കോവിഡ് കേസുകള്‍ കൂടുന്നു. സാമ്പത്തിക പുനരുജ്ജീവനം അവതാളത്തിലാകുമോ?
-
കോവിഡ് കേസുകളുടെ എണ്ണം കൂടുന്നെങ്കിലും സാമ്പത്തിക പുനരുജ്ജീവനം സാധ്യമെന്ന് ധനമന്ത്രി
-
സേവന മേഖല കുതിപ്പ് നടത്തുമെന്ന് പ്രതീക്ഷ
-
ലോക്ക്ഡൗണ്‍ വാര്‍ഷികത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നത് ആശങ്കയേറ്റുന്നു
ന്യൂഡെല്‍ഹി: കോവിഡ് കേസുകളില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നുന്നത് രാജ്യത്തിന്‍റെ സാമ്പത്തിക പുനരുജ്ജീവനത്തെ ബാധിക്കുമോയെന്ന ആശങ്ക വിപണി വിദഗ്ധര്‍ക്കിടയില്‍ ശക്തമാകുന്നു. അതേസമയം അതിന് സാധ്യത കുറവാണെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അവകാശപ്പെടുന്നു. സാമ്പത്തിക സൂചകങ്ങള്‍ പുരോഗതി കാണിക്കുന്നതും സേവനമേഖലയുടെ മികച്ച പ്രകടനവും ഇന്ത്യയുടെ തിരിച്ചുവരവാണ് അടയാളപ്പെടുത്തുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കോവിഡ് കേസുകളിലെ വര്‍ധന പല സംസ്ഥാനങ്ങള്‍ക്കും തലവേദന സൃഷ്ടിക്കുന്നു എന്നതാണ് വാസ്തവം. പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനസര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. പൂര്‍ണ ലോക്ഡൗണും നൈറ്റ് കര്‍ഫ്യൂവും എല്ലാം നിലവില്‍ വന്നു.
പുതിയ കൊറോണ കേസുകളുടെ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതിന് പുറമെ മധ്യപ്രദേശിലും ഡെല്‍ഹിയിലും സ്ഥിതി വഷളാകാന്‍ തുടഹ്ങിയിട്ടുണ്ട്. രാജ്യത്ത് മൊത്തത്തില്‍ 11.6 മില്യണ്‍ പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. മരിച്ചവുടെ എണ്ണം 159967ലേക്ക് ഉയര്‍ന്നിട്ടുമുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 30535 പുതിയ കേസുകളാണ്. ഔറംഗാബാദ്, അമരാവതി തുടങ്ങി 10 ജില്ലകളിലെങ്കിലും നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.