ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ നാൽപ്പതാം ബിരുദദാനച്ചടങ്ങ് മെയ് 4ന് നടക്കും. അച്യുത മേനോൻ സെൻ്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30നാണ് ചടങ്ങ്. ഏഴാമത് ജി പാർത്ഥസാരഥി സ്മാരക പ്രഭാഷണവും ചടങ്ങിനൊപ്പം സംഘടിപ്പിക്കും. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അഭയ് കരന്തികർ, ഹെൽത്ത് റിസർച്ച് വകുപ്പ് സെക്രട്ടറിയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറലുമായ ഡോ. രാജീവ് ബാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും നിതി ആയോഗ് അംഗവുമായ ഡോ. വിജയ് കുമാർ സരസ്വത് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ബിരുദ സർട്ടിഫിക്കറ്റുകൾ കൈമാറുകയും ചെയ്യും. നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൻ്റെ പ്രസിഡൻ്റും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലറി സയൻസസ് ഡയറക്ടറുമായ ഡോ. ശിവ് കുമാർ സരിൻ ചടങ്ങിനോടനുബന്ധിച്ച് ഏഴാമത് ജി പാർത്ഥസാരഥി സ്മാരക പ്രഭാഷണം നടത്തും.