Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് ചൈന

1 min read

ലക്ഷ്യം സമാധാനം, പങ്കാളിത്തം, സമൃദ്ധി

ന്യൂഡെല്‍ഹി: ചര്‍ച്ചയിലൂടെയും കൂടിയാലോചനകളിലൂടെയും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് ചൈന. കഴിഞ്ഞ മാസം ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് ഇരു രാജ്യങ്ങളിലെയും സൈനികരെ പിന്‍വലിച്ചിരുന്നു. ഇനിയും അതിര്‍ത്തി പ്രശ്നങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്നത് ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങളെ ഹാനികരമായി ബാധിക്കുമെന്ന് ഇന്ത്യ കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതിനനുകൂലമായ നിലപാടാണ് ബെയ്ജിംഗ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം അതിര്‍ത്തി പ്രദേശത്ത് നടന്ന കാര്യങ്ങളുടെ ശരിയും തെറ്റും അതിപോലെ തന്നെ പങ്കാളിത്തവും വ്യക്തമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വാര്‍ഷിക പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ‘ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത് പ്രശ്നം പരിഹരിക്കില്ലെന്ന് ഇത് വീണ്ടും തെളിയിക്കുന്നു. സമാധാനപരമായ ചര്‍ച്ചകളിലേക്ക് മടങ്ങുക എന്നതാണ് ശരിയായ വഴി,’ അദ്ദേഹം പറയുന്നു. ചൈനയുടെ നിലപാട് വളരെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി തര്‍ക്കം സംഭാഷണത്തിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, അതേസമയം പരമാധികാര അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ ഷി ജിന്‍പിംഗ് ഭരണകൂടം ബാധ്യസ്ഥമാണെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.

  ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്

‘ചൈനയും ഇന്ത്യയും പരസ്പരം സുഹൃത്തുക്കളും പങ്കാളികളുമാണ്, ഭീഷണികളും എതിരാളികളുമല്ല. പരസ്പരം വെട്ടിമുറിക്കുന്നതിനു പകരം ഇരു രാജ്യങ്ങളും വിജയത്തിനായി സഹകരണം ശക്തമാക്കണം- ചൈനീസ് വിദേശകാര്യമന്ത്രി പറയുന്നു. അതിര്‍ത്തി തര്‍ക്കം, ചരിത്രത്തില്‍ നിന്ന് അവശേഷിക്കുന്ന ഒരു പ്രശ്നമാണ്, അല്ലാതെ ചൈന-ഇന്ത്യ ബന്ധത്തിന്‍റെ മുഴുവന്‍ കഥയല്ല. ഇരുപക്ഷവും തര്‍ക്കം ശരിയായി കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്, അതേസമയം തന്നെ പ്രശ്നം പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സൃഷ്ടിക്കുന്നതിനായി സഹകരണം വിപുലീകരിക്കുകയും വര്‍ധിപ്പിക്കുകയും വേണമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

എന്നാല്‍ കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സ് ഏരിയ, ഡെംചോക്ക്, ഡെപ്സാംഗ് സമതലങ്ങള്‍ എന്നിവിടങ്ങളിലെ മറ്റ് തര്‍ക്കങ്ങളില്‍ ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ല. എന്നിരുന്നാലും, അതിര്‍ത്തി പ്രദേശങ്ങളിലെ ശാന്തിയും സമാധാനവും സംരക്ഷിക്കുന്നതിനും നിലവിലുള്ള സമവായം ഉറപ്പിക്കുന്നതിനും ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും വിവിധ മാനേജ്മെന്‍റ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും പൊതു അഭിപ്രായത്തില്‍ എത്തിയതായും വാങ് യി വ്യക്തമാക്കി. ഇന്ത്യയും ചൈനയും പരസ്പരം ഭീഷണിയല്ല, മറിച്ച് പരസ്പരം വികസനത്തിനുള്ള അവസരങ്ങളാണ് ഒരുക്കുന്നത്. ഇരു രാജ്യങ്ങളുടെ പൊതുവായ ധാരണകളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി പരസ്പര സഹകരണം അനിവാര്യമാണ്.ചൈനയിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ജിന്‍പിംഗ്, നരേന്ദ്ര മോദി സര്‍ക്കാരുകള്‍ക്ക് കഴിയും. അതുവഴി ഈ നൂറ്റാണ്ടിനെ ഏഷ്യയുടെ നൂറ്റാണ്ടാക്കിമാറ്റാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ സംഭാവന നല്‍കാനും സാധിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

അടിസ്ഥാനപരമായി ലോകത്തിലെ ഏറ്റവും വലിയ രണ്ട് വികസ്വര രാജ്യങ്ങള്‍ എങ്ങനെ ഒത്തുചേരുന്നു, വികസനവും പുനരുജ്ജീവനവും ഒരുമിച്ച് പിന്തുടരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് വാങ് യി സംസാരിച്ചത്. “തൊട്ടടുത്തുള്ള രണ്ട് പുരാതന നാഗരികതകളും രണ്ട് ബില്യണ്‍ ജനങ്ങളുമുള്ള വളര്‍ന്നുവരുന്ന രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകള്‍ എന്ന നിലയില്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും വിശാലമായ പൊതു താല്‍പ്പര്യങ്ങളും സഹകരണത്തിനുള്ള വളരെയധികം സാധ്യതകളുമുണ്ട്,” അദ്ദേഹം പറയുന്നു. ആഭ്യന്തരമായി, വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ ദൗത്യത്തെയാണ് ഇന്ന് ഇരു രാജ്യങ്ങളും അഭിമുഖീകരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍, വികസ്വര രാജ്യങ്ങളുടെ പൊതു താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ലോകത്ത് ബഹുധ്രുവത കൈവരിക്കാനും ഇരു രാജ്യങ്ങളും ഇരു രാജ്യങ്ങളും ശ്രമിക്കുന്നു. സമാനമായ ദേശീയ യാഥാര്‍ത്ഥ്യങ്ങള്‍ കാരണം ഇന്ത്യയുടേയും ചൈനയുടേയും നിലപാടുകള്‍ സമാനമോ വളരെഅടുത്തോ ആണെന്നും വാങ് യി അഭിപ്രായപ്പെടുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് കോവിഡാനന്തര കാലത്ത് ഒരു സംഘട്ടനത്തിലേക്ക് നീങ്ങാന്‍ ചൈനക്ക് താല്‍പ്പര്യമില്ല എന്നാണ്. പകരം വ്യാപാരവും സഹകരണവും വര്‍ധിപ്പിച്ച് അതുവഴി സാമ്പത്തികനില ഭദ്രമാക്കുകയുമാണ് ബെയ്ജിംഗ് ലക്ഷ്യമിടുന്നത്. പ്രത്യേകിച്ചും 2035നുള്ളില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ ഇരട്ടിയാക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. അതുവഴി യുഎസിനെ മറികടക്കാനും ബെയ്ജിംഗിനാകും.

  സുരക്ഷാ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് ഐപിഒ
Maintained By : Studio3