സിദ്ധുവിനായി ഹൈക്കമാന്‍ഡ്; സംസ്ഥാന നേതാക്കള്‍ പുറത്തേക്കുള്ള വഴിതേടുന്നു
1 min readനിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ഭിന്നത അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പിലെ സാധ്യതകള്‍ മങ്ങും
ന്യൂഡെല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള നവജ്യോത് സിംഗ് സിദ്ധുവിനെ ഒഴിവാക്കാനുള്ള തന്ത്രങ്ങളാണ് സംസ്ഥാന നേതൃത്വം കാലങ്ങളായി ഒരുക്കിക്കൊണ്ടിരുന്നത്. എന്നാല്‍ സംസ്ഥാന യൂണിറ്റിന്‍റെ അധികാരങ്ങള്‍ സിദ്ധുവിന് കൈമാറാനുള്ള ഹൈക്കമാന്‍ഡിന്‍റെ നീക്കം പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളില്‍ അതൃപ്തി പടര്‍ത്തുന്നു. ഈ നടപടി സംസ്ഥാനത്ത് പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ സാധ്യതയേറെയാണ്. എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ പഞ്ചാബിലെ ഒരു ഡസനോളം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സിദ്ധുവിനെതിരായ നിലപാട് സ്വീകരിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
2018 ല്‍ ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് സിദ്ധു ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. അന്ന് പാക് സേനാമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ സിദ്ധു ആലിംഗനം ചെയ്തിരുന്നു. ഈ നടപടി വന്‍വിവാദത്തിന് അന്ന് വഴിയൊരുക്കിയതാണ്. ഇപ്പോള്‍ ഇന്ത്യയുടെ സൈനിക സംവിധാനങ്ങളെ ആക്രമിക്കാന്‍ പാക് പിന്തുണയുള്ള ഭീകരര്‍ ഡ്രോണുകളിലൂടെ സ്ഫോടകവസ്തുക്കള്‍ അയയ്ക്കുന്നു. രാഹുല്‍ ഗാന്ധി സിദ്ധുവിനെ ഒരു രാഷ്ട്രീയ വിശ്വസ്തനാകാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, തങ്ങള്‍ അദ്ദേഹത്തിന്‍റെ ആത്മഹത്യാ ദൗത്യത്തിന്‍റെ ഭാഗമാകാന്‍ പോകുന്നില്ലെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
2017 ല്‍ ബിജെപിയില്‍ നിന്ന് രാജിവച്ച നവജോത് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം മന്ത്രിയുമായി. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം 2019 ജൂലൈയില്‍ സിദ്ധു മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു. ചില എംഎല്‍എമാരും, എംപിമാരും, മന്ത്രിമാരും, അമരീന്ദര്‍ സിംഗിന്‍റെ പ്രവര്‍ത്തനരീതിയെ വളരെക്കാലമായി വിമര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന് സിദ്ധു അമരീന്ദറിന് പ്രധാനവെല്ലുവിളിയായി ഉയര്‍ന്നു. ചുരുക്കത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇന്ന് രണ്ടുതട്ടിലാണ്. ആരെ പിന്തുണച്ചാലും നഷ്ടം പാര്‍ട്ടിക്കാണ്. ഇവിടെ സമവായം കണ്ടെത്തുകയാണ് ഏറ്റവും മികച്ച രാഷ്ട്രീയ തന്ത്രം. എന്നാല്‍ അതിനാരും മുന്നിട്ടിറങ്ങുന്നത് കാണുന്നുമില്ല. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും സിദ്ധുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടവ്യത്യസ്ഥ യോഗങ്ങള്‍ നാലുമണിക്കൂര്‍ നീണ്ടുനിന്നതായി പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. അതിനുശേഷമാണ് സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി നിയമിക്കാന്‍ ഗാന്ധികുടുംബം ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്.
അമരീന്ദറിന്‍റെ എതിരാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഹൈക്കമാന്‍ഡ് നേരത്തെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി
മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. സമിതിക്കുമുമ്പിലെത്താന്‍ മുഖ്യമന്ത്രി രണ്ടുതവണ ഡെല്‍ഹി സന്ദര്‍ശിച്ചെങ്കിലും രാഹുല്‍ ഗാന്ധിയോ സോണിയയോ അദ്ദേഹത്തെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഈ നടപടി അമരീന്ദറിന്‍റെ എതിരാളികള്‍ക്ക് ഊര്‍ജം പകര്‍ന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
‘പഞ്ചാബിലെ ജനങ്ങള്‍ വോട്ട് ചെയ്യുന്നത് അമരീന്ദര്‍ സിംഗിനാണ്. അല്ലാതെ രാഹുലിനോ സോണിയ ഗാന്ധിക്കോ അല്ല.വോട്ടര്‍മാര്‍ വിഢികളാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് മേധാവിയായി ഇങ്ങോട്ടയച്ചാല്‍ ഞങ്ങള്‍ പുറത്താകുകയോ പോകുകയോ ചെയ്യും’ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. എന്നാല്‍ പഞ്ചാബ് കോണ്‍ഗ്രസ് മേധാവിയായി സിദ്ധുവിന്‍റെ നിയമനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വെറും അനുമാനങ്ങള്‍ മാത്രമാണെന്നും ആ യോഗങ്ങളില്‍ രാഹുലും പ്രിയങ്കയും സിദ്ധുവുമായി സംസാരിച്ചത് എന്തെന്ന് എ ഐ സി സിയില്‍ നിന്ന് ഔപചാരികമായി വാര്‍ത്തകളെന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ രംഗത്തുള്ളവര്‍ യോഗത്തിനുശേഷം പൂര്‍വാധികം ശക്തിയോടെ പുറത്തുവന്നിട്ടുണ്ട്. അതോടൊപ്പം ബിജെപിയുടെ പ്രശ്നങ്ങള്‍ ഒരിക്കലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കാത്തത് എന്തുകൊണ്ടാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അത്ഭുതപ്പെടുന്നു. ഒപ്പം ശുഭാപ്തിവിശ്വാസത്തോടെ “വിയോജിപ്പും സംവാദവും വിയോജിപ്പും ഞങ്ങളുടെ ഡിഎന്‍എയില്‍ ഉണ്ട്, പക്ഷേ ഞങ്ങള്‍ എല്ലായ്പ്പോഴും ഐക്യപ്പെടും” എന്ന് പറയുകയും ചെയ്യുന്നു. ഇത് യാഥാര്‍ത്ഥ്യമാകുമെന്ന് അവര്‍ക്കുതന്നെ ഉറപ്പില്ലാത്ത സാഹചര്യമാണ് മുന്നിലുള്ളത്.
“ഉത്തരാഖണ്ഡിലെ ബിജെപി മുഖ്യമന്ത്രി രാജിവയ്ക്കാന്‍ വാഗ്ദാനം ചെയ്തു, അത് വലിയവാര്‍ത്തയാകുന്നില്ല.യുപിയില്‍ മുഖ്യമന്ത്രിയും നിയമസഭാംഗങ്ങളും തമ്മില്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ട്.അതില്‍ 265 പേര്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചു. പക്ഷേ അതും വാര്‍ത്തയല്ല. വസുന്ധര രാജെയുടെയും സതീഷ് പൂനിയയുടെയും കലഹങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അതുപോലെ ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപിയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. മാധ്യമങ്ങള്‍ കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ വാര്‍ത്തയാക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന തിരക്കിലാണ്’ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നു. അതേസമയം മുഖ്യമന്ത്രി നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ കാരണം കോണ്‍ഗ്രസ് പഞ്ചാബില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടും എന്ന് അമരീന്ദറിനൊപ്പമുള്ളവര്‍ വിശ്വസിക്കുന്നു. എംഎല്‍എമാരുടെ വ്യക്തിഗത പ്രവര്‍ത്തനങ്ങളും ഇക്കുറി നിര്‍ണായക ഘടകമായിരിക്കും. കൂടാതെ ബിജെപിക്ക് പഞ്ചാബില്‍ വിജയിക്കാനാവില്ലെന്നും അവര്‍ക്കറിയാമെന്നുമാണ് കോണ്‍ഗ്രസിന്‍റെ പൊതുവായ വിലയിരുത്തല്‍.
പിസിസി മേധാവിയായി സിദ്ധുവിനെ നിയമിച്ചാല്‍ മറ്റൊരു പ്രശ്നം ഉയര്‍ന്നുവന്നേക്കാനും സധ്യതയുണ്ട് . ഒരു ജാട്ട് സിഖ് മുഖ്യമന്ത്രിയും മറ്റൊരു ജാട്ട് സിഖ് പിസിസി മേധാവിയുമാണെങ്കില്‍ അത് ഹിന്ദുക്കളെ അകറ്റിയേക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു. അമരീന്ദര്‍ സിംഗ് ആതിഥേയത്വം വഹിച്ച ഹിന്ദു നേതാക്കളുടെ ഉച്ചഭക്ഷണ യോഗത്തില്‍ സിദ്ധുപാര്‍ട്ടി മേധാവിയായാല്‍ ’38 ശതമാനം വോട്ടര്‍മാരെ” കോണ്‍ഗ്രസ് മറക്കണം എന്ന അഭിപ്രായമുയര്‍ന്നിരുന്നു. ഇത് കോണ്‍ഗ്രസിന് വെല്ലുവിളിയാകും. ഈ സാഹചര്യത്തിലാണ് അമരീന്ദറിന് ബദലായി സിദ്ധുവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. സിദ്ധു പാര്‍ട്ടിയില്‍ താരതമ്യേന പുതുമുഖമാണ്. സിദ്ധുവിന്‍റെ ഉയര്‍ച്ച സംസ്ഥാന നേതാക്കളുടെ അഭിലാഷങ്ങളുടെ അവസാനമാണ്.
മുഖ്യമന്ത്രിയാകണമെന്ന അഭിലാഷമുള്ളതിനാലാണ് സിദ്ധു ബിജെപി വിട്ടത്. ആം ആദ്മി പാര്‍ട്ടിയും അദ്ദേഹത്തിന് ഈ പദവി വാഗ്ദാനം ചെയ്യുന്നില്ല. അതിനാല്‍ 2017 ജനുവരിയില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ട് മാസത്തിന് ശേഷം അദ്ദേഹം മന്ത്രിയാകുന്നു. ഇപ്പോള്‍ അദ്ദേഹത്തെ പഞ്ചാബ് കോണ്‍ഗ്രസ് മേധാവിയാക്കാന്‍ ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നു. പിന്നീട് അദ്ദേഹത്തെ അമരീന്ദര്‍ സിംഗിന്‍റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നു. 30-40 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിക്ക് ആരാണ്എന്ന ചോദ്യം സംസ്ഥാനത്തുനിന്നും ഉയര്‍ന്നുകഴിഞ്ഞു.