ബാഡ് ബാങ്കിന്‍റെ പ്രാഥമിക മൂലധനത്തിലേക്ക് 7000 കോടി
9 ബാങ്കുകളും 2 ബാങ്ക് ഇതര വായ്പാദാതാക്കളും ചേര്‍ന്ന് 7000 കോടി നിക്ഷേപിക്കും
എസ്ബിഐയും പിഎന്‍ബിയും നിക്ഷേപമിറക്കി
കിട്ടാക്കടപ്രശ്നത്തിനുള്ള പരിഹാരമാണ് ബാഡ് ബാങ്ക്
മുംബൈ: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ബാഡ് ബാങ്കിലേക്ക് ഒമ്പത് ബാങ്കുകളും രണ്ട് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ചേര്‍ന്ന് 7000 കോടി രൂപ നിക്ഷേപമിറക്കും. നിര്‍ദ്ദിഷ്ട സ്ഥാപനം തുടങ്ങാനുള്ള പ്രാഥമിക മൂലധനത്തിലേക്കാണ് ഈ സംഭാവന. നിക്ഷേപമിറക്കുന്നവരുടെ കൂട്ടത്തില്‍ എസ്ബിഐയും പിഎന്‍ബിയും ബാങ്ക് ഓഫ് ബറോഡയുമുണ്ട്.
ബാങ്കിംഗ് മേഖലയുടെ എക്കാലത്തെയും തലവേദനയായ കിട്ടാക്കട പ്രശ്നം പരിഹരിക്കാനാണ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയെന്ന നിലയില്‍ ബാഡ് ബാങ്ക് എന്ന പുതിയൊരു സ്വതന്ത്ര സ്ഥാപനത്തിന് തുടക്കമിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
ബാഡ് ബാങ്കിനായി കേന്ദ്രം ഫണ്ട് മുടക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. സര്‍ക്കാര്‍ പണം നല്‍കുകയോ ഉടമസ്ഥാവകാശം കൈയാളുകയോ ചെയ്യാത്ത തരത്തിലായിരിക്കും സ്ഥാപനത്തിന്‍റെ ഘടനയെന്നാണ് സര്‍ക്കാരില്‍ നിന്നും നേരത്തെ ലഭിച്ച സൂചന. ഏകദേശം 2.25 ലക്ഷം കോടി രൂപയുടെ കിട്ടാക്കട വായ്പകള്‍ പുതിയതായി തുടങ്ങാനിരിക്കുന്ന ബാഡ് ബാങ്കിലേക്ക് മാറ്റപ്പെടും.
ബാഡ് ബാങ്ക് എന്ന സംവിധാനം പൂര്‍ണമായും ഫണ്ട് ചെയ്യുന്നതും നിയന്ത്രിക്കുന്നതും വാണിജ്യ ബാങ്കുകള്‍ തന്നെയായിരിക്കും. 500 കോടിക്ക് മുകളിലുള്ള കിട്ടാക്കടങ്ങള്‍ എല്ലാം ബാഡ് ബാങ്കിന് കീഴില്‍ കൊണ്ടു വരും. ഏകദേശം 70 ഓളം എക്കൗണ്ടുകളില്‍ നിന്നുള്ള വായ്പകളാകുമിത്.