കഴിഞ്ഞ വര്‍ഷം പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം സ്വന്തമാക്കിയത് സൗദി അറേബ്യ
2020ല്‍ 10.4 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് സൗദിയില്‍ എത്തിയത്
റിയാദ്: പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപമെത്തിയത് സൗദി അറേബ്യയിലേക്ക്. മേഖലയിലേക്ക് കഴിഞ്ഞ വര്‍ഷമെത്തിയ ആകെ വിദേശ നിക്ഷേപത്തിന്റെ പതിനെട്ട് ശതമാനമാണ് സൗദിയിലേക്ക് ഒഴുകിയത്. അതേസമയം എഫ്ഡിഐ (നേരിട്ടുള്ള വിജേശ നിക്ഷേപം) പ്രോജക്ടുകളുടെ എണ്ണത്തില്‍ മേഖലയില്‍ യുഎഇ ഒന്നാമതെത്തി.
എഫ്ഡിഐ പ്രോജക്ടുകളുടെ എണ്ണത്തില്‍ സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം 49 ശതമാനം ഇടിവ് നേരിട്ടു. 10.4 ബില്യണ്‍ ഡോളറിന്റെ 73 എഫ്ഡിഐ പ്രോജക്ടുകളാണ് സൗദിയില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ എഫ്ഡിഐ ഇന്റെലിജന്‍സ് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യ വടക്കന്‍ ആഫ്രിക്ക മേഖലില്‍ കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്ത എഫ്ഡിഐ പ്രോജക്ടുകളുടെ എണ്ണം 1,031 ആണ്. 2019ല്‍ ഇത് 1,795 ആയിരുന്നു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ ആഘാതമാണ് എഫ്ഡിഐ ഒഴുക്കിനെ ബാധിച്ചത്.
പുതിയ വിദേശ നിക്ഷേപ പദ്ധതികളുടെ എണ്ണത്തില്‍ മേഖലയില്‍ യുഎഇ ഒന്നാമതെത്തി. ആകെ 327 പ്രോജക്ടുകളാണ് യുഎഇയില്‍ രേഖപ്പെടുത്തിയത്. എഫ്ഡിഐ മൂല്യത്തില്‍ രണ്ടാം സ്ഥാനമാണ് യുഎഇക്ക്. 9 ബില്യണ്‍ ഡോളറിന്റെ എഫ്ഡിഐ ആണ് യുഎഇ കഴിഞ്ഞ വര്‍ഷം ആകര്‍ഷിച്ചത്. അതേസമയം ഈജിപ്തിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കില്‍ കഴിഞ്ഞ വര്‍ഷം കാര്യമായ കുറവുണ്ടായി. 2019ല്‍ 12.2 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം നേടിയിരുന്ന ഈജിപ്ത് കഴിഞ്ഞ വര്‍ഷം കേവലം 1.3 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ആകര്‍ഷിച്ചത്. പുതിയ എഫ്ഡിഐ പ്രോജക്ടുകളുടെ എണ്ണത്തിലും ഈജിപ്തില്‍ 70 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. എഫ്ഡിഐ പ്രോജക്ടുകളിലൂടെയുണ്ടാകുന്ന പുതിയ തൊഴിലുകളുടെ എണ്ണത്തിലും 76 ശതമാനം കുറവുണ്ടായി.
അതേസമയം വിദേശ നിക്ഷേപം നടത്തുന്നതില്‍ പശ്ചിമേഷ്യയില്‍ യുഎഇ ഒന്നാമതെത്തി. 148 പ്രോജക്ടുകളിലായി 5.9 ബില്യണ്‍ ഡോളറാണ് യുഎഇ വിദേശങ്ങളില്‍ നിക്ഷേപിച്ചത്.42 പ്രോജക്ടുകളിലൂടെ 3 ബില്യണ്‍ ഡോളര്‍ വിദേശങ്ങളില്‍ നിക്ഷേപിച്ച സൗദി അറേബ്യയാണ് രണ്ടാംസ്ഥാനത്ത്.