മുബദല ഹെല്‍ത്ത് യുഇമെഡിക്കലിലെ 60 ശതമാനം ഓഹരികള്‍ വാങ്ങി
യുഎഇയിലും സൗദി അറേബ്യയിലും നിരവധി ആശുപത്രികളും ക്ലിനിക്കുകളുമുള്ള ആതുരസേവന ശൃംഖലയാണ് യുഇമെഡിക്കല്‍.
ദുബായ്: അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മുബദല ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ ഉപസ്ഥാപനമായ മുബദല ഹെല്‍ത്ത്, യുണൈറ്റഡ് ഈസ്റ്റേണ്‍ മെഡിക്കല്‍ സര്‍വ്വീസസിലെ (യുഇമെഡിക്കല്‍) 60 ശതമാന ഓഹരികള്‍ വാങ്ങി. യുഎഇയിലും സൗദി അറേബ്യയിലും നിരവധി ആശുപത്രികളും ക്ലിനിക്കുകളുമുള്ള ആതുരസേവന ശൃംഖലയാണ് യുഇമെഡിക്കല്‍.
2005ല്‍ യുണൈറ്റഡ് ഈസ്റ്റേണ്‍ ഗ്രൂപ്പാണ് (യുഇജി)യുഇമെഡിക്കല്‍സ് സ്ഥാപിച്ചത്. സ്ത്രീകളുടെ ആരോഗ്യം, ഫാമിലി മെഡിസിന്‍, ശിശുരോഗ വിഭാഗം, വന്ധ്യത, നേത്ര സംരക്ഷണം, ദന്തസംരക്ഷണം, ത്വക്രോഗ ചികിത്സ എന്നീ മേഖലകള്‍ക്കാണ് കമ്പനി ഊന്നല്‍ നല്‍കുന്നത്. 2016ല്‍ സൗദി അറേബ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ജദ്വ ഇന്‍വെസ്റ്റ്മെന്റ് യുഇമെഡിക്കലിലെ 42 ശതമാനം ഓഹരികള്‍ വാങ്ങിയിരുന്നു. ഈ ഓഹരിവില്‍പ്പന കൈകാര്യം ചെയ്തിരുന്നത് എച്ച്എസ്ബിസി ബാങ്കായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 800 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ബിസിനസാണ് യുഇമെഡിക്കലിനുള്ളതെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെവരുമ്പോള്‍ 480 മില്യണ്‍ ഡോളറായിരിക്കും യുഇമെഡിക്കലിലെ ഓഹരികള്‍ വാങ്ങുന്നതിനായി മുബദാല ചിലവഴിച്ചിട്ടുണ്ടാകുക.
യുഇഹെല്‍ത്ത് ഓഹരികള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ ദനത് അല്‍ എമറാത് ഹോസ്പിറ്റല്‍, ഹെല്‍ത്ത്പ്ലസ് നെറ്റ് വര്‍ക്ക് ഓഫ് സെപ്ഷ്യാലിറ്റി സെന്റേഴ്സ്, മേഖലയിലെ ഏറ്റവും വലിയ ഐവിഎഫ് സേവന ദാതാക്കളായ ഹെല്‍ത്ത്പ്ലസ് ഫെര്‍ട്ടിലിറ്റി, അബുദാബിയിലെ മൂര്‍ഫീല്‍ഡ്സ് നേത്രാശുപത്രിസ സൗദി അറേബ്യയിലെ ഏറ്റവും വലിയ ദന്ത സംരക്ഷണ, ത്വക്രോഗ ചികിത്സ കേന്ദ്രമായ അല്‍ മെസ്വാക് ഡെന്റല്‍ ക്ലിനിക്കുകള്‍ എന്നിവ മുബദല ഹെല്‍ത്തിലേക്ക് കൂട്ടിച്ചേര്‍ക്കും. കഴിഞ്ഞ ദശാബ്ദത്തിനിടെ, യുഇമെഡിക്കല്‍ വലിയ വളര്‍ച്ചയും വിജയവുമാണ് സ്വന്തമാക്കിയതെന്ന് മുബദല ഹെല്‍ത്ത് ചീഫ് എക്സിക്യുട്ടീവ് ഹസ്സന്‍ ജാസിം അല്‍ നൊവൈസ് പറഞ്ഞു. യുഎഇയിലും ജിസിസി മേഖലയിലും മുബദല ഹെല്‍ത്ത് ശൃംഖലയുടെ പ്രവര്‍ത്തനം ശക്തമാക്കാനും രോഗിയുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള തരത്തില്‍ പ്രാദേശിക ആരോഗ്യസംരക്ഷണ മേഖലയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള മുബദല ഹെല്‍ത്തിന്റെ പ്രതിബദ്ധതയ്ക്ക ശക്തി പകരാനും ഈ ഏറ്റെടുപ്പ് സഹായകമാകുമെന്ന് ഹസ്സന്‍ ജാസിം കൂട്ടിച്ചേര്‍ത്തു.
ആഴത്തിലുള്ള വിലയിരുത്തലുകള്‍ക്ക് ശേഷമാണ് യുഇമെഡിക്കലിന്റെ വളര്‍ച്ചാശേഷി തിരിച്ചറിഞ്ഞുകൊണ്ട് 2016ല്‍ യുഇയിലെ 42 ശതമാനം ഓഹരികള്‍ വാങ്ങിയതെന്ന് ജദ്വ ഇന്‍വെസ്റ്റ്മെന്റ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ താരിഖ് അല്‍ സുദൈറി പറഞ്ഞു. മുബദല ഹെല്‍ത്തുമായുള്ള യുഇമെഡിക്കലിന്റെ പുതിയ പങ്കാളിത്തത്തില്‍ അഭിമാനമുണ്ടെന്നും വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ മുബദല ഹെല്‍ത്തിനും യുഇയിലെ മാനേജ്മെന്റ് ടീമിനും ഒപ്പം നില്‍ക്കുമെന്നും താരിഖ് അല്‍ സുദൈരി പറഞ്ഞു.
അബുദാബി ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഒലീവ് റോക്ക് പാര്‍ട്ണേഴ്സ് യുഇമെഡിക്കലിലെ ന്യൂനപക്ഷ ഓഹരികള്‍ വാങ്ങിയതായി കഴിഞ്ഞിടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.