ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ ലഭ്യമാക്കിയത് 225.57 കോടിയുടെ ആനുകൂല്യങ്ങള്‍

തിരുവനന്തപുരം: മില്‍മ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) ക്ഷീരകര്‍ഷകര്‍ക്ക് നല്കിയത് 225.57 കോടി രൂപയുടെ ആനുകൂല്യങ്ങള്‍. മുന്‍വര്‍ഷത്തേക്കാള്‍ 79.29 ശതമാനം രേഖപ്പെടുത്തുന്ന വര്‍ധനവിലൂടെ ഗണ്യമായ ആനൂകൂല്യങ്ങളാണ് ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമായത്. ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ ലഭ്യമാക്കുന്ന അധിക പാല്‍വില, കാലിത്തീറ്റ സബ്‌സിഡി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായാണ് ഈ തുക ചെലവഴിച്ചത്. 2023-24 സാമ്പത്തിക വര്‍ഷം ആനുകൂല്യങ്ങള്‍ക്കായി മാറ്റിവെച്ച തുക 125.81 കോടിയായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷം മില്‍മയുടെ ആകെ വിറ്റുവരവ് 4327 കോടി രൂപയാണ്. മില്‍മയുടെ തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലാ യൂണിയനുകളിലൂടെയാണ് നിരവധി ആനൂകൂല്യങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കിയത്. ഇതോടെ മില്‍മയുടെ സാമൂഹിക പ്രതിബദ്ധത വീണ്ടും തെളിയിക്കപ്പെടുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1269 കോടിയാണ് തിരുവനന്തപുരം മേഖലാ യൂണിയന്‍റെ മൊത്തം വിറ്റുവരവ്. 58.39 കോടി ക്ഷീരകര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷം വിവിധ ആനുകൂല്യങ്ങളായി നല്‍കിയിട്ടുണ്ട്. അറ്റ ലാഭത്തിന്‍റെ 77.14% ആണിത്. 2024-25 ല്‍ എറണാകുളം മേഖലാ യൂണിയന്‍റെ മൊത്തം വിറ്റുവരവ് 988.87 കോടി രൂപയാണ്. 65.59 കോടി രൂപ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങളായി നല്‍കിയിട്ടുണ്ട്. അറ്റ ലാഭത്തിന്‍റെ 85.80% ആണിത്. 2024-25 ല്‍ 1622 കോടി രൂപയാണ് മലബാര്‍ മേഖലാ യൂണിയന്‍റെ മൊത്തം വിറ്റുവരവ്. 89.64 കോടി രൂപ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങളായി നല്‍കിയിട്ടുണ്ട്. അറ്റ ലാഭത്തിന്‍റെ 97% ആണിത്. 2024-25 സാമ്പത്തിക വര്‍ഷം മില്‍മ ഫെഡറേഷന്‍ നേരിട്ടു നടത്തുന്ന വിവിധ ഉത്പന്നങ്ങളുടെ വിറ്റുവരവില്‍ നിന്നുള്ള ഫെഡറേഷന്‍റെ ആകെ വിറ്റുവരവ് 447 കോടി രൂപയാണ്. 2024-25 സാമ്പത്തിക വര്‍ഷം 11.95 കോടി രൂപ കാലിത്തീറ്റ സബ്‌സിഡിയായി ഫെഡറേഷന്‍ നല്‍കിയിട്ടുണ്ട്. ക്ഷീരകര്‍ഷരോടുള്ള പ്രതിബദ്ധതയില്‍ മില്‍മ കുറവ് വരുത്തില്ല എന്നത് ക്ഷീരകര്‍ഷകരുടെ ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കിയതിലൂടെ വ്യക്തമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടി ക്ഷീരകര്‍ഷകരാല്‍ നയിക്കപ്പെടുന്ന ക്ഷീരകര്‍ഷകുടെ പ്രസ്ഥാനമായ മില്‍മ ഉപഭോക്തൃ സംതൃപ്തിയിലൂടെ കര്‍ഷക അഭിവൃദ്ധി എന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനുള്ള മികച്ച ഉദാഹരണമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാലിന് സ്ഥിരമായ വിലയും വിപണിയും ഉറപ്പാക്കുക, കാലാകാലങ്ങളില്‍ വിവിധ ഇന്‍സെന്‍റിവുകള്‍ നല്‍കുക തുടങ്ങിയ ക്ഷീരവ്യവസായ വികസനത്തിന് മാതൃകയാവുന്ന സമീപനമാണ് മില്‍മ തുടരുന്നത്. ഈ സമീപനത്തിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കാനും കൂടുതല്‍ സംരംഭകരെ ക്ഷീരവൃത്തിയിലേക്ക് ആകര്‍ഷിക്കാനും ക്ഷീരമേഖലയുടെ അഭിവൃദ്ധി ഉറപ്പാക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മില്‍മ പാലിന്‍റെയും പാലുത്പന്നങ്ങളുടേയും മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങളുടേയും വിറ്റുവരവില്‍ മികച്ച പുരോഗതി കൈവരിച്ചെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കാലിത്തീറ്റ വില്പനയില്‍ നേരിയ തോതില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും തുടര്‍ച്ചയായി കാലിത്തീറ്റ സബ്‌സിഡി നല്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ മില്‍മ സ്വീകരിച്ചിട്ടുണ്ട്.