December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ സ്‌കോഡ ഒക്ടാവിയ ജൂണ്‍ പത്തിന് അവതരിപ്പിച്ചേക്കും

സ്‌കോഡ ഡീലര്‍ഷിപ്പുകള്‍ സെഡാന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി  

മുംബൈ: നാലാം തലമുറ സ്‌കോഡ ഒക്ടാവിയ ജൂണ്‍ പത്തിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. സ്‌കോഡയുടെ ഇന്ത്യയിലെ ഒരു ഡീലറാണ് ലോഞ്ച് തീയതി വെളിപ്പെടുത്തിയത്. എന്നാല്‍ സ്‌കോഡ ഓട്ടോ ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, ഇതിനിടെ സ്‌കോഡ ഡീലര്‍ഷിപ്പുകള്‍ പുതിയ ഒക്ടാവിയ സെഡാന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഈ വര്‍ഷം ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നാണ് പുതിയ സ്‌കോഡ ഒക്ടാവിയ.

ലോഞ്ച് തീയതിയായി ജൂണ്‍ 10 പരിഗണിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമോയെന്നാണ് സ്‌കോഡ ഓട്ടോ ഇന്ത്യ കാത്തിരിക്കുന്നത്. ജൂണ്‍ ഒന്നിന് ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതു തലമുറ ഒക്ടാവിയ അടുത്ത മാസം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് കാത്തിരിക്കുകയാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്റ്റര്‍ സാക്ക് ഹോളിസ് കഴിഞ്ഞയാഴ്ച്ച പ്രസ്താവിച്ചിരുന്നു.

ഫാക്റ്ററിയില്‍നിന്ന് പുതിയ സ്‌കോഡ ഒക്ടാവിയ വൈകാതെ ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങുമെന്നാണ് വിവരം. കാറിന്റെ ഓണ്‍ റോഡ് വില ഏകദേശം 27.5 ലക്ഷത്തിനും 32 ലക്ഷത്തിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 18 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയില്‍ ഇന്ത്യാ എക്‌സ് ഷോറൂം വില നിശ്ചയിക്കാനും സാധ്യതയുണ്ട്. മഹാരാഷ്ട്രയിലെ ഔറംഗാബാദ് പ്ലാന്റില്‍ പുതു തലമുറ ഒക്ടാവിയ സെഡാന്റെ ഉല്‍പ്പാദനം ആരംഭിച്ചതായി ഏപ്രില്‍ തുടക്കത്തില്‍ സ്‌കോഡ ഓട്ടോ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. പ്രൊഡക്ഷന്‍ ലൈനില്‍നിന്ന് പുറത്തുവന്ന ആദ്യ യൂണിറ്റ് ടോപ് സ്‌പെക് ലോറന്‍ ക്ലെമന്റ് വേരിയന്റ് ആയിരുന്നു.

എന്‍ജിന്‍ സ്‌പെസിഫിക്കേഷനുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്റ്റാന്‍ഡേഡായി ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രം ലഭിച്ച 2.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍, സ്‌കോഡ കറോക്ക് ഉപയോഗിക്കുന്ന 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ എന്നിവയായിരിക്കും ഓപ്ഷനുകളെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ മോട്ടോര്‍ 188 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ രണ്ടാമത്തെ എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത് 148 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ്. എന്‍ജിന്‍ ഓപ്ഷനുകളുടെ കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

Maintained By : Studio3