1.54 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡിന് തയാര്‍
ന്യൂഡെല്‍ഹി: ഭാരത്നെറ്റ് പദ്ധതി പ്രകാരം 1.54 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സജ്ജമായെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്തെ ആള്‍ത്താമസമുള്ള 5,97,618 ഗ്രാമങ്ങളില്‍ (2011 ലെ സെന്‍സസ് പ്രകാരം) മൊത്തം 5,58,537 ഗ്രാമങ്ങളില്‍ 3 ജി അല്ലെങ്കില്‍ 4 ജി മൊബൈല്‍ വയര്‍ലെസ് കവറേജ് ഉണ്ട്.
രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും (ഏകദേശം 2.5 ലക്ഷം) ബ്രോഡ്ബാന്‍ഡ് / അതിവേഗ ഇന്‍റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വഴി ബന്ധിപ്പിക്കുന്നതിനായാണ് ഭാരത്നെറ്റ് പദ്ധതി നടപ്പിലാക്കുന്നത്. 2021 ഫെബ്രുവരി 26 വരെ ബ്ലോക്ക് ആസ്ഥാനം ഉള്‍പ്പെടെ 1,54,096 പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് പശ്ചാത്തല സൗകര്യം സജ്ജമാക്കി സേവനം നല്‍കാന്‍ തയാറാക്കിയെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
2021 നവംബറോടെ ഭാരത്നെറ്റ് പ്രോജക്ടിന് കീഴിലുള്ള സാറ്റലൈറ്റ് മീഡിയ വഴി 5,519 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കാനാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ലക്ഷ്യമിടുന്നത്. 2021 മാര്‍ച്ച് 1ലെ കണക്ക് പ്രകാരം 3,587 ഗ്രാമപഞ്ചായത്തുകള്‍ ഇത്തരത്തില്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു.