ഉദ്ഘാടന മഹാമഹം : പ്രധാനമന്ത്രി ഫെബ്രുവരി 7 ന് ആസാമും പശ്ചിമ ബംഗാളും സന്ദര്‍ശിക്കുന്നു
1 min readന്യൂഡെല്‍ഹി: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 7 ന് പശ്ചിമ ബംഗാളും ആസാമും സന്ദര്‍ശിക്കും. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആസന്നമായ രണ്ടുസംസ്ഥാനങ്ങളിലും നിരവധി അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിടും. ഞായറാഴ്ച രാവിലെ 11.45 ഓടെ ആസാമിലെത്തുന്ന പ്രധാനമന്ത്രി അവിടെ രണ്ട് ആശുപത്രികള്‍ക്ക് തറക്കല്ലിടും. അതിനുശേഷം സോണിത്പൂര്‍ ജില്ലയിലെ ധെകിയജുലിയില്‍ സംസ്ഥാന പാതകള്‍ക്കും പ്രധാന ജില്ലാ റോഡുകള്‍ക്കുമായി ‘അസോം മാല’ എന്ന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ദേശീയപാതകളും പ്രധാന ജില്ലാ റോഡ് ശൃംഖലയും മെച്ചപ്പെടുത്താന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘അസോം മാല’ ആരംഭിക്കുന്നത്. ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ചടങ്ങില്‍ പങ്കെടുക്കും.
ഇന്ന് വൈകിട്ട് 4.50ഓടെ വശ്ചിമബംഗാളിലെത്തുന്ന മോദി ഹാല്‍ദിയ സന്ദര്‍ശിക്കും. അവിടെ അദ്ദേഹം ചില അടിസ്ഥാന സൗകര്യ പദ്ധതികളുടെ തറക്കല്ലിടും. പശ്ചിമ ബംഗാളില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മിച്ച എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 1,100 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ടെര്‍മിനലിന്റെ ശേഷി പ്രതിവര്‍ഷം ഒരു ദശലക്ഷം മെട്രിക് ടണ്‍ ആണ്.
പശ്ചിമ ബംഗാളിലും കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും എല്‍പിജിയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത ഈ ടെര്‍മിനല്‍ നിറവേറ്റുമെന്നും എല്ലാ വീടുകള്‍ക്കും പാചക വാതകം നല്‍കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന കാല്‍വെയ്പാണിതെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. പ്രധാന്‍ മന്ത്രി ഉര്‍ജ ഗംഗ പദ്ധതിയുടെ ഭാഗമായ 348 കിലോമീറ്റര്‍ ദോബി-ദുര്‍ഗാപൂര്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ വിഭാഗവും പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും. എച്ച്ആര്‍എല്‍ സിന്ധ്രി (ജാര്‍ഖണ്ഡ്) രാസവളം നിലയം പുനരുജ്ജീവിപ്പിക്കാനും ദുര്‍ഗാപൂരിലെ മാറ്റിക്‌സ് വളം പ്ലാന്റിലേക്ക് ഗ്യാസ് വിതരണം ചെയ്യാനും മറ്റ് വ്യാവസായിക, വാണിജ്യ, വാഹന മേഖലകളിലെ ഗ്യാസ് ആവശ്യം നിറവേറ്റാനും ഈ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ സാധിക്കും. കൂടാതെ പ്രധാന പട്ടണങ്ങളിലെ വാതക വിതരണത്തിനും ഇത് സഹായകരമാകും.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹാല്‍ദിയ റിഫൈനറിയുടെ രണ്ടാമത്തെ കാറ്റലിറ്റിക്-ഐസോഡെവാക്‌സിംഗ് യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിടും. ഈ യൂണിറ്റിന് പ്രതിവര്‍ഷം 270 ആയിരം മെട്രിക് ടണ്‍ ശേഷിയുണ്ടാകും. പദ്ധതി കമ്മീഷന്‍ ചെയ്താല്‍ ഇതുവഴി ഏകദേശം 185 മില്യണ്‍ ഡോളര്‍ വിദേശനാണ്യം ലാഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹാല്‍ദിയയിലെ റാണിചക്കില്‍ നാല് പാതകളുള്ള ഫ്‌ലൈഓവറും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പദ്ധതിക്ക് 190കോടിരൂപയായിരുന്നു ചെലവ്.
കിഴക്കന്‍ ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതികള്‍ എന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. പശ്ചിമ ബംഗാള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.