പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ 2021 ഹിമാലയന്‍

2021 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.01 ലക്ഷം രൂപ മുതലാണ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. നിലവിലെ ഗ്രാവല്‍ ഗ്രേ, ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നിവ കൂടാതെ പൈന്‍ ഗ്രീന്‍, മിറാഷ് സില്‍വര്‍, ഗ്രാനൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളിലും 2021 ഹിമാലയന്‍ ലഭിക്കും. കെടിഎം 250 അഡ്വഞ്ചര്‍, ബിഎംഡബ്ല്യു ജി 310 ജിഎസ് എന്നിവയാണ് ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.
‘ട്രിപ്പര്‍’ നാവിഗേഷനാണ് പുതിയ ഹിമാലയന്‍ ഏറ്റുവാങ്ങിയ വലിയ പരിഷ്‌കാരങ്ങളിലൊന്ന്. മീറ്റിയോര്‍ 350 മോട്ടോര്‍സൈക്കിളിലാണ് ട്രിപ്പര്‍ നാവിഗേഷന്‍ അരങ്ങേറിയത്. ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുന്ന ‘ട്രിപ്പര്‍’ ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ കാഴ്ച്ചവെയ്ക്കും.
മുന്‍ഗാമിയില്‍നിന്ന് വ്യത്യസ്തമായി ടാങ്ക് ഗാര്‍ഡുകളുടെ ഡിസൈന്‍ അല്‍പ്പമൊന്ന് പരിഷ്‌കരിച്ചു. ഇപ്പോള്‍ ചെറുതും മുന്നോട്ട് നീങ്ങിയതുമാണ്. ഉപയോക്താക്കളുടെ പ്രതികരണം മാനിച്ചാണ് ഈ നടപടി. ഉയരമേറിയ റൈഡര്‍മാര്‍ക്ക് ഈ മാറ്റം ഇഷ്ടപ്പെടും. പിറകിലെ ലഗേജ് റാക്കിന് ഇപ്പോള്‍ പ്ലേറ്റ് നല്‍കി. ലഗേജുകളും പാനിയറുകളും വെയ്ക്കുന്നത് ഇനി എളുപ്പമായിരിക്കും. വൃത്താകൃതിയുള്ള ഹെഡ്‌ലൈറ്റിന് മുകളിലെ ഫ്‌ളൈസ്‌ക്രീന്‍ പുതിയതാണ്. കുറേക്കൂടി സ്ലിം ഡിസൈന്‍ നല്‍കി. കൂടുതല്‍ ഇരിപ്പുസുഖം ലഭിക്കുന്നതിന് സീറ്റ് മെച്ചപ്പെടുത്തി.
എന്‍ജിന്‍ സ്‌പെസിഫിക്കേഷനുകള്‍ പരിശോധിച്ചാല്‍, ബിഎസ് 6 (ഭാരത് സ്റ്റേജ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന 411 സിസി, ലോംഗ് സ്‌ട്രോക്ക് എന്‍ജിനാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 6,500 ആര്‍പിഎമ്മില്‍ 24.3 ബിഎച്ച്പി കരുത്തും 4,000 നും 4,500 നുമിടയില്‍ ആര്‍പിഎമ്മില്‍ 32 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി തുടര്‍ന്നും 5 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.
സസ്‌പെന്‍ഷന്‍ സംവിധാനം, ബ്രേക്കുകള്‍ എന്നിവയെല്ലാം മുന്‍ഗാമിയിലേതുതന്നെ. മുന്നിലെ 41 എംഎം ഫോര്‍ക്കുകള്‍ 200 എംഎം ട്രാവല്‍ ചെയ്യും. പിറകിലെ മോണോഷോക്ക് ട്രാവല്‍ ചെയ്യുന്നത് 180 മില്ലിമീറ്ററാണ്. ഡുവല്‍ ചാനല്‍ എബിഎസ് തുടര്‍ന്നും സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറായി നല്‍കി. പിന്‍ ചക്രത്തിലെ എബിഎസ് ഡിസ്‌കണക്റ്റ് ചെയ്യാന്‍ കഴിയും. മുന്നില്‍ 21 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് സ്‌പോക്ക് വീലുകളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ തുടര്‍ന്നും ഉപയോഗിക്കുന്നത്.