November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റെഡി ടു ഡ്രിങ്ക് പാലട പായസവും ഇളനീര്‍ ഐസ്ക്രീമും പുറത്തിറക്കി മില്‍മ

തിരുവനന്തപുരം: കേരളത്തിന്‍റെ തനത് വിഭവമായ പാലട പായസവും ഐസ്ക്രീമിലെ പുതിയ തരംഗമായ ഇളനീര്‍ (ടെന്‍ഡര്‍ കോക്കനട്ട്) ഐസ്ക്രീമും പുറത്തിറക്കി മില്‍മ. പ്രവാസികളെയും അതുവഴി കയറ്റുമതിയും ലക്ഷ്യം വച്ചു കൊണ്ടുള്ള റെഡി ടു ഡ്രിങ്ക് പാലട പായസം മലബാര്‍ യൂണിയന്‍റെ സഹകരണത്തോടെ മില്‍മ ഫെഡറേഷനും ഇളനീര്‍ ഐസ്ക്രീം മില്‍മ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്. രണ്ട് ഉത്പന്നങ്ങളും സംസ്ഥാനത്തെ എല്ലാ ഔട്ട്ലറ്റുകള്‍ വഴിയും ലഭ്യമാകും. പന്ത്രണ്ട് മാസം വരെ കേടുകൂടാതിരിക്കുന്ന പാലട പായസമാണ് മില്‍മ വിപണിയിലെത്തിക്കുന്നത്. പാലട പായസം വീട്ടിലുണ്ടാക്കുന്നതിന് വളരെ സമയം ആവശ്യമാണ്. മാത്രമല്ല, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരമായ ഈ കേരള വിഭവം വിദേശങ്ങളിലെത്തിക്കാനും മില്‍മയുടെ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

പുതിയ രുചികളിലേക്ക് മില്‍മയുടെ ഐസ്ക്രീമിനെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇളനീര്‍ ഐസ്ക്രീം പുറത്തിറക്കിയതെന്ന് എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍ പറഞ്ഞു. വിപണിയില്‍ മില്‍മ ഐസ്ക്രീമിന് വന്‍ ഡിമാന്‍ഡാണുള്ളത്. പുതിയ ട്രെന്‍ഡിനൊപ്പം വിപണിയില്‍ അനിഷേധ്യ സാന്നിധ്യമാകാനാണ് ഇളനീര്‍ ഐസ്ക്രീമിലൂടെ മില്‍മ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൈക്രോവേവ് അസിസ്റ്റഡ് തെര്‍മല്‍ സ്റ്റെറിലൈസേഷന്‍(എംഎടിഎസ്) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അസെപ്റ്റിക് രീതിയിലാണ് പാലട പായസം തയ്യാറാക്കുന്നതും പായ്ക്ക് ചെയ്യുന്നതും. രുചി, മണം, ഗുണമേന്മ എന്നിവ ഒരു ശതമാനം പോലും ചോര്‍ന്നു പോകാതെ സംരക്ഷിക്കാനാവുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. യാതൊരു വിധത്തിലുള്ള രാസപദാര്‍ഥങ്ങളോ പ്രിസര്‍വേറ്റീവോ ചേര്‍ക്കാതെയാണ് ഇത് തയ്യാറാക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലുള്ള ടാറ്റയുടെ അത്യാധുനിക എംഎടിഎസ് സ്മാര്‍ട്‌സ്‌ ഫുഡ് പ്ലാന്‍റിലാണ് ഇത് നിര്‍മ്മിക്കുന്നത്. നാല് പേര്‍ക്ക് വിളമ്പാനാകുന്ന 400 ഗ്രാമിന്‍റെ പാക്കറ്റിലായിരിക്കും ഇത് വിപണിയിലെത്തുക. 150 രൂപയാണ് പാക്കറ്റിന്‍റെ വില. റിപൊസിഷനിംഗ് മില്‍മ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം നൂതന ഉത്പന്നങ്ങള്‍ മില്‍മ പുറത്തിറക്കുന്നത്. വിപണിയിലെ അഭിരുചിയ്ക്കനുസരിച്ച് ദീര്‍ഘകാലം കേടുകൂടാതെയിരിക്കുന്ന തനത് കേരളീയ വിഭവങ്ങള്‍ വിപണിയിലിറക്കാനും മില്‍മയ്ക്ക് പദ്ധതിയുണ്ട്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3