160 മില്യണ്‍ ഡോളര്‍ സമാഹരണം പ്രഖ്യാപിച്ച് റേസര്‍പേ
1 min read2014-ല്‍ ആരംഭിച്ചതിനുശേഷം റേസര്‍പേ മൊത്തം 366.5 മില്യണ്‍ ഡോളര്‍ ഫണ്ട് സ്വരൂപിച്ചു
ന്യൂഡെല്‍ഹി :തങ്ങളുടെ പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ 160 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 1,192.6 കോടി രൂപ) ഫണ്ട് സമാഹരിച്ചതായി പേയ്മെന്‍റ് സൊല്യൂഷന്‍ ദാതാവായ റേസര്‍പേ പ്രഖ്യാപിച്ചു. സീരീസ് ഇ ഫണ്ടിംഗ് റൗണ്ടില്‍ സെക്വോയ ക്യാപിറ്റല്‍, ജിഐസി എന്നിവരാണ് പ്രധാന നിക്ഷേപകര്‍. റിബിറ്റ് ക്യാപിറ്റല്‍, മാട്രിക്സ് പാര്‍ട്ണേര്‍സ് എന്നിവയുടെ പങ്കാളിത്തവും ഉണ്ടായി. 3 ബില്യണ്‍ ഡോളറിന്‍റെ മൂല്യ നിര്‍ണയമാണ് ഈ ഫണ്ടിംഗില്‍ റേസര്‍പേക്ക് കണക്കാക്കപ്പെട്ടത്.
“ഞങ്ങളുടെ ബിസിനസ് ബാങ്കിംഗ് സ്യൂട്ട് വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ ഏറ്റെടുക്കലുകളില്‍ നിക്ഷേപിക്കുന്നതിനും തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണികളില്‍ എത്തിച്ചേരുന്നതിനും ഞങ്ങള്‍ പുതിയ ഫണ്ട് ഉപയോഗിക്കും,” റേസര്‍പേ സിഇഒയും സഹസ്ഥാപകനുമായ ഹര്‍ഷില്‍ മാത്തൂര്‍ പറഞ്ഞു. വളര്‍ച്ചാ പദ്ധതികള്‍ക്ക് ആക്കം കൂട്ടുന്നതിനായി കമ്പനി ആക്രമണാത്മകമായി നിയമന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസുകാര്‍ക്കായി ഓട്ടോമേറ്റഡ് പേയ്മെന്‍റ് സംവിധാനവും ബിസിനസ് ബാങ്കിംഗ് പരിഹാരങ്ങളും ബെംഗളൂരു ആസ്ഥാനമായുള്ള റേസര്‍പേ നല്‍കുന്നു. പുതിയ ഫണ്ടിംഗ് പൂര്‍ത്തിയാകുമ്പോഴുള്ള കണക്ക് പ്രകാരം, 2014-ല്‍ ആരംഭിച്ചതിനുശേഷം റേസര്‍പേ മൊത്തം 366.5 മില്യണ്‍ ഡോളര്‍ ഫണ്ട് സ്വരൂപിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 100 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ച കമ്പനി യൂണികോണ്‍ ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു.
കോവിഡ് 19 സൃഷ്ടിച്ച സാഹചര്യം ഫിന്‍ടെക് കമ്പനികളിലെ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. മീഷോ, ഗ്രോ, ഷെയര്‍ചാറ്റ്, ക്രെഡിറ്റ് എന്നിവയുള്‍പ്പെടെ രാജ്യത്തെ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ട് സ്വരൂപിച്ച് യൂണികോണ്‍ ക്ലബ്ബില്‍ പ്രവേശിച്ചു.