മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു
1 min readകര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, മുംബൈ, ഗോവ സംസ്ഥാനങ്ങളിലും പഠന സഹായം നല്‍കുന്നു
കൊച്ചി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനമികവ് പുലര്‍ത്തുന്ന പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2020-21ലെ മുത്തൂറ്റ് എം ജോര്‍ജ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ സ്കോളര്‍ഷിപ്പ് 40 വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. എറണാകുളത്തെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ് മുത്തൂറ്റ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ കുസാറ്റ് വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ കെ.എന്‍ മധുസൂദനന്‍ സ്കോളര്‍ഷിപ് വിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പഠനച്ചിലവേറിയ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അറിവും മികവും നേടുന്നതിനായി സ്കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിലൂടെ മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് പ്രൊഫസര്‍ (ഡോ) കെ.എന്‍ മധുസൂദനന്‍ പറഞ്ഞു. ഇത് തടസങ്ങളില്ലാതെ കോഴ്സ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനും തുടര്‍ന്ന് സമൂഹത്തിന് സംഭാവന ചെയ്യുന്നതിനും അവരെ സഹായിക്കുമെന്നും കുസാറ്റ് വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.
പഠന മികവു പുലര്‍ത്തുന്ന കുട്ടികളെ സാമ്പത്തിക ബാധ്യതകളില്ലാതെ പ്രൊഫഷണല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയാണ് ഫൗണ്ടേഷന്‍ ചെയ്യുന്നതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. മുത്തൂറ്റ് ഗ്രൂപ്പ് സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പത്താം ക്ലാസ് മുതല്‍ പഠനസഹായം നല്‍കി വരുന്നുണ്ട്.
കേരളത്തിന് പുറമേ, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, മുംബൈ, ഗോവ സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കി വരുന്നുണ്ടെന്ന് ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചു.