേഖല എന്നിവിടങ്ങളിൽ വിന്യസിക്കുന്നതിനായി രൂപകല്പന ചെയ്യപ്പെട്ടവയാണ് ഇവ.
4 അതിവേഗ നിരീക്ഷണ ബോട്ടുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഇത്തരത്തിലുള്ള എല്ലാ യാനങ്ങളിലും ഒരുക്കിയിട്ടുണ്ട്. അതിവേഗ നിരീക്ഷണ ബോട്ടുകൾക്കുള്ള ഫ്ലോട്ടിങ് ബേസ് ആയും ഇത്തരത്തിലുള്ള യാനങ്ങൾ പ്രവർത്തിക്കും. ചെറു യാനങ്ങൾക്ക് ആവശ്യമായ പെട്രോൾ, ശുദ്ധജലം, മറ്റ് സാമഗ്രികൾ എന്നിവ വിതരണം ചെയ്യാനും ഇവ ഉപയോഗപ്പെടുത്തും.