November 26, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പാര്‍ട്ടിയില്‍ നല്ലരീതികള്‍ മെച്ചപ്പെടുത്താന്‍ മോദി തയ്യാറെടുക്കുന്നു

1 min read

പുസ്തകങ്ങള്‍ വായിക്കണം; പഴയ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തണം

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനക്ക് പുറമേ ബിജെപിയില്‍ ഒരു പൊളിച്ചെഴുത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറെടുക്കുന്നു. ഇതിനോടനുബന്ധിച്ച് കഴിഞ്ഞദിവസം മോദി ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയില്‍ “നല്ല രീതികള്‍” പ്രോത്സാഹിപ്പിക്കാന്‍ യോഗത്തില്‍ പ്രധാനമന്ത്രി ഉത്തരവാദിത്തപ്പെട്ടവരെ ഉദ്ബോധിപ്പിച്ചു. “എല്ലാവര്‍ക്കും പ്രത്യേക താല്‍പ്പര്യവും സ്വഭാവഗുണങ്ങളുമുണ്ട്. അവരുടെ താല്‍പ്പര്യമനുസരിച്ച്, ചില നല്ല സമ്പ്രദായങ്ങള്‍ അവര്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ താഴേത്തട്ടുമുതല്‍ പ്രോത്സാഹിപ്പാന്‍ കഴിയും.
നാം അധികാരത്തിലുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധയോടെയുള്ള ജസേവനം നമ്മുടെ കടമയാണ്’, മോദി പറഞ്ഞു. സമൂഹത്തിലെ ഏറ്റവും താഴ്ന്ന തലങ്ങളില്‍ പോലും പ്രവര്‍ത്തനം നടക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. മന്ത്രിമാര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍, മോര്‍ച്ച പ്രസിഡന്‍റുമാര്‍ എന്നിവരുമായി ജൂണ്‍ ആദ്യം മുതല്‍ പ്രധാനമന്ത്രി നടത്തുന്ന പരമ്പരയുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച. കൂടിക്കാഴ്ച “സ്വതന്ത്രമായ ആശയ വിനിമയം” പോലെയായിരുന്നു. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും യോഗം ചര്‍ച്ചചെയ്തു. യോഗത്തില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രിമാരായ വിനോദ് താവ്ഡെ, പങ്കജ മുണ്ടെ, ഉത്തര്‍പ്രദേശ് എംപിമാരായ ഹരീഷ് ദ്വിവേദി, വിനോദ് സോങ്കര്‍, അനുപം ഹസ്ര, സത്യ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി.നദ്ദ, ജനറല്‍ സെക്രട്ടറി ബി. സന്തോഷ് എന്നിവരും സന്നിഹിതരായിരുന്നു.

ഒരു നീണ്ട ആമുഖ സെഷനോടെയാണ് മോദി യോഗം ആരംഭിച്ചത്. ദേശീയ സെക്രട്ടറിമാരോട് അവരുടെ ജോലി, ഉത്തരവാദിത്തങ്ങള്‍, താല്‍പ്പര്യമുള്ള മേഖലകള്‍ എന്നിവയെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അവരുടെ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പദ്ധതികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിനെക്കുറിച്ചും അദ്ദേഹം അവരുടെ അഭിപ്രായം തേടി. സേവാ പ്രവര്‍ത്തനം എങ്ങനെ ചെയ്യാമെന്നും മോണിറ്ററിംഗ് പ്രോഗ്രാം നടപ്പാക്കുന്നത് ഇടവേളകളില്ലാതെ എങ്ങനെ തുടരാം എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക് സൂചനകള്‍ നല്‍കിയതായി ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. രണ്ടാം തരംഗത്തിനിടെ കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന സമയത്ത് പലസ്ഥങ്ങളിലും ബിജെപി പ്രവര്‍ത്തകരുടെ അഭാവം മോദിയെ വേദനിപ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പഴയ കാര്യകര്‍ത്താക്കളെ വിളിച്ച് സംസാരിക്കുകയും അവരെ സന്ദര്‍ശിക്കുകയും വേണമെന്ന് മോദി നിര്‍ദേശിച്ചിട്ടുണ്ട്. നിരവധി പഴയ പാര്‍ട്ടി കാര്യകര്‍ത്താക്കളെയും നേതാക്കളെയും അവരുടെ ക്ഷേമം പരിശോധിക്കാന്‍ വിളിച്ചിട്ടുണ്ടെന്നും രണ്ടാമത്തെ കോവിഡ് തരംഗത്തില്‍ അവര്‍ക്ക് സഹായം ആവശ്യമുണ്ടോയെന്നും ചോദിച്ചതായും മോദി സെക്രട്ടറിമാരോട് പറഞ്ഞു. അങ്ങനെ ചെയ്യുന്നത് സംവിധാനം അടിത്തട്ടില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്താന്‍ സഹായിക്കും. അതിനോടൊപ്പം സെക്രട്ടറിമാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആളുകളെ കാണാനും പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ സഹായിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ആറ് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയെ “വ്യക്തമായ ആശയ വിനിമയം” എന്നാണ് ഒരു നേതാവ് വിശേഷിപ്പിച്ചത്. വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ഒരു നെഗറ്റീവ് ഫീഡ് ബാക്കും ഒരു പോസിറ്റീവ് പ്രതികരണവും നല്‍കാന്‍ മോദി ദേശീയ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു. ഏത് പദ്ധതിയാണ് മികച്ചതെന്നും ഇനിയും മികച്ച ട്യൂണിംഗ് ആവശ്യമായത് ഏതെന്നും വിശദീകരിക്കാനും ആവശ്യപ്പെട്ടു. മൂന്നാമത്തെ കോവിഡ് തരംഗത്തെ നേരിടാന്‍ തയ്യാറെടുക്കുന്ന രാജ്യത്തിന് മികച്ച ഫീഡ്ബാക്ക് നേടുകയും പുതുമ നേടാന്‍ നേതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു മോദി ഇതിലൂടെ ലക്ഷ്യമിട്ടത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ താന്‍ ഉപയോഗിച്ച ഒരു പരിശീലനം ഉദ്ധരിച്ച മോദി, ഒരു ദിവസം പ്രത്യേകമായി പുസ്തകങ്ങള്‍ വായിക്കുന്നതിനായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഇത് പെരുമാറ്റപരമായ മാറ്റം വരുത്തുന്നതിനും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനും സഹായിക്കുമെന്നും പറഞ്ഞു. അവരില്‍ എത്രപേര്‍ പുസ്തകങ്ങള്‍ വായിക്കുന്നുവെന്നും ഏതൊക്കെ പുസ്തകങ്ങളാണ് അടുത്തിടെ വായിച്ചതെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുംബാംഗങ്ങളെപ്പോലെയാണെന്ന് ചൂണ്ടിക്കാട്ടി ഗ്രാമങ്ങളില്‍ വിരുന്നു നടത്തുക എന്നതായിരുന്നു മോദി സെക്രട്ടറിമാര്‍ക്ക് നല്‍കിയ മറ്റൊരു നിര്‍ദേശം. ഗ്രാമങ്ങള്‍ വൃത്തിയാക്കുന്നതും അവിടെ വിരുന്നുകള്‍ നടത്തുന്നതും പാര്‍ട്ടിയും പ്രവര്‍ത്തകരും തമ്മില്‍ മാത്രമല്ല ജനങ്ങളും പാര്‍ട്ടിയും തമ്മിലും ഒരു ബന്ധം സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ‘മാന്‍ കി ബാത്ത്’ റേഡിയോ പ്രോഗ്രാമും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് ഒരു പോസിറ്റീവ്, നെഗറ്റീവ് കാര്യങ്ങള്‍ ഉദ്ധരിക്കാന്‍ മോദി പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. മന്‍ കി ബാത്ത് ഗ്രാമീണ പ്രേക്ഷകരെ എങ്ങനെ മാറ്റിമറിച്ചുവെന്നും പ്രധാനമന്ത്രിയുമായുള്ള ബന്ധം എങ്ങനെ എന്നതിനെക്കുറിച്ചും നിരവധി സെക്രട്ടറിമാര്‍ സംസാരിച്ചു. നഗരത്തിലെ യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി മന്‍ കി ബാത്തിന്‍റെ കാലാവധി കുറയ്ക്കണമെന്ന് ഒരു സെക്രട്ടറി നിര്‍ദ്ദേശിച്ചു. പദ്മ അവാര്‍ഡ് നാമനിര്‍ദ്ദേശങ്ങള്‍ക്കായി ജനങ്ങളെ ക്ഷണിച്ചതിന് ഏതാനും സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയെ പ്രശംസിക്കുകയും ചെയ്തു.

പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുക, താഴേത്തട്ടിലേക്കെത്തുന്ന പ്രോഗ്രാമുകള്‍ക്ക് നിര്‍ദേശം നല്‍കുക,ആളുകളുമായി ബന്ധപ്പെടാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക, മൂന്നാമത്തെ കോവിഡ് തരംഗത്തെ നേരിടാന്‍ പ്രവര്‍ത്തകരെ തയ്യാറാക്കുക എന്നിവയാണ് മോദിയുടെ ലക്ഷ്യമെന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു. ചിലപ്പോള്‍ നേതാക്കള്‍ക്ക് പ്രവര്‍ത്തനപഥത്തില്‍ ഗതി മാറാം. പക്ഷേ പക്ഷേ ചീഫ് ഗാര്‍ഡിയന്‍ എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നു-യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പും മോദി സമാനമായ യോഗം ചേര്‍ന്നിരുന്നു. മന്ത്രിമാരും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും രണ്ടാമത്തെ കോവിഡ് തരംഗത്തില്‍ നടത്തിയ സേവാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫീഡ്ബാക്ക് ശേഖരിച്ചു.താഴേത്തട്ടില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സജീവമായ പങ്കുണ്ടെന്ന് ഉറപ്പാക്കാന്‍ വിവിധ നടപടികളും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

Maintained By : Studio3