കൊവിഡ് വാക്‌സിനേഷന്‍ : പത്ത് ലക്ഷം എല്‍ഡിഎസ് സിറിഞ്ചുകള്‍ സാംസംഗ് ഇറക്കുമതി ചെയ്തു
1 min read
ദക്ഷിണ കൊറിയയില്‍നിന്ന് വിമാനമാര്‍ഗം എത്തിച്ചു
ന്യൂഡെല്‍ഹി: ഇന്ത്യയുടെ കൊവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് പിന്തുണയുമായി പത്ത് ലക്ഷം നൂതന ലോ ഡെഡ് സ്‌പേസ് (എല്‍ഡിഎസ്) സിറിഞ്ചുകള്‍ സാംസംഗ് ഇറക്കുമതി ചെയ്തു. ഇന്‍ജെക്ഷന്‍ എടുത്തു കഴിയുമ്പോള്‍ സിറിഞ്ചില്‍ ബാക്കിയാകുന്ന മരുന്നിന്റെ അളവ് കുറയ്ക്കുന്നതും അതുവഴി വാക്‌സിന്‍ പാഴാകുന്നത് കുറയ്ക്കുന്നതുമാണ് എല്‍ഡിഎസ് സിറിഞ്ചുകള്‍. അതിനാല്‍ അതേ അളവ് വാക്‌സിന്‍ ഉപയോഗിച്ച് 20 ശതമാനം പേര്‍ക്ക് കൂടുതലായി ഡോസ് നല്‍കാന്‍ കഴിയും.
ദക്ഷിണ കൊറിയയില്‍നിന്ന് വിമാനമാര്‍ഗം എത്തിച്ച എല്‍ഡിഎസ് സിറിഞ്ചുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറി. ഇതില്‍നിന്ന് ലഖ്‌നൗ, നോയ്ഡ ജില്ലാ ഭരണകൂടങ്ങള്‍ക്ക് 3,25,000 വീതം സിറിഞ്ചുകള്‍ വിതരണം ചെയ്യും. മാത്രമല്ല, തമിഴ്‌നാട്ടിലെ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന് 3,50,000 എല്‍ഡിഎസ് സിറിഞ്ചുകള്‍ വൈകാതെ കൈമാറും. ഈ സിറിഞ്ചുകള്‍ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കും.
എല്‍ഡിഎസ് സിറിഞ്ചുകളുടെ പിന്നിലെ ടെക്‌നോളജി 20 ശതമാനം വരെ കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് ഇപ്പോഴുള്ള സിറിഞ്ചുകള്‍ക്ക് ഒരു മില്യണ്‍ ഡോസ് നല്‍കാനാണ് കഴിയുന്നതെങ്കില്‍ അതേ അളവ് വാക്‌സിന്‍ കൊണ്ട് എല്‍ഡിഎസ് സിറിഞ്ചുകള്‍ക്ക് 1.2 മില്യണ്‍ ഡോസുകള്‍ നല്‍കാനാകും. ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാന്‍ ഈ സിറിഞ്ചുകളുടെ നിര്‍മാതാക്കളെ സാംസംഗ് സഹായിച്ചിരുന്നു. പരമാവധി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ഈ നൂതന സിറിഞ്ച് അമേരിക്ക ഉള്‍പ്പെടെയുള്ള ഏതാനും വിപണികളില്‍ ഉപയോഗത്തിനായി നല്‍കിയിരുന്നു.
ഈ പ്രതിസന്ധി ഘട്ടത്തില്‍ രാഷ്ട്രത്തിനൊപ്പം സാംസംഗ് ശക്തമായി നിലകൊള്ളുന്നതായി സാംസംഗ് ഇന്ത്യ സിഎസ്ആര്‍ വൈസ് പ്രസിഡന്റും മേധാവിയുമായ പാര്‍ത്ഥ ഘോഷ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളില്‍ സര്‍ക്കാരുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ഓക്‌സിജന്‍ സിലിണ്ടറുകളും നല്‍കിയിരുന്നു. ഇത്തരം സാമഗ്രികള്‍ കൂടുതല്‍ വാങ്ങാനായി സാമ്പത്തിക സഹായം നല്‍കുന്നതിലും സാംസംഗ് ശ്രദ്ധിച്ചു.