Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അടുത്ത രണ്ട് വര്‍ഷത്തിനിടെ ഷഓമി ഇന്ത്യയില്‍ 100 കോടിയുടെ നിക്ഷേപം നടത്തും

1 min read

2020 ന്‍റെ നാലാം പാദത്തില്‍ കമ്പനിയുടെ വിപണി വിഹിതം വാര്‍ഷികാടിസ്ഥാനത്തില്‍ 1 ശതമാനം കുറഞ്ഞിരുന്നു

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷഓമിക്ക് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 30,000 റീട്ടെയ്ല്‍ ടച്ച് പോയിന്‍റുകള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കും. രാജ്യത്തെ തങ്ങളുടെ റീട്ടെയില്‍ വ്യാപാരം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 15,000 റീട്ടെയ്ല്‍ ടച്ച് പോയിന്‍റുകളാണ് കമ്പനിക്കുള്ളത്.

പുതിയ സ്റ്റോറുകള്‍ സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും റീട്ടെയില്‍ പങ്കാളികളെ സഹായിക്കുന്നതിന് നിക്ഷേപം ഉപയോഗിക്കുമെന്ന് കമ്പനി പറയുന്നു. ഇന്ത്യയിലെ ഗ്രാമീണ വിപണികളില്‍ റീട്ടെയ്ല്‍ സംരംഭകത്വം വളര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും പതിനായിരത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു.

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ

പുതിയ മി റീട്ടെയില്‍ അക്കാദമി അവതരിപ്പിക്കുമെന്നും ഷഓമി വ്യക്തമാക്കിയിട്ടുണ്ട്. അവിടെ സെയ്ല്‍സ്, ഉപഭോക്തൃ മാനേജുമെന്‍റ് ജീവനക്കാര്‍ക്കായി ഇന്‍-സ്റ്റോര്‍ ഡിസൈനിംഗ്, മാര്‍ക്കറ്റിംഗ്, ഉപഭോക്തൃ സേവനം, റീട്ടെയില്‍ മികവ് എന്നിവയില്‍ പരിശീലനം നല്‍കും.

‘ഈ പുതിയ സംരംഭത്തിലൂടെ, ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിലും ഉപഭോക്താക്കള്‍ക്ക് അവരുടെ സമീപത്ത് വാങ്ങല്‍ നടത്താനുമുള്ള സൗകര്യം ഒരുക്കുന്നതിലും ഞങ്ങള്‍ ദൃഢ നിശ്ചയത്തിലാണ്,” ഷഓമി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ മനു ജെയിന്‍ പറഞ്ഞു.

രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മൊത്തത്തിലുള്ള ഇടിവിന് ഇടയില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഷഓമിയുടെ വിപണി വിഹിതത്തിലും നേരിയ ഇടിവുണ്ടായി. ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 2020 ല്‍ 4% ഇടിവ് രേഖപ്പെടുത്തി. കൊറോണ വിതരണ ശൃംഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധികളും മറ്റ് ആഗോള വെല്ലുവിളികളുമാണ് അതിന് കാരണം.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ചില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, 2020 ന്‍റെ നാലാം പാദത്തില്‍ കമ്പനിയുടെ വിപണി വിഹിതം വാര്‍ഷികാടിസ്ഥാനത്തില്‍ 1 ശതമാനം കുറഞ്ഞു. ചരക്കുനീക്കത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 26 ശതമാനം ഷഓമിയുടേതാണ്. 19 ശതമാനം വിപണി വിഹിതത്തോടെ സാംസംഗ് ആണ് രണ്ടാം സ്ഥാനത്ത്.

Maintained By : Studio3