Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാലാവസ്ഥാ വ്യതിയാനം : ഹിമാലയന്‍ മഞ്ഞുപാളികള്‍ ഉരുകുന്നു… അതിവേഗത്തില്‍

1 min read

കാലാവസ്ഥ  വ്യതിയാനമെന്തെന്ന് നാം ശരിക്കും മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. അടിക്കടിയുണ്ടാകുന്ന പ്രളയവും കാട്ടുതീയുമടക്കം ഒരു വര്‍ഷത്തിനിടെ ലോകം സാക്ഷ്യം വഹിച്ച നിരവധി പ്രകൃതി ദുരന്തങ്ങള്‍ കാലാവസ്ഥാ വ്യതിയാനമെന്നത് നാം കരുതിയതിലും വിനാശകരമായ ഒന്നാണെന്ന് നമ്മെ പഠിപ്പിച്ചിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഉത്തരാഖണ്ഡില്‍ നിരവധിപേരുടെ ജീവനെടുക്കുകയും വന്‍നാശം വിതയ്ക്കുകയും ചെയ്ത മിന്നല്‍ പ്രളയവും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് നമ്മെ ബോധ്യ.പ്പെടുത്തുന്നത്.

ഉത്തരാഖണ്ഡ് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വ്യതിയാനം ഹിമാലയന്‍ ഹിമപാളികളിലുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ശാസ്ത്രലോകവും. കാലാവസ്ഥാ വ്യതിയാനം ഹിമാലയസാനുക്കളിലെ ഹിമപാളികളെ വളരെയധികം ബാധിക്കുന്നുണ്ടെന്നും മുമ്പൊന്നും കാണാത്തത്ര വേഗത്തിലാണ് ഹിമപാളികള്‍ ഉരുകി ഇല്ലാതായിക്കൊണ്ടിരിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. സമീപപ്രദേശങ്ങളില്‍ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവന് വലിയ ഭീഷണിയാണ് ഇതുയര്‍ത്തുന്നത്. ഹിമാലയത്തില്‍ ഇപ്പോള്‍ നടക്കുന്ന മാറ്റങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സര്‍ക്കാര്‍ സമിതി (ഐപിസിസി) രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവചിച്ചവയാണ്. വരുംവര്‍ഷങ്ങളില്‍ ഹിമാനികള്‍ വന്‍തോതില്‍ ഉരുകിത്തീരുമെന്നും ഇത് മണ്ണിടിച്ചിലിനും പ്രളയങ്ങള്‍ക്കും കാരണമാകുമെന്നും  അവര്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

  അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ദക്ഷിണേഷ്യന്‍ ജനജീവിതത്തില്‍ ഹിമാലയത്തിലെ ഹിമപാളികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ ഭാഗങ്ങളിലുള്ളവരുടെ കുടിവെള്ളത്തിന്റെയും കൃഷിയാവശ്യങ്ങള്‍ക്കുള്ള വെള്ളത്തിന്റെയുമെല്ലാം മുഖ്യസ്രോതസ്സ് ഹിമാലയന്‍ ഹിമപാളികളാണ്. മാത്രമല്ല മേഖലയിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിലും ജലവൈദ്യുത പദ്ധതികളിലുമെല്ലാം ഇവ നിര്‍ണായക പങ്ക് വഹിക്കുന്നു. ഹിമാലയത്തിലെ ഹിന്ദു കുശ് മേഖലയിലുള്ള ഹിമാനികള്‍ ഈ പ്രദേശത്ത് ജീവിക്കുന്ന 240 ദശലക്ഷത്തോളം ആളുകളുടെ ജല ആവശ്യങ്ങളില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇതില്‍ 86 ദശലക്ഷം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്-രാജ്യത്തെ അഞ്ച് വലിയ നഗരങ്ങളില്‍ ജീവിക്കുന്ന ആളുകളുടെ എണ്ണത്തിന് തുല്യം.

ഹിന്ദു കുശ് മേഖലയുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പ്് ഇന്റെര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റെഗ്രേറ്റഡ് മൗണ്ടെയ്ന്‍ ഡെവലപ്‌മെന്റിന്റെ (ഐസിഐഎംഒഡി) നേതൃത്വത്തില്‍ തയ്യാറാക്കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ ഹിമാലയത്തിലെ മധ്യ, പടിഞ്ഞാറന്‍ മേഖലകളെ അപേക്ഷിച്ച് കിഴക്കന്‍ മേഖലകളിലുള്ള ഹിമാനികളാണ് അതിവേഗത്തില്‍ ഉരുകാന്‍ സാധ്യതയെന്ന് പറയുന്നു. ഉത്തരാഖണ്ഡ് പ്രളയത്തിന്റെ യഥാര്‍ത്ഥ കാരണം സംബന്ധിച്ച് പല ആശയക്കുഴപ്പങ്ങളും നിലവിലുണ്ടെങ്കിലും ഇവിടെ എന്താണ് നടന്നതെന്ന് മനസിലാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഐസിഐഎംഒഡി ഡയറക്ടര്‍ ജനറല്‍ പെമ ഗ്യംത്‌ഷോ പറഞ്ഞു. ഹിന്ദു കുശ് മേഖലയോട് ചേര്‍ന്നുള്ള അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍, ചൈന, ഇന്ത്യ, മ്യാന്‍മാര്‍, നേപ്പാള്‍, പാക്കിസ്ഥാന്‍ എന്നീ എട്ട് രാജ്യങ്ങളിലുള്ള ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ഗവേഷണങ്ങള്‍ നടത്തി കണ്ടെത്തലുകളും അറിവുകളും ലഭ്യമാക്കുകയാണ് ഐസിഐഎംഒഡി ചെയ്യുന്നത്.

  രാജ്യത്ത് ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു: പ്രധാനമന്ത്രി

2020ഓടെ ഹിമാലയന്‍ മേഖലയിലെ മഞ്ഞുരുകലില്‍ 0.5 ഡിഗ്രി മുതല്‍ 1 ഡിഗ്രി  വരെ വര്‍ധനയുണ്ടാകുമെന്നും നൂറ്റാണ്ടിന്റെ പകുതിയോടെ ഇത് മൂന്ന് ഡിഗ്രി വരെ ആയി ഉയരാമെന്നും 2019ല്‍ ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് നിരീക്ഷിച്ചിരുന്നു. അതേസമയം മഞ്ഞുരുകല്‍ പല പ്രദേശങ്ങളിലും സമയങ്ങളിലും ഒരേ നിരക്കില്‍ ആയിരിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള താപനില 1.5 ഡിഗ്രിയില്‍ താഴെയായി നിലനിര്‍ത്തിയാല്‍ പോലും ഏഷ്യയിലെ ഉയരമേറിയ പര്‍വ്വതങ്ങളിലുള്ള ഹിമാനികളുടെ 35 ശതമാനവും ഇല്ലാതാകുമെന്ന് 2017ല്‍ നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ധിക്കുന്ന സ്ഥിതിയുണ്ടായാല്‍ ഹിമാലയത്തിലെ 65 ശതമാനം ഹിമാനികളും ഉരുത്തീരുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

ആഗോളതാപനം വര്‍ധിക്കുന്നതിനനുസരിച്ച് ഹിമാലയത്തെ ഉയരമേറിയ മേഖലകളാണ് അതിവേഗത്തില്‍ ചൂട് പിടിക്കുകയെന്നും ഇതുമൂലം മഞ്ഞുപാളികളും വളരെ വേഗം ഉരുകുമെന്നും ജെഎന്‍യു സര്‍വ്വകലാശാലയിലെ പരിസ്ഥിതി ശാസ്ത്രവിഭാഗം പ്രഫസര്‍ എ.പി ദിമ്രി പറയുന്നു. ഇതുമൂലം ഹിമാനികളുടെ ഫലമായി രൂപംകൊള്ളുന്ന തടാകങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ തടാകങ്ങള്‍ മഞ്ഞിന്റെയും പാറക്കഷ്ണങ്ങളുടെയും റിസര്‍വോയറുകളായി വര്‍ത്തിക്കും. ഈ പ്രതിഭാസം വര്‍ധിക്കുകയാണെങ്കില്‍ ഇത്തരം തടാകങ്ങള്‍ മേഖലയിലുള്ള ജനജീവിതത്തിന് ഭീഷണിയാകുമെന്നും ദിമ്രി പറയുന്നു.

  രാജ്യത്ത് ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു: പ്രധാനമന്ത്രി

ഹിമാലയത്തോട് ചേര്‍ന്നുള്ള മേഖലകളില്‍ മിന്നല്‍ പ്രളയങ്ങള്‍ക്കും മണ്ണിടിച്ചിലിനും സാധ്യത കൂടുതലായതിനാല്‍ ഉത്തരാഖണ്ഡ് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി ലോല പര്‍വ്വതങ്ങളിലെ വൈദ്യുത പദ്ധതികള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഉത്തരാഖണ്ഡ് പ്രളയത്തില്‍ രണ്ട് ജല വൈദ്യുത നിലയങ്ങളെയാണ് തകര്‍ന്നത്. ഈ നിലയങ്ങളിലെ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും. ഹിമാലയത്തില്‍ നി്ന്നുള്ള നദികളില്‍ ഇത്തരത്തിലുള്ള വന്‍കിട പദ്ധതികള്‍ അസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്ന് സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ ഗവേഷകയായ മഞ്ജു മേനോന്‍ പറയുന്നു. ഹിമാലയന്‍ നദികളെ കുറിച്ച് പഠനം നടത്തിയവരെല്ലാം ഇതിന്റെ അപകടവശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. എന്നിട്ടും ഇത്തരം പദ്ധതികളുടെ പാരിസ്ഥിതിക ആഘാത പഠനത്തില്‍ അവയുടെ അപകടസാധ്യതകള്‍ മറച്ചുവെക്കപ്പെടുന്നുവെന്നും മഞ്ജു ആശങ്ക പ്രകടിപ്പിക്കുന്നു.

Maintained By : Studio3