ക്ലൈമറ്റ് പ്ലെഡ്ജിന്‍റെ ഭാഗമായി യു എസ് ടി
1 min readതിരുവനന്തപുരം: കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനും കാര്‍ബണ്‍ രഹിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനുമുള്ള ആഗോള കമ്പനികളുടെ കൂട്ടായ്മയായ ക്ലൈമറ്റ് പ്ലെഡ്ജില്‍ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ഒപ്പു വെച്ചു. .ആമസോണും ഗ്ലോബല്‍ ഒപ്റ്റിമിസവും ചേര്‍ന്നാണ് ഇതിന് രൂപം കൊടുത്തത്. പരിസ്ഥിതി സൗഹൃദ ഭാവിക്ക് വേണ്ടി രൂപം കൊടുത്ത ഈ ബിസ്നസ് കമ്മ്യൂണിറ്റിയില്‍ ലോകത്തെ നൂറിലേറെ പ്രമുഖ കമ്പനികള്‍ അംഗങ്ങളാണ്.
2050-ഓടെ കാര്‍ബണ്‍ രഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പാരിസ് ഉടമ്പടിക്ക് പത്തുവര്‍ഷം മുമ്പേ, 2040-ല്‍ തന്നെ ലക്ഷ്യം കൈവരിക്കാനാണ് ക്ലൈമറ്റ് പ്ലെഡ്ജ് ശ്രമിക്കുന്നത്.
കൂട്ടായ്മയുടെ ഭാഗമാകുന്നതിലൂടെ സുസ്ഥിരത എന്ന ആശയത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് തങ്ങള്‍ പ്രകടമാക്കുന്നതെന്ന് യു എസ് ടി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പ്രതിവര്‍ഷം ശരാശരി 2 ശതമാനം അറ്റ ലാഭം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി നീക്കിവെക്കുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി കാര്‍ബണ്‍ രഹിത ലക്ഷ്യവുമായാണ് കമ്പനി മുന്നോട്ടു പോകുന്നത്.
1999-ലെ തുടക്കം മുതല്‍, സിഎസ്ആര്‍ പദ്ധതികളിലൂടെ സാമൂഹ്യ ഉന്നമനം ലാക്കാക്കി, ലോകത്തെ ക്രിയാത്മകമായി സ്വാധീനിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. മരങ്ങള്‍ നട്ടുപിടിപ്പിക്കലും കണ്ടല്‍ക്കാടുകള്‍ പുന:സ്ഥാപിക്കലും പ്രകൃതിദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തനവും പുനരധിവാസ പ്രവര്‍ത്തനങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും.