‘യൂത്ത്’ ഓഫര്‍ : ആമസോണ്‍ പ്രൈം അംഗത്വത്തിന് അമ്പത് ശതമാനം ഇളവ്
18 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ളവര്‍ വരിക്കാരായി ചേരുമ്പോള്‍ 500 രൂപ വരെ കാഷ്ബാക്ക് ലഭിക്കും
ന്യൂഡെല്‍ഹി: ഇന്ത്യയിലെ പുതിയ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കായി ‘യൂത്ത്’ ഓഫര്‍ പ്രഖ്യാപിച്ചു. 18 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ളവര്‍ വരിക്കാരായി ചേരുമ്പോള്‍ 500 രൂപ വരെ കാഷ്ബാക്ക് ലഭിക്കുന്നതാണ് ഈ ഓഫര്‍. മൂന്ന് മാസത്തെ അല്ലെങ്കില്‍ വാര്‍ഷിക അംഗത്വം എടുക്കുന്നവര്‍ക്ക് ഓഫര്‍ ലഭിക്കും. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമായാണ് പുതിയ ഓഫര്‍ അവതരിപ്പിച്ചത്. ഡെസ്‌ക്‌ടോപ്പ്, ഐഒഎസ് ആപ്പ് വഴി ശ്രമിക്കുന്നവര്‍ക്ക് ലഭിക്കില്ല. സൗജന്യ ഡെലിവറി കൂടാതെ ആമസോണ്‍ പ്രൈം വീഡിയോ, ആമസോണ്‍ മ്യൂസിക് തുടങ്ങിയവ ഉപയോഗിക്കാനുള്ള അവസരമാണ് ആമസോണ്‍ പ്രൈം വരിക്കാര്‍ക്ക് ലഭിക്കുന്നത്.
പുതിയ ഓഫര്‍ അനുസരിച്ച്, ഇന്ത്യയില്‍ വാര്‍ഷിക പ്രൈം അംഗത്വത്തിന് 499 രൂപയും മൂന്നുമാസ അംഗത്വത്തിന് 164 രൂപയും നല്‍കിയാല്‍ മതിയെന്ന് ഇ കൊമേഴ്‌സ് ഭീമന്‍ പറയുന്നു. എന്നാല്‍ 18 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഈ ‘യൂത്ത്’ ഓഫര്‍. ആന്‍ഡ്രോയ്ഡ് ആപ്പിലൂടെയും മറ്റെല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ മൊബീല്‍ ബ്രൗസര്‍ വേര്‍ഷനിലൂടെയും യൂത്ത് ഓഫര്‍ നേടാം. ഐഒഎസ് ആപ്പിലൂടെ ഓഫര്‍ ലഭിക്കില്ല. മൊബീല്‍ ബ്രൗസറിലൂടെ ആമസോണ്‍ ആപ്പില്‍ ലോഗ് ഇന്‍ ചെയ്ത് യൂത്ത് ഓഫര്‍ പ്രയോജനപ്പെടുത്താം.
മൂന്നുമാസ, വാര്‍ഷിക അംഗത്വത്തിന് യഥാക്രമം 329 രൂപയും 999 രൂപയുമാണ് ആമസോണ്‍ ഉപയോക്താക്കള്‍ അടയ്‌ക്കേണ്ടത്. വയസ്സ് തെളിയിക്കുന്ന രേഖ അപ്‌ലോഡ് ചെയ്തശേഷം കാഷ്ബാക്ക് ലഭിക്കും. ഒരു ഐഡി പ്രൂഫ്, ഒരു സെല്‍ഫി എന്നിവയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. നിങ്ങളുടെ വയസ്സ് ബോധ്യപ്പെട്ടാല്‍, വാര്‍ഷിക അംഗത്വത്തിന് 500 രൂപയും മൂന്നുമാസ അംഗത്വത്തിന് 165 രൂപയും 48 മണിക്കൂറിനുള്ളില്‍ ആമസോണ്‍ പേ ബാലന്‍സ് എക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. ആമസോണില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് ഈ തുക ഉപയോഗിക്കാം. ഇന്ത്യയില്‍ 129 രൂപ നല്‍കിയുള്ള പ്രതിമാസ പ്രൈം അംഗത്വ പദ്ധതി ആമസോണ്‍ ഈയിടെ നിര്‍ത്തിയിരുന്നു.