വ്യക്തിഗത ജീവകാരുണ്യ സംഭാവനകളില്‍ ഉണ്ടായത് 42 % വളര്‍ച്ച
1 min readകോര്‍പ്പറേറ്റ്, വിദേശ ഫണ്ട് എന്നിവയുടെ പങ്കാളിത്തത്തില്‍ ഇടിവ്
ന്യൂഡെല്‍ഹി: കമ്പനി, വിദേശ ഫണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള സംഭാവനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നടപ്പു സാമ്പത്തിക വര്‍ഷം ജീവകാരുണ്യ-സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച വ്യക്തിഗത സംഭാവനകള്‍ ഗണ്യമായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. ദസ്ര/ ബെയ്ന്‍ & കോ ഇന്ത്യാ ജീവകാരുണ്യ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തിഗത ജീവകാരുണ്യ പ്രവര്‍ത്തകരുടെ ധനസഹായം 42 ശതമാനം ഉയര്‍ന്നു. 2019-20ലെ 21,000 കോടിയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം 30,000 കോടി രൂപയിലേക്ക് വ്യക്തിഗത ജീവകാരുണ്യ സംഭാവനകള്‍ എത്തി.
5 കോടിയിലധികം രൂപയുടെ സംഭാവന നല്‍കിയവരോ തങ്ങളുടെ സംഭാവന ഏകദേശം മൂന്നിരട്ടി വര്‍ധിപ്പിച്ചവരോ ആയ ഫാമിലി ഫിലാന്ത്രോപ്പിസ്റ്റുകളാണ് ഈ വര്‍ധനയില്‍ വലിയ പങ്കുവെച്ചത്. ഈ വിഭാഗത്തില്‍ നിന്നുള്ള സംഭാവന മുന്‍ വര്‍ഷത്തെ 12,000 കോടി രൂപയില്‍ നിന്ന് നടപ്പു സാമ്പത്തിക വര്‍ഷം 20,000 കോടിയില്‍ എത്തി.
ഈ വര്‍ഷത്തെ ജീവകാരുണ്യ-സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൊത്തം സ്വകാര്യ ധനസഹായം 23 ശതമാനം വര്‍ധിച്ച് 64,000 കോടി രൂപയിലെത്തിയത്. കോവിഡ് 19 മൂലം ലാഭക്ഷമതയില്‍ സമ്മര്‍ദ്ദം നേരിട്ടതിനാല്‍, മൊത്തം സംഭാവനയില്‍ ആഭ്യന്തര കമ്പനികളുടെ വിഹിതം 29 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞു. അവരുടെ മൊത്തം സംഭാവന വെറും 3,000 കോടി രൂപ ഉയര്‍ന്ന് 18,000 കോടി രൂപയായി.
വിദേശ ധനസഹായം സര്‍ക്കാര്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. വിദേശ സംഭാവന നിയമ നിയമം കര്‍ശനമാക്കിയതിനുശേഷം, ഈ വിഭാഗത്തില്‍ നിന്നുള്ള സംഭാവന വളര്‍ച്ച പ്രകടമാക്കിയിട്ടില്ല. 16,000 കോടി രൂപയാണ് ഈ വിഭാഗത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ജീവകാരുണ്യത്തിന് എത്തിയത്. മൊത്തം ഫിലാന്ത്രോപ്പി ഫണ്ടിംഗില്‍ വിദേശ സംഭാനകളുടെ വിഹിതം മുന്‍ വര്‍ഷത്തെ 31 ശതമാനത്തില്‍ നിന്ന് കുറഞ്ഞ് 25 ശതമാനമായി.
ഇതിന്‍റെയെല്ലാം ഫലമായി മൊത്തം സ്വകാര്യ ധനസഹായത്തില്‍ വ്യക്തിഗത ജീവകാരുണ്യ വിഹിതം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 40 ശതമാനത്തില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തില്‍ 47 ശതമാനമായി വര്‍ധിച്ചു.
കോവിഡ് -19 ന്‍റെ പ്രതികൂല ആഘാതം മൂലം കോര്‍പ്പറേറ്റ് ഫണ്ടിംഗിലുള്ള സമ്മര്‍ദ്ദം വര്‍ധിക്കുന്നത് തുടരുകയാണെന്ന് ദസ്ര / ബെയ്ന്‍ & കോ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലാഭം കുറയുന്നത്, കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ ഭാഗമായുള്ള നീക്കിയിരുപ്പ് കുറയ്ക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2014 മുതല്‍ 2019 വരെ കോര്‍പ്പറേറ്റുകളുടെ വിഹിതം 17 ശതമാനം വര്‍ധിച്ചുവെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5 ശതമാനം കുറയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭാവിയിലെ സംഭാവനകളെ സംബന്ധിച്ചിടത്തോളം, ശതകോടീശ്വരന്മാര്‍ നയിക്കുന്ന കുടുംബ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് പ്രതീക്ഷയെന്നാണ് വിലയിരുത്തല്‍. ഉദാഹരണത്തിന്, ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ മൊത്തം സംഭാവനയില്‍ 67 ശതമാനവും പ്രേംജി ഫൗണ്ടേഷനില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.