October 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എസ്.സി-എസ്.ടി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങൾക്കായി തിരുവനന്തപുരത്ത് സ്റ്റാര്‍ട്ടപ്പ് സിറ്റി

1 min read

Person using tablet

തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി (കെ.എസ്.യു.എം) ചേര്‍ന്ന് ഉന്നതി (കേരള എംപവര്‍മെന്‍റ് സൊസൈറ്റി) തിരുവനന്തപുരത്ത് സ്റ്റാര്‍ട്ടപ്പ് സിറ്റി സ്ഥാപിക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബികയും എസ്.സി-എസ്.ടി പിന്നാക്ക ക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയും എംപവര്‍മെന്‍റ് സൊസൈറ്റി സി.ഇ.ഒയുമായ പ്രശാന്ത് നായരും ഒപ്പുവച്ചു. പിന്നാക്ക വിഭാഗങ്ങളിലെ ചെറുപ്പക്കാരെ സംരംഭകരും തൊഴില്‍ദാതാക്കളുമായി മാറ്റുക എന്നത് പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുമെന്നതു മാത്രമല്ല, സമൂഹത്തിലെ സ്ഥാനത്തിനു കൂടിയാണ് മാറ്റമുണ്ടാകുന്നത്. ഉന്നതി സ്റ്റാര്‍ട്ടപ്പ് സിറ്റിയുടെ ഭാഗമായി പിന്നാക്ക വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ കൂടുതല്‍ ചെറുപ്പക്കാരെ കണ്ടെത്തി മുന്നോട്ടു കൊണ്ടുവരണം. സാങ്കേതികവിദ്യ മാത്രമല്ലാതെ മറ്റു സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്താനാകണം. ആദിവാസി മേഖലകളിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത വസ്തുക്കളാക്കി മാറ്റാനും ഇതിന് വിപണി കണ്ടെത്താനുമുള്ള സാധ്യതകള്‍ തേടണം. പിന്നാക്ക മേഖലകളിലെ അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന കാഴ്ചപ്പാട് ഉന്നതിക്കുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച 11.2 ശതമാനം: എന്‍എസ്ഇ

തിരുവനന്തപുരം മണ്ണന്തലയില്‍ എസ്.സി-എസ്.ടി വകുപ്പിന്‍റെ ഉടമസ്ഥതിയിലുള്ള 10 ഏക്കറില്‍ 5000 ചതുരശ്ര അടി സ്ഥലത്താണ് ഉന്നതി സ്റ്റാര്‍ട്ടപ്പ് സിറ്റിയായി വികസിപ്പിക്കുക. ഐ.ടി, ഇലക്ട്രോണിക്സ്, കൃഷി, വിനോദസഞ്ചാരം, പൊതുസേവനം തുടങ്ങിയ മേഖലകളില്‍ പിന്നാക്ക വിഭാഗങ്ങളിലെ സംരംഭകര്‍ക്ക് ഇന്‍കുബേഷന്‍ സൗകര്യങ്ങളും പിന്തുണയും നല്‍കും.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ സുഗമമായി നടപ്പിലാക്കാന്‍ ഈ സഹകരണം സഹായിക്കുമെന്ന് പ്രശാന്ത് നായര്‍ പറഞ്ഞു. എസ്.സി-എസ്.ടി വിഭാഗങ്ങളില്‍ നിന്ന് സംരംഭകരെ ഉയര്‍ന്നുവരാന്‍ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ഉത്തരവാദിത്ത ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിനായി 6.64 കോടി

കെഎസ് യുഎമ്മിന്‍റെ പിന്തുണയോടെ പരിശീലന, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ് പരിപാടികള്‍ നടത്താന്‍ ഈ കരാര്‍ സഹായിക്കുമെന്ന് അനൂപ് അംബിക പറഞ്ഞു. മികച്ച തൊഴില്‍ ഇടങ്ങള്‍, അതിവേഗ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി, ഉല്‍പ്പാദനക്ഷമമായ തൊഴില്‍ അന്തരീക്ഷത്തിനായുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുന്നതിന് കെ.എസ്.യു.എം ഉന്നതിക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജോയിന്‍റ് ഡയറക്ടര്‍ മുരളി എം. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പിന്നാക്ക വിഭാഗങ്ങളിലെ ചെറുപ്പക്കാരുടെ വിദ്യാഭ്യാസ, തൊഴില്‍, സംരംഭക മുന്നേറ്റത്തിനായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഉന്നതിയിലെ പ്രധാന പങ്കാളിത്തം (51% ഉം അതില്‍ കൂടുതലും) പട്ടികജാതി, പട്ടികവര്‍ഗ സമുദായ അംഗങ്ങള്‍ക്ക് ആയിരിക്കും.

  ഗ്രാമീണ മേഖലയില്‍, 15-24 വയസ് പ്രായമുള്ളവരില്‍, 82.1% പേര്‍ക്കും ഇന്റര്‍നെറ്റ് പ്രാപ്യമാകുന്നു

മികച്ച പ്രവര്‍ത്തനം, ഏകീകൃത ബ്രാന്‍ഡിംഗ്, വിപണനം, വില്‍പ്പന എന്നിവയ്ക്കായി എസ്.സി/എസ്.ടി സംരംഭകരുടെയും സഹകരണ സംഘങ്ങളുടെയും ഏകീകരണം, സഹകരണം, സംയോജനം എന്നിവയ്ക്ക് കെ.എസ്.യു.എം-ഉന്നതി കരാര്‍ സഹായകമാകും. ബിസിനസിന്‍റെ കാര്യക്ഷമതയും വ്യാപ്തിയും വര്‍ധിപ്പിക്കാനും വഴിയൊരുക്കും. എസ്സി എസ്ടി വിഭാഗത്തിന്‍റെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനായി സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കുക, മികച്ച സംരംഭകരെ കണ്ടെത്തുക, സാങ്കേതിക സേവനങ്ങള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. നിലവിലുള്ള ബിസിനസുകള്‍ നവീകരിക്കാനും സംരംഭകര്‍ക്ക് വായ്പാ സൗകര്യങ്ങള്‍ ലഭ്യമാക്കാനും കരാര്‍ സഹായിക്കും. നൈപുണ്യ-സംരംഭകത്വ വികസന പരിപാടികള്‍, നേതൃത്വ ശില്‍പശാലകള്‍, മെന്‍റര്‍ഷിപ്പ്, നിക്ഷേപക സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി നടത്തും.

Maintained By : Studio3