Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പഞ്ചാബിനു പിറകേ ഹരിയാനയിലും കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി

ന്യൂഡെല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഭൂരിപക്ഷം നിയമസഭാംഗങ്ങളും ഡെല്‍ഹിയിലെത്തി. പഞ്ചാബ് കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടക്കാല പാര്‍ട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധി ശ്രമിക്കുന്നതിനിടയിലാണ് പുതിയ പ്രശ്നം തലപൊക്കിയത്. അതിനായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ സോണിയ ഡെല്‍ഹിക്കുവിളിപ്പിക്കുകയും ചെയ്തിരുന്നു.
ഹരിയാനയിലെ 31 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 22 പേരും കഴിഞ്ഞദിവസം തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു.

അവര്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതിനുശേഷം ഒരു സംഘം പാര്‍ട്ടി ആസ്ഥാനത്ത് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി (ഓര്‍ഗനൈസേഷന്‍) കെ.സി. വേണുഗോപാലിനെ സംഘം സന്ദര്‍ശിച്ച് സംസ്ഥാന യൂണിറ്റില്‍ മാറ്റം വരുത്തണമെന്ന ആവശ്യം അറിയിച്ചു.സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജയെ മാറ്റണമെന്നാണ് അംഗങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി ജില്ലാ യൂണിറ്റ് മേധാവികളില്ലാത്ത പാര്‍ട്ടി സംസ്ഥാനത്ത് തകര്‍ച്ചയിലാണ്.

ഹരിയാന യൂണിറ്റിന്‍റെ നിയന്ത്രണം സംസ്ഥാനത്തെ ബഹുജന അടിത്തറയുള്ള ഏക പാര്‍ട്ടി നേതാവായ ഹൂഡയ്ക്ക് കൈമാറണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് അവര്‍ ആവശ്യപ്പെട്ടു.

രണ്ട് സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ ഏറ്റവും ജനപ്രിയ മുഖങ്ങളായ അമരീന്ദര്‍ സിംഗ്, ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവരെ ദുര്‍ബലപ്പെടുത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളാണ് പഞ്ചാബിലെയും ഹരിയാനയിലെയും പ്രതിസന്ധികള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. പഞ്ചാബില്‍ നവജോത് സിംഗ് സിദ്ധുവിന്‍റെ നേതൃത്വത്തിലുള്ള അമരീന്ദറിന്‍റെ എതിരാളികളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പിന്തുണച്ചിട്ടുണ്ട്. ഹരിയാനയില്‍ ഹൂഡയെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതായി കാണുന്നു. മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് അശോക് തന്‍വാറിനെ ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്‍റായി രാഹുല്‍ ഗാന്ധി ആദ്യമായി നിയമിച്ചത് 2014 ഫെബ്രുവരിയിലാണ്. ഹൂഡയ്ക്ക് ബദല്‍ നിര്‍ദ്ദേശിക്കാനുള്ള ശ്രമമായിട്ടാണ് അദ്ദേഹത്തെ കണ്ടെത്തിയത്. 2014 ലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്‍റെ പതനം തന്‍വാറിലുള്ള പ്രതീക്ഷ ഇല്ലാതാക്കി. 2019 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഹൂഡയെ ‘നിര്‍വീര്യമാക്കാനുള്ള’ ഹൈക്കമാന്‍ഡിന്‍റെ പുതിയ നടപടിപോലെ കുമാരി സെല്‍ജയ്ക്ക് പാര്‍ട്ടിയുടെ നിയന്ത്രണം കൈമാറാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

തന്‍വാറിന്‍റെ നേതൃത്വത്തിലുള്ള പിസിസിയുടെ പിന്തുണയില്ലാതെ കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് അഞ്ചുവര്‍ഷക്കാലം ഭരണകക്ഷിയായ ബിജെപിയെ ചൂടുപിടിപ്പിച്ച മുന്‍ മുഖ്യമന്ത്രിക്ക് 90 നിയമസഭാ സീറ്റുകളില്‍ പകുതിയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ അഭിപ്രായം പറയാനാകും. തെരഞ്ഞെടുപ്പില്‍ നിരവധി ട്രംപ് കാര്‍ഡുകളിറക്കിയാണ് ഹൂഡ മുന്നോട്ടുപോയത്. വിജയികളുടെ പട്ടികയില്‍ 90 ശതമാനവും അദ്ദേഹത്തിന്‍റെ നോമിനികളാണ് എന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. കഴിഞ്ഞ ഡിസംബറില്‍ ഹരിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഹൂഡ പ്രചാരണം നടത്തിയ സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചെങ്കിലും സെല്‍ജയുടെയും രാഹുല്‍ ഗാന്ധിയുടെയും അടുത്ത സഹായി രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രചാരണം നടത്തിയ സ്ഥലങ്ങളില്‍ പാര്‍ട്ടി പരാജയം നേരിട്ടു.

ഹരിയാനയില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഗാന്ധി കുടുംബത്തിന്‍റെ നോമിനികള്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കഴിവ് പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടു. ഹരിയാനയില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഹൂഡയെ അനുവദിക്കാന്‍ നേതൃകുടുംബം നിരന്തരം വിസമ്മതിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ പശ്ചാത്തലത്തിലാണ് ഹരിയാനയിലെ പാര്‍ട്ടിയുടെ ഏറ്റവും ജനപ്രിയ നേതാവ് ഹൂഡയ്ക്ക് പ്രാധാന്യം നല്‍കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഡെല്‍ഹിയിലെത്തിയത്. അതേസമയം ഹൂഡയുടെ വിവരങ്ങളോ ശുപാര്‍ശകളോ ഇല്ലാതെ തീരുമാനമെടുക്കില്ലെന്ന് വേണുഗോപാല്‍ എംഎല്‍എമാര്‍ക്ക് ഉറപ്പ് നല്‍കിയതായി പാര്‍ട്ടി മുതിര്‍ന്ന നേതാവ് പറഞ്ഞു.

“തലേ ദിവസം രാത്രി ഒരു റാലി വിളിച്ചാലും ഭൂപീന്ദര്‍ ഹൂഡയ്ക്ക് ഒരു ലക്ഷം ആളുകളെ ഒന്നിച്ചുചേര്‍ക്കാനാകും. അതേസമയം മറ്റ് ക്യാമ്പ് ഒരു മാസം മുമ്പുതന്നെ പ്രഖ്യാപിച്ചാലും 10,000 പേരെ അവരുടെ റാലിയില്‍ എത്തിക്കാന്‍ പാടുപെടുന്നു,”ഒരു സംസ്ഥാന നേതാവ് പറഞ്ഞു. പിസിസി മേധാവിയെ മാറ്റുന്നതിനെക്കുറിച്ച് നേതാക്കള്‍ സംസാരിച്ചപ്പോള്‍ വേണുഗോപാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും ഇത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും നിയമസഭാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. സെല്‍ജ തങ്ങളഎ അവഗണിക്കുകയാണെന്ന് യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചിട്ടുമുണ്ട്. ഓഗസ്റ്റില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങള്‍ എംഎല്‍എമാര്‍ ഉന്നയിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി കോണ്‍ഗ്രസിന് ജില്ലാ യൂണിറ്റ് മേധാവികളില്ലെന്ന വസ്തുത സംഘടനാ ചട്ടക്കൂടിന്‍റെ അടിത്തട്ടില്‍ പ്രകടമാകുമെന്ന് നേതാക്കള്‍ പറയുന്നു. “സംസ്ഥാനത്ത് കോണ്‍ഗ്രസിനെ എങ്ങനെ കൂടുതല്‍ ശക്തിപ്പെടുത്താമെന്ന് ഞങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്തു,” യോഗത്തില്‍ പങ്കെടുത്ത ഒരു നേതാവ് പറഞ്ഞു.

2019 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപി 40 സീറ്റുകള്‍ നേടിയപ്പോള്‍ എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് കോണ്‍ഗ്രസ് 31 ല്‍ വിജയം നേടി. പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഹൂഡയ്ക്ക് അതിന്‍റെ ബഹുമതിലഭിച്ചു, രാഹുല്‍ ഗാന്ധി അതിഥി വേഷം മാത്രമായിരുന്നു.

Maintained By : Studio3