8 മുഖ്യ വ്യവസായങ്ങളിലെ ഉല്‍പ്പാദനത്തില്‍ 1.3% ഇടിവ്
1 min read
വൈദ്യുതി ഉല്‍പ്പാദനത്തില്‍ 4.2 ശതമാനം വര്‍ധനയുണ്ടായി
ന്യൂഡെല്‍ഹി: ഇന്ത്യയിലെ എട്ട് മുഖ്യ വ്യവസായങ്ങളിലെ മൊത്തം ഉല്‍പാദനം ഡിസംബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.3 ശതമാനം ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 3.1 ശതമാനം ഉല്‍പ്പാദന വളര്‍ച്ചയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 2020 നവംബറില്‍ 1.4 ശതമാനം ഇടിവാണ് മുഖ്യ വ്യവസായങ്ങളിലെ മൊത്തം ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തിയിരുന്നത്. വ്യാവസായിക ഉല്‍പാദന സൂചികയില്‍ (ഐഐപി) ഉള്‍പ്പെടുത്തിയിട്ടുള്ള ഇനങ്ങളുടെ അളവില്‍ 40.27 ശതമാനവും എട്ടു മുഖ്യ വ്യവസായങ്ങളില്‍ നിന്നുള്ളവയാണ്. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, ശുദ്ധീകരണ ഉല്‍പന്നങ്ങള്‍, രാസവളങ്ങള്‍, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നിവയെയാണ് മുഖ്യ വ്യവസായങ്ങളായി കണക്കാക്കുന്നത്.
ഐഐപിയില്‍ 10.33 ശതമാനം പങ്കുവഹിക്കുന്ന കല്‍ക്കരി ഉല്‍പ്പാദനം മറ്റുള്ളവയെ അപേക്ഷിച്ച് നല്ല പ്രകടനം കാഴ്ചവച്ചു, 2019 ഡിസംബറിനെ അപേക്ഷിച്ച് 2020 ഡിസംബറില്‍ 2.2 ശതമാനം വര്‍ധന. 28.04 ന്റെ ഏറ്റവും ഉയര്‍ന്ന വെയിറ്റേജ് ഉള്ള റിഫൈനറി വ്യവസായത്തിലെ ഉല്‍പാദനം ഡിസംബറില്‍ 2.8 ശതമാനം കുറഞ്ഞു. അതേസമയം, സൂചികയില്‍ 19.85 ശതമാനം പങ്കുവഹിക്കുന്ന വൈദ്യുതി ഉല്‍പ്പാദനത്തില്‍ 4.2 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ മാസം സ്റ്റീല്‍ ഉല്‍പ്പാദനം 2.7 ശതമാനം കുറഞ്ഞു.
8.98 വെയ്‌റ്റേജുള്ള ക്രൂഡ് ഓയില്‍ സംസ്‌കരണം ഡിസംബറില്‍ 3.6 ശതമാനം കുറഞ്ഞപ്പോള്‍
പ്രകൃതിവാതക ഉല്‍പ്പാദനം 7.2 ശതമാനം കുറവ് പ്രകടമാക്കി. സിമന്റ് ഉല്‍പ്പാദനം 9.7 ശതമാനം ഇടിഞ്ഞു. രാസവള നിര്‍മാണത്തില്‍ 2.9 ശതമാനം കുറവാണ് ഉണ്ടായത്. വ്യാവസായിക, സേവന മേഖലകളിലെ മറ്റ് പ്രധാന സൂചകങ്ങളില്‍ വീണ്ടെടുപ്പ് രേഖപ്പെടുത്തുമ്പോഴും തുടര്‍ച്ചയായ മൂന്നാം മാസമാണ് മുഖ്യ വ്യവസായങ്ങള്‍ ഇടിവ് പ്രകടമാക്കുന്നതെന്ന് ഐസിആര്‍എ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു. വാഹന ഉല്‍പ്പാദന പ്രവണതകളും എണ്ണ ഇതര ചരക്ക് കയറ്റുമതിയിലെ വീണ്ടെടുക്കലും കണക്കിലെടുത്ത് ഐഐപി 2020 ഡിസംബറില്‍ 0.5-1.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.