ഇന്ധന കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയെന്ന് സൗദി അറേബ്യ
1 min readസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം നടപടി എടുക്കണമന്നെ് സൗദി മന്ത്രിസഭ
റിയാദ്: രാജ്യത്തെ ഇന്ധന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദി ആക്രമണങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സൗദി മന്ത്രിസഭയുടെ മുന്നറിയിപ്പ്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സൗദി അറേബ്യയിലെ ഇന്ധന മേഖലകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന അഭിപ്രായം പങ്കുവെച്ചത്. ഇത്തരം ആക്രമണങ്ങള്‍ തടുക്കുന്നതിനും ഊര്‍ജ വിതരണത്തിലെ സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള വഴികള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.
രാജ്യത്തെ ഇന്ധന മേഖലകളെ സംരക്ഷിക്കുന്നതിനും ആഗോള ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനും സൗദി കൈക്കൊണ്ടിട്ടുള്ള വിവിധ നടപടികള്‍ മന്ത്രിസഭ പരിശോധിച്ചു. എണ്ണക്കയറ്റുമതിയും ആഗോള വ്യാപാരവും സംരക്ഷിക്കുന്നതിനുള്ള വഴികളും മാരിടൈം സുരക്ഷയും യോഗത്തില്‍ ചര്‍ച്ചയായി. റാസ് തനൂറ തുറമുഖവും ദഹ്രാനിലെ അരാംകോയുടെ പാര്‍പ്പിട മേഖലയും ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രണ്ട് ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയം കരാറുകളുടെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രിസഭ വിലയിരുത്തി. പ്രധാന സ്ഥാപനങ്ങളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമാക്കി നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ നിലപാടെടുക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും ആഗോള സംഘടനകളോടും സൗദി ആവശ്യപ്പെട്ടു.
സൗദി ജനതയ്ക്ക് നേരെയും പൊതു സ്ഥാപനങ്ങള്‍ക്ക് നേരെയും ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികള്‍െ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി മജീദ് അല്‍-ഖസബി ആവശ്യപ്പെട്ടു. ഇക്കാര്യം ഐക്യരാഷ്ട്ര സഭയെ അറിയിക്കാന്‍ സുരക്ഷ സമിതിയിലെ സ്ഥിരാംഗങ്ങളായ സൗദി പ്രതിനിധികളോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. യെമനില്‍ രാഷ്ട്രീയപരമായ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്ന യുഎന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഇത്തരം ആക്രമണങ്ങളെന്നും ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന അറബ് മന്ത്രിമാരുടെ യോഗവും മന്ത്രിസഭ വിലയിരുത്തി. ഇറാനുമായുള്ള പ്രശ്‌നങ്ങളുടെ നിലവിലെ അവസ്ഥകളും അറബ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ നേരിടുന്നതിനുള്ള വഴികളും മന്ത്രിസഭ ചര്‍ച്ച ചെയ്തു. അറബ് മേഖലയുടെ വിഷയങ്ങളില്‍ ഇറാന്‍ നടത്തുന്ന കൈകടത്തലുകളിലും അറബ് രാജ്യങ്ങളെ കുറിച്ച് ഇറാന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകളിലും സൗദി മന്ത്രിസഭ ഖേദം രേഖപ്പെടുത്തി. അന്താരാഷ്ട്ര സമാധാനത്തിലും സുരക്ഷയ്ക്ക് ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം നടപടി സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
കെയ്‌റോയില്‍ നടന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ 155ാമത് യോഗം സംബന്ധിച്ച വിലയിരുത്തലുകളും മന്ത്രിസഭ യോഗത്തില്‍ നടന്നു. പലസ്തീന്‍ പ്രശ്‌നങ്ങള്‍ തന്നെയാണ് അറബ് മേഖലയുടെ മുന്‍ഗണനാ വിഷയങ്ങളില്‍ പ്രധാനമെന്ന് മന്ത്രിസഭ വ്യക്തമാക്കി. അറബ് ഭൂമികളുടെ ഐക്യത്തിലും പരമാധികാരത്തിലും ഏകതയിലുമുള്ള സൗദിയുടെ താല്‍പ്പര്യം മന്ത്രിസഭായോഗത്തില്‍ ആവര്‍ത്തിച്ചു. പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണി ഉയത്തുന്ന ലംഘനങ്ങള്‍ നടത്തില്ലെന്നും മേഖലയിലെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയപരമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയ സൗദി മന്ത്രിസഭ ജോയിന്റ് അറബ് ആക്ഷന്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ചര്‍ച്ച നടത്തി.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവുമായും ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദുമായും മലേഷ്യന്‍ പ്രധാനമന്ത്രി മുഹൈദീന്‍ യാസ്സിനുമായും സുഡാന്‍ പ്രധാനമന്ത്രി അബ്ദുള്ള ഹംദോകുമായും നടത്തിയ യോഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും മന്ത്രിസഭാ യോഗത്തില്‍ നടന്നു. സൗദിയിലെയു അറബ് ലോകത്തൈയും വികസനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് അറബ് ഡെവലപ്‌മെന്റ് ആക്ഷന്‍ ഷീല്‍ഡ് 2021 സമ്മാനിച്ചതില്‍ മന്ത്രിസഭ അറബ് ലീഗിന് നന്ദി അറിയിച്ചു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു