സൂചിക്കെതിരെ പുതിയ അഴിമതി ആരോപണവുമായി സൈന്യം
യാങ്കൂണ്‍: മ്യാന്‍മറിലെ ജനകീയ നേതാവായ ആങ് സാങ് സൂചിക്കെതിരായ പുതിയ അഴിമതി ആരോപണങ്ങള്‍ ദേശീയ ടെലിവിഷനില്‍ സം്പ്രേക്ഷണം ചെയ്തു. സൂചിക്കെതിരായ കേസ് കൂടുതല്‍ ശക്തമാക്കാനാണ് സൈനിക ഭരണകൂടം ശ്രമിക്കുന്നതെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ബിസിനസ് ഉടമയായ യു മൗങ് വെയ്ക്ക്, 2017 മുതല്‍ സൂചിക്കോ അല്ലെങ്കില്‍ അവരുടെ അനുയായികള്‍ക്കോ പണം നിറഞ്ഞ എന്‍വലപ്പുകള്‍ എങ്ങനെയാണ് കൈമാറിയതെന്ന് വാര്‍ത്തയില്‍ വിശദീകരിക്കുന്നുണ്ട്. നാല് വ്യത്യസ്ത അവസരതതിലായി ആകെ 550,000 ഡോളര്‍ കൈമാറിയതായി വെയ്ക്ക് പറഞ്ഞു. ബിസിനസുകാരന്‍ കൈക്കൂലി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായും രാജ്യത്തെ അഴിമതി വിരുദ്ധ കമ്മീഷന്‍ അന്വേഷണം നടത്തിവരികയാണെന്നും വാര്‍ത്തയിലുണ്ട്.
ഫെബ്രുവരി ഒന്നിന് സൈന്യം അധികാരം പിടിച്ചെടുത്തശേഷം സൂചിയെയും മറ്റ് നേതാക്കളെയും തടവിലാക്കിയിരുന്നു. അതിനുശേഷം അവര്‍ക്കെതിരെ കുറ്റം ചാര്‍ത്തിവരികയാണ്.
എന്നാല്‍ സൂചിയുടെ അഭിഭാഷകനായ ഖിന്‍ മൗങ് സാവ് പുതിയ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ‘ഞാന്‍ ഇവിടെ വന്നത് അവളുടെ അഭിഭാഷകനെന്ന നിലയിലല്ല, ഒരു മ്യാന്‍മര്‍ പൗരനെന്ന നിലയിലാണ്. ഞങ്ങള്‍ എല്ലാവരും അവരുടെ സ്വഭാവത്തില്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് അവരെ പലവിധത്തില്‍ വിമര്‍ശിക്കാം, പക്ഷേ അഴിമതി ചൂണ്ടിക്കാട്ടി നിങ്ങള്‍ക്ക് അവരെ വിമര്‍ശിക്കാനാവില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. “ഞാന്‍ എല്ലായ്പ്പോഴും അവളുടെ സ്വഭാവം വിശ്വസിക്കുന്നു. അവള്‍ അഴിമതിക്കാരനാണെന്ന് ആരും വിശ്വസിക്കുന്നില്ല,” അഭിഭാഷകന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
2020 ലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് സൈനികഅട്ടിമറി നടന്നത്. അന്ന് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഭൂരിപക്ഷം സീറ്റുകളും നേടിയിരുന്നു. അട്ടിമറിക്ക്ശേഷം സൂചിയെയും അവരുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) പാര്‍ട്ടിയുടെ മറ്റ് മുതിര്‍ന്ന പ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കാണ് മ്യാന്‍മര്‍ സാക്ഷ്യം വഹിച്ചത്.