പിപിപി മാതൃകയില്‍ ഭക്ഷ്യ സംസ്കരണ വിപ്ലവം വരണം: പ്രധാനമന്ത്രി
1 min readസ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്ത് ഭക്ഷ്യസംസ്കരണ വിപ്ലവം കൊണ്ടുവരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വ്യവസ്ഥകളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ ഉദ്യമങ്ങള്‍ എടുത്തുകാട്ടിയ പ്രധാനമന്ത്രി കാര്‍ഷിക വായ്പയുടെ ലക്ഷ്യം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 15 ലക്ഷം കോടിയില്‍ നിന്ന് 2021-22ല്‍ 16.5 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയതും പരാമര്‍ശിച്ചു.
12 കോടിയോളം വരുന്ന ചെറുകിട, നാമമാത്ര കര്‍ഷകരുടെ പ്രയോജനത്തിനായി സര്‍ക്കാര്‍ വിവിധ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം വര്‍ധിക്കുകയാണ്. വിളവെടുപ്പിനു ശേഷമുള്ള പ്രവൃത്തികളില്‍ വിപ്വവം അനിവാര്യമാണ്. ഭക്ഷ്യ സംസ്കരണ വിപ്ലവം, മൂല്യവര്‍ധന എന്നിവ മുന്നേറണ്ടത് ആവശ്യമാണ്. 2-3 പതിറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ ഇന്ത്യ ഭക്ഷ്യസംസ്കരണത്തിന് ശ്രദ്ധ നല്‍കേണ്ടതായിരുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യ സംസ്കരണ വിപ്ലവത്തിന് കര്‍ഷകരുടെ പങ്കാളിത്തവും പൊതു സ്വകാര്യ പങ്കാളിത്തവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കാര്‍ഷികമേഖലയില്‍ ഗവേഷണ-വികസന മേഖലകളില്‍ പൊതുമേഖല പ്രധാന സംഭാവന നല്‍കിയിട്ടുണ്ടെന്നും സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗോതമ്പ്, നെല്ല് എന്നിവയില്‍ മാത്രം ഒതുങ്ങാതിരിക്കാന്‍ കര്‍ഷകര്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. രാജ്യത്തെ കാര്‍ഷിക മേഖല ആഗോള തലത്തിലെ സംസ്കരിച്ച ഭക്ഷ്യ വിപണിയിലേക്ക് വ്യാപിപ്പിക്കണം. ഗ്രാമങ്ങളില്‍ കാര്‍ഷിക വ്യവസായ ക്ലസ്റ്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഗ്രാമീണ ജനങ്ങള്‍ക്ക് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ പകര്‍ച്ചവ്യാധിയുടെ കാലഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമീണതലത്തില്‍ മണ്ണ് പരിശോധനയ്ക്കായി ശൃംഖല സ്ഥാപിക്കുന്നതിനും കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.