ഗ്ലോബൽ സൗത്തിന്റെ ഏറ്റവും വലിയ ശബ്ദമായി ഇന്ത്യ മാറി: രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: കരുത്തുറ്റ സമ്പദ്‌വ്യവസ്ഥയുടെ ആദ്യ വ്യവസ്ഥ എല്ലാ മേഖലകളിലെയും സ്വയംപര്യാപ്തതയാണെന്നും പ്രധാനമന്ത്രിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലേക്ക് രാജ്യം വലിയ മുന്നേറ്റം നടത്തുകയാണെന്നും പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ്. 2024 ഓഗസ്റ്റ് 30ന് തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രതിരോധ ഗവേഷണ-വികസനത്തിനും നൂതനാശയങ്ങള്‍ക്കുമുള്ള ശക്തമായ ഉല്‍പ്പാദന അടിത്തറയും ആവാസവ്യവസ്ഥയും സൃഷ്ടിക്കുന്നതിന് ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും പ്രതിരോധ വ്യവസായ ഇടനാഴികള്‍ സ്ഥാപിക്കുകയും 5500-ലധികം ഇനങ്ങളുടെ വ്യക്തമായ അഞ്ച് സ്വദേശിവല്‍ക്കരണ പട്ടികകൾ നല്‍കുകയും ചെയ്യുന്നതുള്‍പ്പെടെ പ്രതിരോധ മന്ത്രാലയം എടുത്ത നടപടികളില്‍ ചിലത് പ്രതിരോധമന്ത്രി വിവരിച്ചു. ജിഇ -414 എൻജിനുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും ഇത് രാജ്യത്തിന്റെ എൻജിന്‍ നിര്‍മ്മാണ ശേഷിയില്‍ ശ്രദ്ധേയമായ പുരോഗതിയെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രതിരോധ കമ്പനികളുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയെന്നും ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ചേരാന്‍ അവര്‍ ഉത്സാഹം കാട്ടുന്നുവെന്നും സമീപകാല യുഎസ് സന്ദര്‍ശനം പരാമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ രാഷ്ട്രം മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും 65-70% പ്രതിരോധ ഉപകരണങ്ങളും ഇറക്കുമതി ചെയ്തിരുന്നെന്നും ശ്രീ രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന് ഇത് മാറിയെന്നും 65% ഇന്ത്യന്‍ മണ്ണില്‍ നിര്‍മ്മിക്കുന്നുണ്ടെന്നും 35% മാത്രമാണ് ഇറക്കുമതി ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. വാര്‍ഷിക പ്രതിരോധ ഉല്‍പ്പാദനം 1.27 ലക്ഷം കോടി രൂപ കടന്നുവെന്നും ഈ സാമ്പത്തിക വര്‍ഷത്തില്‍ 1.75 ലക്ഷം കോടി രൂപയിലെത്താനാണ് ലക്ഷ്യമിടുന്നതെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു. 2029 ഓടെ മൂന്ന് ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉൽപ്പാദനം എന്ന ലക്ഷ്യം പ്രതിരോധ മന്ത്രാലയം കൈവരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഇന്ന് ഞങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 21,000 കോടി രൂപ കവിഞ്ഞു. 2029 ഓടെ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയായി ഉയര്‍ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം,” ശ്രീ രാജ്നാഥ് സിങ് പറഞ്ഞു. അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയുടെ വളര്‍ച്ച ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സമീപകാല റഷ്യ-യുക്രൈൻ സന്ദര്‍ശനങ്ങളെക്കുറിച്ച് പ്രതിരോധമന്ത്രി പരാമര്‍ശിച്ചു. ഇരു രാജ്യങ്ങളെയും ശ്രവിച്ച ഏക ആഗോള നേതാവാണ് മോദിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഇന്ത്യ ഇന്ന് ഗ്ലോബൽ സൗത്തിന്റെ ഏറ്റവും വലിയ ശബ്ദമായി മാറിയിരിക്കുന്നു. എല്ലാ രാജ്യങ്ങളും സുപ്രധാന വിഷയങ്ങളില്‍ ഇന്ത്യയുടെ അഭിപ്രായം പരിഗണിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി അടുത്തിടെ നല്‍കി ആദരിച്ചിരുന്നു. ഇതോടെ പ്രധാനമന്ത്രിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കിയ 16 രാജ്യങ്ങളില്‍ റഷ്യയും ഭാഗമായി. യുഎഇ, സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ്, ബഹ്റൈന്‍ തുടങ്ങിയ മുസ്ലീം രാജ്യങ്ങളും ഇവയിൽ ഉള്‍പ്പെടുന്നു” – അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ മുതല്‍ വലിയ സാമൂഹിക പരിവര്‍ത്തനം വരെയും, സാംസ്‌കാരിക നവോത്ഥാനം മുതല്‍ സുപ്രധാന രാഷ്ട്രീയ മാറ്റങ്ങള്‍ വരെയുമുള്ള ‘ഐതിഹാസിക മാറ്റങ്ങള്‍ക്ക്’ രാജ്യം സാക്ഷ്യം വഹിച്ചുവെന്ന് ശ്രീ രാജ്നാഥ് സിങ് പറഞ്ഞു. ഈ മാറ്റത്തില്‍ ഗവണ്‍മെന്റിനൊപ്പം ഏറ്റവും പ്രധാന പങ്ക് വഹിച്ചതിന്റെ ഖ്യാതി അദ്ദേഹം ജനങ്ങൾക്കു നൽകി. “കഴിഞ്ഞ 10 വര്‍ഷങ്ങള്‍ മാറ്റത്തിന്റെ ദശകമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും, നമ്മുടെ പ്രധാനമന്ത്രിയും ഗവണ്‍മെന്റും എല്ലായ്‌പ്പോഴും ഏറ്റവും വലിയ ‘മാറ്റം കൊണ്ടുവരുന്നവരായി’ അംഗീകരിക്കപ്പെടും. ഇന്ത്യ വലിയ മാറ്റത്തിന്റെ പാതയിലാണ്. ഇത് ഇന്ത്യയെ അഭൂതപൂര്‍വമായ വികസനത്തിന്റെയും സമൃദ്ധിയുടെയും സാമൂഹിക ഐക്യത്തിന്റെയും വളര്‍ച്ചയുടെയും യുഗത്തിലേക്ക് നയിക്കും”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ 2014 മുതലുള്ള വളര്‍ച്ചയെക്കുറിച്ച് രക്ഷാമന്ത്രി സംസാരിച്ചു. ”ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ നേരത്തെ ദുര്‍ബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടത്തിലായിരുന്നു. ഇന്ന്, അത് ‘അതിശയകരമായ അഞ്ചില്‍’ ഒന്നായി ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 8.2% ആയിരുന്നു. അതിനുമുന്‍പിലത്തെ വര്‍ഷത്തെ വളര്‍ച്ചാ നിരക്കായ 7 ശതമാനത്തേക്കാള്‍ കൂടുതലായിരുന്നു ഇത്. തുടര്‍ച്ചയായ രണ്ട് വര്‍ഷമായി, ലോകത്തിലെ എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥ കളെക്കാളും ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ യാണ് ഇന്ത്യ. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, 11-ാം സ്ഥാനത്ത് നിന്ന്, ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. നിക്ഷേപ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ കണക്ക് പ്രകാരം 2027 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും” അദ്ദേഹം പറഞ്ഞു.
വളര്‍ച്ചയുടെ വേഗതയിലും പണപ്പെരുപ്പം ഇന്ത്യയില്‍ നിയന്ത്രണ വിധേയമാണെന്ന് ശ്രീ രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 3.54 ശതമാനമായി രേഖപ്പെടുത്തിയതായി ജൂലൈയില്‍ പുറത്തുവന്ന സമീപകാല കണക്കുകളും അദ്ദേഹം ഉദ്ധരിച്ചു. ”2014-ന് മുമ്പ് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 1000-ത്തില്‍ താഴെയായിരുന്നു. ഇപ്പോഴത് ഒരു ലക്ഷത്തിലേറെയായി ഉയര്‍ന്നു. ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ് ഇന്ത്യ, പത്തില്‍ ഓരോ യൂണികോണും ഇന്ത്യയിലുമാണ്. ഈ വര്‍ഷം ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25% കൂടുതലായി ഏകദേശം 1 ബില്യണ്‍ ഡോളറിന്റെ പുതിയ ഫണ്ടിംഗ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സദ്ഭരണം ഗവണ്‍മെന്റിന്റെ മുന്‍ഗണനയാകണമെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, എല്ലാ നയങ്ങളും പരിപാടികളും നല്ല ഭരണം ഉറപ്പാക്കാനുള്ള സുസ്ഥിരത, പൊരുത്തം, തുടര്‍ച്ച എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് രക്ഷാമന്ത്രി പറഞ്ഞു. ഉയര്‍ന്ന മൂലധനച്ചെലവിന്റെ രൂപത്തില്‍ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനചെലവ്; മുന്‍പൊരിക്കലുമില്ലാത്തതരത്തില്‍ ക്ഷേമപദ്ധതികളിലെ നിക്ഷേപം; പാഴ്‌ച്ചെലവുകള്‍ അവസാനിപ്പിക്കല്‍ സാമ്പത്തിക അച്ചടക്കം എന്നിവയാണ് ഗവണ്‍മെന്റിന്റെ ശ്രദ്ധാകേന്ദ്ര മേഖലകളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റിന്റെ ഫലക്ഷമതയും കാര്യക്ഷമതയും കോവിഡ്-19 മഹാമാരിയുടെ കാലത്ത് പ്രകടമായതായി ശ്രീ രാജ്നാഥ് സിംഗ് ഊന്നിപ്പറഞ്ഞു. ”ജീവന്‍ രക്ഷാ വിഭവങ്ങളും മരുന്നുകളും സമയബന്ധിതവും കൃത്യവുമായി ലഭ്യവുമാകുന്നുവെന്ന് നമ്മുടെ ഗവണ്‍മെന്റ് ഉറപ്പുവരുത്തി. ലോക്ക്ഡൗണ്‍ കാലത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കികൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിനുകള്‍ക്ക് മുന്‍ഗണന നല്‍കി. കാലതാമസമില്ലാതെ ഓരോ പൗരനും കൃത്യമായി ഈ വാക്‌സിനുകളുടെ ലഭ്യത നാം ഉറപ്പാക്കി”, അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കൊണ്ടുവന്ന ഗുണകരമായ മാറ്റത്തിന്റെ മികച്ച ഉദാഹരണങ്ങളായി സ്വച്ഛ് ഭാരത് അഭിയാന്റെയും വെളിയിട മലമൂത്ര വിസര്‍ജന വിമുക്ത ഇന്ത്യയുടെയും വിജയത്തെ രക്ഷാമന്ത്രി വിശേഷിപ്പിച്ചു. ജനങ്ങളുടെ ആവശ്യങ്ങളും അനിവാര്യതകളും നിറവേറ്റുന്ന പ്രധാനമന്ത്രി ജന്‍ ധൻ യോജന, ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമജ്യോതി യോജന തുടങ്ങിയ മുന്‍കൈകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, നാരി ശക്തി വന്ദന്‍ അധീനിയം തുടങ്ങിയ പദ്ധതികളിലൂടെ ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ശ്രീ രാജ്നാഥ് സിംഗ് വിവരിച്ചു. വിവേചനപരമായ സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ ഇച്ഛാശക്തിയും ദൃഢനിശ്ചയവും പ്രതിഫലിപ്പിക്കുന്ന മുത്തലാഖ് നിര്‍ത്തലാക്കിയതിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. സ്ത്രീകളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയെ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളായി രക്ഷാമന്ത്രി വിശേഷിപ്പിച്ചു. ”മാറ്റങ്ങളെല്ലാം ഉണ്ടായിട്ടും, രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കണക്കിലെടുക്കുമ്പോള്‍, ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് കാണുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നമ്മുടെ ഗവണ്‍മെന്റ് കര്‍ശനമായ സമീപനമാണ് സ്വീകരിക്കുന്നത്, എന്നാല്‍ പല സംസ്ഥാനങ്ങളും ഈ ദിശയില്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുന്നില്ല. കൊല്‍ക്കത്തയില്‍ അടുത്തിടെ നടന്ന ഹൃദയഭേദകമായ സംഭവം വളരെ ദയനീയവും അപമാനകരവുമാണ്. ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിനായി നാം നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഈ നിയമം കര്‍ശനമായി നടപ്പാക്കണം”, അദ്ദേഹം പറഞ്ഞു. സായുധ സേനയില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്ക് ഉയര്‍ത്തിക്കാട്ടിയ ശ്രീ രാജ്നാഥ് സിംഗ്, സൈന്യത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കുന്നതിനുള്ള പല തടസ്സങ്ങളും നീക്കിയതായും പറഞ്ഞു . ”സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളിലും സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തം നാം ഉറപ്പാക്കിയിട്ടുണ്ട്. വനിതകള്‍ക്ക് സ്ഥിരം കമ്മീഷനും അനുവദിച്ചു. അത്യധികം ആദരിക്കപ്പെടുന്ന സൈനിക പരിശീലന സ്ഥാപനങ്ങളിലൊന്നായ നാഷണല്‍ ഡിഫന്‍സ് അക്കാദമിയും വനിതകള്‍ക്കായി തുറന്നുകൊടുത്തു. സ്ത്രീ ശാക്തീകരണവും സ്ത്രീകള്‍ നയിക്കുന്ന വികസനവും എന്ന കാഴ്ചപ്പാടോടെയാണ് നമ്മുടെ ഗവണ്‍മെന്റ് മുന്നോട്ട് പോകുന്നത്”, അദ്ദേഹം പറഞ്ഞു.