എന്‍എംസി ഹെല്‍ത്ത്‌കെയറിന്റെ വരുമാനത്തില്‍ ആറ് ശതമാനം ഇടിവ്
1 min readഅബുദാബി: ഇന്ത്യക്കാരനായ ബി ആര്‍ ഷെട്ടി സ്ഥാപിച്ച യുഎഇ ആസ്ഥാനമായ എന്‍എംസി ഹെല്‍ത്ത്‌കെയറിന്റെ വരുമാനം കഴിഞ്ഞ വര്‍ഷം 6 ശതമാനം ഇടിഞ്ഞ് 1.53 ബില്യണ്‍ ഡോളറായി. സാമ്പത്തിക തിരിമറിയും കടബാധ്യതയും മൂലം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ എന്‍എംസിയില്‍ പുനഃസംഘടന നടപടികള്‍ പുരോഗമിക്കുകയാണ്.
2019ല്‍ 1.63 ബില്യണ്‍ ഡോളറായിരുന്നു എന്‍എംസിയുടെ വരുമാനം. 2019നെ അപേക്ഷിച്ച് യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 6.8 ശതമാനം ഇടിഞ്ഞ് 1.12 ബില്യണ്‍ ഡോളറായി. കോവിഡ്-19 പകര്‍ച്ചവ്യാധി മാര്‍ച്ച്, ജൂലൈ മാസങ്ങളില്‍ വരുമാനത്തെ സാരമായി ബാധിച്ചെങ്കിലും രണ്ടാംപാദത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായി എന്‍എംസി പ്രസ്താവനയിലൂടെ അറിയിച്ചു. ദീര്‍ഘകാല, ഹോംകെയര്‍, ഐവിഎഫ് വിഭാഗങ്ങളും ആശുപത്രികളും കോസ്‌മെറ്റിക്‌സ് മേഖലയും പൊതുവെ ഭേദപ്പെട്ട പ്രകടനമാണ് രണ്ടാംപാദത്തില്‍ കാഴ്ച വെച്ചത്.
വായ്പാദാതാക്കളുടെ ഭാഗത്ത് നിന്നുള്ള നിയമനടപടികളില്‍ നിന്നും രക്ഷ നേടുന്നതിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എന്‍എംസി എഡിജിഎം നടപടികള്‍ക്ക് വിധേയമായത്. റിച്ചാര്‍ഡ് ഫ്‌ളെമിംഗും ബെന്‍ കയിര്‍ന്‌സുമാണ് എന്‍എംസിയുടെ സംയുക്ത അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിതരായത്. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ പദ്ധതിയിടുന്ന സുപ്രധാനമല്ലാത്ത ആസ്തികളുടെ വില്‍പ്പനയ്ക്ക് ശേഷം യുഎഇയിലും ഒമാനിലും പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് പോകാന്‍ എന്‍എംസിക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്ന് പ്രസ്താവനയിലൂടെ കമ്പനി വ്യക്തമാക്കി.
കമ്പനിക്ക് കീഴിലുള്ള യൂഗിന്‍ (ലുആര്‍മിയ ആന്‍ഡ് ബോസ്റ്റണ്‍ ഐവിഎഫ്) ഏകദേശം 525 മില്യണ്‍ ഡോളറിന് ഫ്രെസ്‌നിയസ് ഹീലിയോസിന് വില്‍ക്കാന്‍ സമ്മതം അറിയിച്ചതായി ഡിസംബറില്‍ എന്‍എംസി അറിയിച്ചിരുന്നു. ഈ വര്‍ഷം പകുതിയോടെ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, യുഎഇയിലും ഒമാനിലുമുള്ള എന്‍എംസിയുടെ പ്രധാന ബിസിനസുകളില്‍ നിക്ഷേപകര്‍ക്കുള്ള താല്‍പ്പര്യം അറിയുന്നതിനുള്ള വില്‍പ്പന നടപടികള്‍ കമ്പനിയുടെ സാമ്പത്തിക ഉപദേശകരായ പെരല്ല വീന്‍ബര്‍ഗ് പാര്‍ട്‌ണേഴ്‌സും റെസൊണന്‍സ് കാപ്പിറ്റലും ആരംഭിച്ചിട്ടുണ്ട്. വായ്പാദാതാക്കളുമായുള്ള പുനഃസംഘടന ചര്‍ച്ചകള്‍ക്ക് സമാന്തരമായാണ് വില്‍പ്പന നടപടികളും പുരോഗമിക്കുന്നത്.
യുഎഇ, ഒമാന്‍ ബിസിനസുകളില്‍ ഈ വര്‍ഷം 6 ശതമാനം വളര്‍ച്ചയാണ് എന്‍എംസി പ്രതീക്ഷിക്കുന്നത്.