5 ഡോര്‍ മഹീന്ദ്ര ഥാര്‍ വരുന്നു
2026 ഓടെ ഒമ്പത് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്നും അതിലൊന്ന് 5 ഡോര്‍ ഥാര്‍ ആയിരിക്കുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചു
ഇന്ത്യയില്‍ പുതു തലമുറ മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ 5 ഡോര്‍ വേര്‍ഷന്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്ഥിരീകരിച്ചു. നിലവില്‍ മൂന്ന് ഡോറുകളോടുകൂടിയ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനമാണ് മഹീന്ദ്ര ഥാര്‍. എക്‌സ്റ്റെന്‍ഡഡ് വേര്‍ഷന്‍ നിര്‍മിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. 2026 ഓടെ ഒമ്പത് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും അതിലൊന്ന് 5 ഡോര്‍ ഥാര്‍ ആയിരിക്കുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചു.
ഏത് വര്‍ഷത്തില്‍ 5 ഡോര്‍ ഥാര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയില്ല. എന്നാല്‍ 2023 നും 2026 നുമിടയില്‍ പുറത്തിറക്കുമെന്ന് അറിയിച്ചു. പുതു തലമുറ മഹീന്ദ്ര ബൊലേറോ, ബോണ്‍ ഇവി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി രണ്ട് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, പുതു തലമുറ എക്‌സ്‌യുവി 300, ഡബ്ല്യു620, വി201 എന്നീ കോഡ്‌നാമങ്ങള്‍ നല്‍കിയ രണ്ട് മോഡലുകള്‍ എന്നിവയും ഇതേ കാലയളവില്‍ വിപണിയിലെത്തിക്കും.
2020 ഒക്‌റ്റോബറിലാണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പ്രതീക്ഷിച്ചപോലെ അതിവേഗം വലിയ ഹിറ്റായി മാറി. നിരവധി ആധുനിക ക്രീച്ചര്‍ കംഫര്‍ട്ടുകള്‍ നല്‍കിയിരുന്നു. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, അലോയ് വീലുകള്‍, പിന്‍ നിരയില്‍ മുന്നിലേക്ക് നോക്കിയിരിക്കാവുന്ന സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഉന്നത നിലവാരമുള്ള ഇന്റീരിയര്‍ തുടങ്ങിയ ഫീച്ചറുകള്‍ നിരവധി ഉപയോക്താക്കളെയാണ് ആകര്‍ഷിച്ചത്. വാഹനത്തിലെ യാത്രക്കാരുടെ സുരക്ഷ പരിശോധിക്കുന്നതിനായി ഗ്ലോബല്‍ എന്‍കാപ് (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ഇടി പരിശോധനയില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയ മോഡലാണ് പുതു തലമുറ ഥാര്‍.
കുടുംബാംഗങ്ങളുമായി യാത്ര പോകുന്നതിന് എക്‌സ്റ്റെന്‍ഡഡ് വീല്‍ബേസ് സഹിതം 5 ഡോര്‍ വകഭേദം ഒരു പോരായ്മയായി തുടര്‍ന്നിരുന്നു. പുതിയ പ്രഖ്യാപനത്തോടെ മഹീന്ദ്ര ഥാറിന്റെ ആവശ്യകത നിരവധി മടങ്ങായി വര്‍ധിക്കുമെന്ന് ഉറപ്പാണ്. നിരവധി ഥാര്‍ പ്രേമികളും 5 ഡോര്‍ വേര്‍ഷന്‍ വേണമെന്ന് ശബ്ദമുയര്‍ത്തിയിരുന്നു. ഇവരുടെ ആവശ്യം വനരോദനമായി മാറിയില്ല.
5 ഡോര്‍ വേര്‍ഷന്‍ വരുമ്പോഴും സ്‌റ്റൈലിംഗ് സംബന്ധിച്ച് മാറ്റമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ ഉള്‍പ്പെടെ ചില അധിക ഫീച്ചറുകള്‍ നല്‍കിയേക്കും. ഫിക്‌സ്ഡ് മെറ്റല്‍ ഹാര്‍ഡ് റൂഫ് നല്‍കാനും സാധ്യത കാണുന്നു. കൂടുതല്‍ വിശാലമായ കാബിന്റെ രണ്ടാം നിരയില്‍ കൂടുതല്‍ ഇരിപ്പുസുഖം ലഭിക്കുന്ന സീറ്റുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ബൂട്ട് ശേഷി വര്‍ധിക്കുന്നതും സാധ്യതയാണ്.
മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമുണ്ടായേക്കില്ല. നിലവിലെ 3 ഡോര്‍ ഥാര്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ ഓപ്ഷനുകള്‍ നല്‍കും. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് നിലവിലെ ഥാറിന്റെ രണ്ട് എന്‍ജിനുകളുടെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. എല്ലാ വകഭേദങ്ങളിലും 4 വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേഡായി നല്‍കി.