വൈറസ് ഉത്ഭവിച്ചത് എവിടെയെന്ന് അറിയില്ലെന്ന് വിദഗ്ധര്‍
1 min readന്യൂഡെല്‍ഹി: കൊറോണ വൈറസിന്‍റെ ഉദ്ഭവം സംബന്ധിച്ച് ചൈനയുടെ വാദം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ചിരിക്കുന്നു. ലബോറട്ടറി ചോര്‍ച്ചയില്‍ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന സംശയം ഡബ്ല്യുഎച്ച്ഒ അന്വേഷകര്‍ ഒരേസമയം തള്ളിക്കളഞ്ഞു. കൂടാതെ ചൈനയ്ക്കപ്പുറത്ത് വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള ബെയ്ജിംഗിന്‍റെ സിദ്ധാന്തങ്ങളെ അന്വേഷകര്‍ അംഗീകരിക്കുകയും ചെയ്തു. ചൈനീസ് അധികാരികളുടെ പ്രചാരണ വിജയമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ഒപ്പം ലോകാരോഗ്യസംഘടനയുടെ വിചിത്രമായ തെറ്റിദ്ധാരണയും പുറത്തുവരുന്നു. വുഹാനില്‍നിന്നു പടര്‍ന്ന മഹാമാരിയുടെ ആദ്യകാല വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍തന്നെ ഡബ്ല്യുഎച്ച്ഒ ആഗോളതലത്തില്‍ ചൈനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഡബ്ല്യുഎച്ച്ഒ ഷി ജിന്‍പിംഗിന്‍റെ കളിപ്പാവയാണെന്ന വിമര്‍ശനങ്ങള്‍ നേരിട്ടു. ഇപ്പോള്‍ വിദഗ്ധ സംഘത്തിന്‍റെ അന്വേഷണങ്ങള്‍ തുടരുകയാണ്.
കൊറോണ വൈറസ് മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകര്‍ന്നു എന്നതാണ് ചൈനയുടെ വാദം. വുഹാനിലെ പ്രശസ്തമായ ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍നിന്നുമാണ് മഹാമാരി ഉത്ഭവിച്ചതെന്ന് അവര്‍ പറയുന്നു. ഇവിടെ വന്യമൃഗങ്ങളുടെ മാംസം വരെ വില്‍പ്പനക്കെത്തുന്നുണ്ട്. എന്നാല്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നാണ് വൈറസ് വ്യാപനം ഉണ്ടായതെന്നാണ് മറുവാദം. യുസ് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഈ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്ന നേതാവായിരുന്നു. ഇക്കാരണത്താല്‍ യുഎസ് സഖ്യകക്ഷികള്‍ക്കും അതേസ്വരം മാത്രമായി. പക്ഷേ ഈ ആരോപണങ്ങള്‍ക്ക് സാഹചര്യത്തെളിവുകള്‍മാത്രമാണ് ഉണ്ടായിരുന്നത്.
ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലുകള്‍ ചൈനീസ് കമ്യൂണിസ്റ്റുപാര്‍ട്ടിയെ പിന്തുണയ്ക്കുന്നതാണ്. വൈറസ് ചൈനയുട അതിര്‍ത്തിക്ക് പുറത്തുനിന്നുമാകാമെന്നും വുഹാനില്‍ കണ്ടെത്തിയപ്പോള്‍ മാത്രമാണ് അത് ശ്രദ്ധയാകര്‍ഷിച്ചത് എന്നുമുള്ള നയത്തിലേക്ക് പാര്‍ട്ടി നയംമാറ്റി. ഇതിനെ ഇപ്പോള്‍ വുഹാന്‍ സന്ദര്‍ശിച്ച അന്വേഷക സംഘം ശരിവെച്ചു. ഡബ്ല്യുഎച്ച്ഒ ചൈന കേന്ദ്രീകൃത പക്ഷപാതം പുലര്‍ത്തുന്നു എന്ന ആരോപണങ്ങള്‍ക്ക് ആഴം കൂട്ടുന്നതാണ് അന്വേഷകസംഘത്തിന്‍റെ കണ്ടെത്തലുകള്‍. കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിയിട്ടും, കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന്‍റെ യഥാര്‍ത്ഥ ഉറവിടം തിരിച്ചറിയുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന സമ്മതിച്ചിട്ടുണ്ട്. ഈ നീക്കം വിമര്‍ശനം ഒരു പരിധിവരെ കുറയ്ക്കുന്നതിനുവേണ്ടിയാകാം എന്ന വാദവും നിലനില്‍ക്കുന്നു.
ഡബ്ല്യുഎച്ച്ഒ സംഘത്തിന്‍റെ കണ്ടെത്തലുകള്‍ ഇവയാണ്. ലാബില്‍നിന്നും വൈറസ് വ്യാപനം ഉണ്ടായി എന്ന വാദത്തോട് അന്വേഷകസംഘം യോജിക്കുന്നില്ല. ഇക്കാര്യത്തെകകുറിച്ച് ഇനി കൂടുതല്‍ അന്വേഷണം ഉണ്ടാകില്ലെന്നും അവര്‍ പറയുന്നു.
പകര്‍ച്ചവ്യാധിയുടെ യഥാര്‍ത്ഥ ഉറവിടം ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റും ആയിരിക്കില്ല. വൈറസ് വുഹാനില്‍ കണ്ടെത്തുന്നതിനുമുമ്പ് അതിര്‍ത്തികള്‍ കടന്നിട്ടുണ്ടാവാമെന്നും അവര്‍ നിരീക്ഷിക്കുന്നു. ശീതീകരിച്ച ഭക്ഷണത്തിലൂടെ വൈറസ് വ്യാപിക്കാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിന്‍റെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. കൊറോണ വൈറസിനെക്കുറിച്ചുള്ള പഠനം വവ്വാലുകളില്‍ അത് നിന്നാണ് ഉത്ഭവിക്കുന്നതെന്ന് പറയുന്നു. എന്നാല്‍ ഇത് വുഹാനിലായിരിക്കാന്‍ സാധ്യതയില്ലെന്നും അന്വേഷകര്‍ വ്യക്തമാക്കുന്നു. കൂടാതെ 2019 ഡിസംബറിന് മുമ്പ് വുഹാനില്‍ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നു എന്നതിന് തെളിവുകളൊന്നുമില്ലെന്നും അവര്‍ വ്യക്തമാക്കി. ചുരുക്കത്തില്‍ അന്വേഷകസംഘം ചൈനക്ക് ക്ലീന്‍ചിറ്റ് നല്‍കി എന്നു പറയാം.
വൈറസിന്‍റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ ഇനിയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മിഷന്‍ മേധാവി പീറ്റര്‍ ബെന്‍ എംബാരെക് പറയുന്നു. അന്വേഷണത്തിന് തെക്ക് കിഴക്കന്‍ ഏഷ്യയെ കേന്ദ്രീകരിക്കാനാണ് ശ്രമം. ലോകാരോഗ്യസംഘടന നിലവില്‍ അന്വേഷണ ദൗത്യത്തിന്‍റെ അവസാനഘട്ടത്തിലാണ്. ചൈനയിലെ മധ്യ ഹുബെ പ്രവിശ്യയിലെ വുഹാന്‍ ആണ് 2019 ല്‍ വൈറസ് കണ്ടെത്തിയ ലോകത്തിലെ ആദ്യത്തെ സ്ഥലം. അതിനുശേഷം 106 ദശലക്ഷത്തിലധികം കേസുകളും 2.3 ദശലക്ഷം മരണങ്ങളും ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റിലേക്കുള്ള വിതരണശൃംഖല വളരെ വലുതാണ്. ഉല്‍പ്പന്നങ്ങള്‍ ചൈനയുടെ മറ്റ് ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും എത്തുന്നുണ്ട്. അതിനാല്‍ വൈറസിന്‍റെ ഉത്ഭവം കണ്ടെത്തുന്നതിന് അതിന്‍റെ വിതരണ ശൃംഖലകളില്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്ന് സംഘാംഗം ഡോ. പീറ്റര്‍ ദസാക്ക് അഭിപ്രായപ്പെട്ടു.