വാണിജ്യ വായ്പകളില്‍ 13 ശതമാനം: വര്‍ധനവ് എംഎസ്എംഇ പള്‍സ് റിപ്പോർട്ട്

കൊച്ചി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്കുള്ള വാണിജ്യ വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനം വളര്‍ച്ച കൈവരിച്ചു. 2025 മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം ഈ മേഖലയിലേക്കുള്ള മൊത്തം വായ്പകള്‍ 35.2 ലക്ഷം കോടി രൂപയായി വളര്‍ന്നിട്ടുണ്ട്. ട്രാന്‍സ്യൂണിയന്‍ സിബിലിന്‍റേയും സിഡ്ബിയുടേയും മെയ് മാസത്തെ എംഎസ്എംഇ പള്‍സ് റിപോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പുതുതായി വായ്പകള്‍ തേടുന്ന എംഎസ്എംഇകളുടെ കാര്യത്തില്‍ 47 ശതമാനം വര്‍ധനവും ദൃശ്യമാണ്. എംഎസ്എംഇ മേഖലയിലെ മൊത്തത്തിലുള്ള ബാലന്‍സ് നിലയുടെ അപര്യാപ്തത 1.8 ശതമാനമായി മെച്ചപ്പെട്ടിട്ടുമുണ്ട്. മുന്‍ വര്‍ഷം ഇത് 2.1 ശതമാനമായിരുന്നു. 50 ലക്ഷം രൂപ മുതല്‍ 50 കോടി രൂപ വരെയുള്ള വായ്പാ വിഭാഗത്തിലാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ മെച്ചപ്പെടലുണ്ടായത്. അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ വാണിജ്യ വായ്പകള്‍ക്കുള്ള ആവശ്യം വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധിച്ചതായാണ് 2025 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എംഎസ്എംഇ മേഖലയ്ക്ക് സുസ്ഥിര വളര്‍ച്ച കൈവരിക്കാന്‍ ഔപചാരിക മേഖലയില്‍ നിന്നുള്ള വായ്പകള്‍ ലഭ്യമാകേണ്ടതുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ട്രാന്‍സ്യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭാവേഷ് ജെയിന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ മേഖലയെ പിന്തുണക്കുകയും ഫലപ്രദമായ സാമ്പത്തിക ആസൂത്രണ സൗകര്യങ്ങള്‍ അവയ്ക്കു ലഭ്യമാക്കുകയും ചെയ്യുന്നത് വളരെ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.