Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുപിയില്‍ ഒവൈസി-ശിവ്പാല്‍ സഖ്യനീക്കം ഊര്‍ജിതം

1 min read

ലക്നൗ: സമാജ്വാദി പാര്‍ട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവിന്‍റെ അമ്മാവനായ ശിവ്പാല്‍ യാദവിന്‍റെ പ്രഗതിഷീല്‍ സമാജ്വാദി പാര്‍ട്ടി അഖിലേന്ത്യാ മജ്ലിസ് ഇ-ഇറ്റെഹാദുല്‍ മുസ്ലിമീന്‍ (എഐഐഎംഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയുമായി അടുക്കുന്നതായി റിപ്പോര്‍ട്ട്. അഖിലേഷും ശിവ്പാല്‍ യാദവും മുന്‍പ് ഒരു ധാരണയിലെത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. യാദവിന്‍റെ പ്രഗതിഷീല്‍ സമാജ്വാദി പാര്‍ട്ടി എസ്പിയില്‍ ലയിക്കുന്നതിനെ അഖിലേഷ് അനുകൂലിച്ചിരുന്നു. എന്നാല്‍ ശിവ്പാല്‍ അതിന് തയ്യാറായിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം സ്വന്തം നിലയ്ക്ക് പുതിയ കൂട്ടുകെട്ടുകള്‍ ഉറപ്പിക്കുമ്പോള്‍ അത് സമാജ്വാദി പാര്‍ട്ടിക്കും ഭീഷണിയാകാം.

കഴിഞ്ഞ ശനിയാഴ്ചയാണ് ശിവ്പാല്‍ യാദവ് ആസാംഗഢില്‍വെച്ച് അസദുദ്ദീന്‍ ഒവൈസിയുമായി കൂടിക്കാഴ്ച നടത്തിയത്. എഐഐഎം ഉത്തര്‍പ്രദേശ് നേതാവ് ഷൗക്കത്ത് അലിയുടെ കുടുംബത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒവൈസിയും ശിവ്പാല്‍ യാദവും എത്തിയിരുന്നു. ഇരുനേതാക്കളും ഒരു നീണ്ട ചര്‍ച്ച നടത്തിയതായി വിവാഹത്തില്‍ പങ്കെടുത്ത അതിഥികള്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലും മാറ്റിനിര്‍ത്തിയ ശേഷമാണ് ഇരുവരും ചര്‍ച്ച നടത്തിയത്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സഖ്യസാധ്യതകളെക്കുറിച്ചും അവര്‍ സംസാരിച്ചതായാണ് വിവരം.അതിനുശേഷം രണ്ട് നേതാക്കളും മാധ്യമങ്ങളോട് സംസാരിച്ചുമില്ല.

ബിജെപിയ പരാജയപ്പെടുത്താന്‍ സമാനചിന്താഗതിക്കാരുടെ ഒരു ഐക്യം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ശിവ്പാല്‍പറയുന്നു. അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം സഖ്യവും സീറ്റ് പങ്കിടലും ഔപചാരികമാക്കാന്‍ ഇരു നേതാക്കളും തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ‘സഖ്യം രൂപീകരിക്കാന്‍ അഖിലേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ എല്ലാവരും കൈകോര്‍ക്കണം” ശിവ്പാല്‍ പറഞ്ഞു. എന്നിരുന്നാലും, പിഎസ്പിഎല്‍ എസ്പിയുമായി ലയിപ്പിക്കുന്നത് അദ്ദേഹം നിരസിച്ചു.

വിവാഹ ചടങ്ങില്‍ ചടങ്ങില്‍ സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) മേധാവി ഓം പ്രകാശ് രാജ്ഭാര്‍ പങ്കെടുത്തില്ല.”മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പാര്‍ട്ടി പരിപാടികള്‍ കാരണം എനിക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ അസംഘഡില്‍ എത്താന്‍ കഴിഞ്ഞില്ല, എന്നാല്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ തുടരുകയാണ്. എസ്പിക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും പോലും ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും അതിനാല്‍ ഞങ്ങളുടെ മുന്നണിയില്‍ ചേരുന്നതിനുള്ള ഓപ്ഷനുകള്‍ ഞങ്ങള്‍ തുറന്നിരിക്കുകയാണ്” ഓം പ്രകാശ് രാജ്ഭാര്‍ പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ഈ ശ്രമങ്ങളുടെ ഫലം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3