ഭക്ഷണത്തില്‍ കുറവുള്ള സൂക്ഷ്മപോഷകങ്ങളുടെ കുറവിന് പരിഹാരം കാണല്‍
1 min readലോകത്ത് ഏറ്റവും കൂടുതല്‍ സൂക്ഷ്മപോഷക കുറവുള്ള വ്യക്തികള്‍ ഉള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് ഏകദേശം 70 ശതമാനത്തോളം പേര്‍ക്കും ദിനംപ്രതി ഒരു വ്യക്തി ഭക്ഷിക്കേണ്ട പോഷകങ്ങളുടെ പകുതിയില്‍ കുറവ് പോഷകങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ
ഭക്ഷണത്തില്‍ കുറവുള്ള സൂക്ഷ്മപോഷകങ്ങള്‍ കൂട്ടിചേര്‍ക്കുന്നതിന്‍റെ ആവശ്യകതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രസക്തമാവുകയാണ്. കേരള ഭക്ഷ്യ സുരക്ഷാ വിഭാഗവുമായി സഹകരിച്ച് ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ഇംപ്രൂവ്ഡ് ന്യൂട്രീഷന്‍റെ (ജിഎഐഎന്‍) പിന്തുണയോടെ കര്‍ണാടക ഹെല്‍ത്ത് പ്രൊമോഷന്‍ ട്രസ്റ്റ് (കെ എച്ച് പി ടി) അടുത്തിടെ സംഘടിപ്പിച്ച പരിപാടിയിലും ഇത് ചര്‍ച്ചയായി.
കേരളത്തില്‍ ഗര്‍ഭിണികളിലും കുട്ടികളിലും പോഷക കുറവ് കൂടുതല്‍ ആണെന്ന് കേരള ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അജയ കുമാര്‍ പറഞ്ഞു.
നിര്‍ദിഷ്ട ഭക്ഷണ സമ്പുഷ്ട്ടീകരണ ബില്‍ അനുസരിച്ച് 15 കിലോഗ്രാമിന് താഴെയുള്ള പാക്കറ്റുകളിലെ വെളിച്ചെണ്ണയില്‍ സൂക്ഷ്മ പോഷണങ്ങള്‍ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം എന്ന വകുപ്പ് ഉണ്ടെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പറഞ്ഞു. നിലവിലുള്ള നിയമപ്രകാരം വെളിച്ചെണ്ണ ലൂസ് ആയി വില്‍ക്കാനും പാടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണ ഉദാഹരണം ആക്കി അദ്ദേഹം പറഞ്ഞു.
കെ എച്ച് പി ടിയുടെ ഫോര്‍ട്ടിഫിക്കേഷന്‍ ടീം ലീഡ് ഗുരുരാജ് പാട്ടീല്‍ സാങ്കേതിക സെഷനുകള്‍ കൈകാര്യം ചെയ്തു. മുഖ്യാഹാരമായ അരി, ഗോതമ്പ് മാവ്, പാല്‍, ഭക്ഷ്യ യോഗ്യമായ എണ്ണകള്‍ എന്നിവയില്‍ സൂക്ഷ്മപോഷകങ്ങള്‍ (ഫോളിക് ആസിഡ്, ജീവകം ബി12, ജീവകം ഡി തുടങ്ങിയവ) കൂട്ടിച്ചേര്‍ക്കുന്നതിനെയാണ് ഭക്ഷണം പോഷണസമ്പന്നമാക്കല്‍ (ഫുഡ് ഫോര്‍ട്ടിഫിക്കേഷന്‍) എന്നത് കൊണ്ടുദ്ദേശിക്കുന്നത്. സൂക്ഷ്മപോഷകങ്ങളുടെ കുറവ് മൂലം കുട്ടികളുടെ ബൗദ്ധിക, പഠന കഴിവുകളും ഉല്‍പാദനക്ഷമതയും കുറയുകയും അനാരോഗ്യം ഉണ്ടാകുകയും മരണനിരക്ക് കൂടുകയും രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ സൂക്ഷ്മപോഷക കുറവുള്ള വ്യക്തികള്‍ ഉള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് ഏകദേശം 70 ശതമാനത്തോളം പേര്‍ക്കും ദിനംപ്രതി ഒരു വ്യക്തി ഭക്ഷിക്കേണ്ട പോഷകങ്ങളുടെ പകുതിയില്‍ കുറവ് പോഷകങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. ഇന്ത്യാ സര്‍ക്കാരിന്‍റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍റെ (എന്‍ ഐ എന്‍) കീഴിലുള്ള നാഷണല്‍ ന്യൂട്രീഷ്യന്‍ മോണിറ്ററിങ് ബ്യൂറോ (എന്‍ എന്‍ എം ബി) സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേകള്‍ അനുസരിച്ച് ഇന്ത്യന്‍ ജനതയില്‍ 62 ശതമാനത്തോളം പേരിലും ജീവകം എയുടെ കുറവ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, എല്ലാ സംസ്ഥാനങ്ങളിലേയും 50 മുതല്‍ 94 ശതമാനം വരെയുള്ള ജനങ്ങളില്‍ ജീവകം ഡിയുടെ കുറവുമുണ്ട്.
സൂക്ഷ്മപോഷകങ്ങളുടെ കുറവ് മൂലം രാജ്യത്ത് ഓരോ വര്‍ഷവും ജിഡിപിയില്‍ 90,200 കോടി രൂപയ്ക്ക് അടുപ്പിച്ച് നഷ്ടം ഉണ്ടാകുന്നതായി ലോക ബാങ്കിന്‍റെ ഒരു രേഖയില്‍ (1) പറയുന്നു. അതേസയമം, സൂക്ഷ്മപോഷകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്കായി വര്‍ഷം 4300 കോടി രൂപയില്‍ കുറവ് ചെലവേ വരുന്നുള്ളൂ. പോഷകാംശക്കുറവ് പരിഹരിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ മാര്‍ഗമാണ് ഭക്ഷണത്തെ പോഷണ സമ്പുഷ്ടമാക്കല്‍.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തുവന്ന ദേശീയ കുടുംബ ആരോഗ്യ സര്‍വേ-5-ല്‍ പോഷണവുമായി ബന്ധപ്പെട്ട സൂചകങ്ങളായ വിളര്‍ച്ച, ജീവകം ഡിയുടെ അളവ് എന്നിവയില്‍ മിക്ക സംസ്ഥാനങ്ങളും മോശം പ്രകടനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഈ സര്‍വേ നടത്തിയത്. ഗോവ, കേരളം (19.7 ശതമാനത്തില്‍ നിന്നും 23.4 ശതമാനമായി വര്‍ദ്ധിച്ചു), തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് വര്‍ദ്ധിച്ചു. കേരളത്തില്‍ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ ശതമാനം 16.1-ല്‍ നിന്നും 19.7 ശതമാനമായി വര്‍ദ്ധിച്ചു. തെലങ്കാനയിലും കുട്ടികളുടെ ഭാരക്കുറവ് 26.6-ല്‍ നിന്നും 28.9 ശതമാനമായി വര്‍ദ്ധിച്ചു.
22 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 13 എണ്ണത്തില്‍ പകുതിയിലധികം കുട്ടികളും സ്ത്രീകളും വിളര്‍ച്ച ബാധിതരാണ്. നാലാമത്തെ സര്‍വേയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പകുതിയോളം സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഗര്‍ഭിണികളിലെ വിളര്‍ച്ച വര്‍ദ്ധിച്ചു.