പഞ്ചാബ് യൂണിറ്റില്‍ ആഭ്യന്തരകലഹം ; പാര്‍ട്ടിയില്‍ വിള്ളലുകളില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡെല്‍ഹി: പഞ്ചാബില്‍ പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റില്‍ വിള്ളലുകളില്ലെന്ന് ആനന്ദ്പൂര്‍ സാഹിബ് എംപി മനീഷ് തിവാരി പറഞ്ഞു. സംസ്ഥാനം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായയിരുന്നു അദ്ദേഹം. ‘കോണ്‍ഗ്രസില്‍ ഒരു കലഹവുമില്ല, പാനലുമായി ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ രഹസ്യമാണ്. അവര്‍ ചോദിച്ചതിന് ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്, ഇത് തെരഞ്ഞെടുപ്പ് അടുക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയിലെ പതിവ് കാര്യങ്ങള്‍മാത്രമാണ്. ഇപ്പോള്‍ പഞ്ചാബില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇത് പാര്‍ട്ടിയില്‍ സംഭവിക്കുന്ന ആദ്യത്തേതും അവസാനത്തേതുമല്ല’തിവാരി പറഞ്ഞു.
മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ നവജ്യോത് സിംഗ് സിദ്ധു ആരോപണങ്ങളുമായി രംഗത്തെത്തിയതിനെതുടര്‍ന്നാണ് സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തി പുകഞ്ഞത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പഞ്ചാബിനുള്ള പാനല്‍ ശ്രമിക്കുകയാണ്. സിദ്ധു പാര്‍ട്ടി ഹൈക്കമാന്‍ഡിനെ കാണാന്‍ ന്യൂദല്‍ഹിയിലെത്തിയിരുന്നു. 2015ലെ ഗുരു ഗ്രന്ഥ് സാഹിബ് സംബന്ധിച്ച അപകീര്‍ത്തി സംഭവങ്ങളുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട അസംതൃപ്തനായ കോണ്‍ഗ്രസ് നേതാവ് സിദ്ധു പഞ്ചാബിനായുള്ള കോണ്‍ഗ്രസ് പാനലിനെ സന്ദര്‍ശിച്ച് തന്‍റെ വാദമുഖങ്ങള്‍ അവതരിപ്പിച്ചു.’ജനങ്ങളുടെ ശക്തി ജനങ്ങളിലേക്ക് മടങ്ങിയെത്തണം, “എല്ലാ പഞ്ചാബികളെയും പഞ്ചാബിന്‍റെ പുരോഗതിയില്‍ ഒരു ഓഹരിയുടമയാക്കണം ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധി രൂപീകരിച്ച സമിതിയെ കോണ്‍ഗ്രസ് സംസ്ഥാന മേധാവി സുനില്‍ ജഖാര്‍ തിങ്കളാഴ്ച സന്ദര്‍ശിച്ചിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെ.പി. അഗര്‍വാള്‍, സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് എന്നിവരടങ്ങുന്നതാണ് സമിതി. ജഖറിനെ കൂടാതെ സംസ്ഥാന മന്ത്രിമാരായ സുന്ദര്‍ ഷാം അറോറ, ചരഞ്ജിത് ചാനി, അരുണ ചൗധരി, ബ്രഹ്മ മോഹിന്ദ്ര, ഒ.പി. സോണി, മന്‍പ്രീത് ബാദല്‍, ട്രിപ്റ്റ് ബജ്വ, റാണ സോധി, സുഖ്ജിന്ദര്‍ രന്ധവ എന്നിവരും പാനലിനെ കണ്ടു.