December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മെഴ്‌സേഡസ് ബെന്‍സ് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരും  

മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ വില്‍പ്പന വിപണന വിഭാഗം വൈസ് പ്രസിഡന്റ് സന്തോഷ് അയ്യരാണ് ഇക്കാര്യം വ്യക്തമാക്കിയത്  
മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കും. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ വില്‍പ്പന, വിപണന വിഭാഗം വൈസ് പ്രസിഡന്റ് സന്തോഷ് അയ്യരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് കമ്പനി ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ വൈദ്യുത വാഹനം അവതരിപ്പിച്ച ആദ്യ ആഡംബര കാര്‍ നിര്‍മാതാക്കളാണ് മെഴ്‌സേഡസ് ബെന്‍സ്. ഇക്യുസി എന്ന ഇലക്ട്രിക് എസ്‌യുവിയാണ് നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നത്. ഇതേതുടര്‍ന്ന് ജാഗ്വാര്‍ ഐ പേസ് ഇന്ത്യയില്‍ എത്തിയിരുന്നു. മാത്രമല്ല, ഈ മാസം 22 ന് ഔഡി ഇ ട്രോണ്‍ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കും.

ആഗോളതലത്തില്‍ അടുത്ത മൂന്നുനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 22 മോഡലുകള്‍ അവതരിപ്പിക്കുമെന്നും ഇവയില്‍ ഓള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുന്നതായും സന്തോഷ് അയ്യര്‍ പറഞ്ഞു. ഇക്യുഎസ് ഉള്‍പ്പെടെ ഇവയില്‍ ഏതെല്ലാം വാഹനങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവരണമെന്ന് ആലോചിക്കുകയാണെന്ന് ഇന്ത്യയിലെ ഭാവി ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒരേയൊരു ഉല്‍പ്പന്ന (ഇക്യുസി) കമ്പനിയായി തുടരില്ലെന്ന് സന്തോഷ് അയ്യര്‍ വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയില്‍ വൈകാതെ കൂടുതല്‍ മോഡലുകള്‍ തീര്‍ച്ചയായും അവതരിപ്പിക്കും.

ജിഎല്‍എ അടിസ്ഥാനമാക്കി നിര്‍മിച്ച ഇക്യുഎ, ജിഎല്‍ബി അടിസ്ഥാനമാക്കി നിര്‍മിച്ച ഇക്യുബി എന്നീ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങള്‍ കൂടാതെ വി ക്ലാസ് അടിസ്ഥാനമാക്കിയ ഇക്യുവി വാന്‍, ഫ്‌ളാഗ്ഷിപ്പ് മോഡലായ ഇക്യുഎസ് എന്നിവയാണ് നിലവില്‍ ആഗോളതലത്തില്‍ മെഴ്‌സേഡസ് ബെന്‍സിന്റെ ഇലക്ട്രിക് വാഹനങ്ങള്‍. നിലവിലെ എസ് ക്ലാസ് അടിസ്ഥാനമാക്കി സെഡാന്‍, വരാനിരിക്കുന്ന ജിഎല്‍എസ് അടിസ്ഥാനമാക്കി എസ്‌യുവി എന്നീ രണ്ട് ബോഡി സ്‌റ്റൈലുകളില്‍ ഇക്യുഎസ് വിപണിയിലെത്തും. ഇലക്ട്രിക് വാഹനങ്ങള്‍ പരിഗണിക്കുന്നതായി മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ പറയുന്നുണ്ടെങ്കിലും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും പുതിയ ഇവി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇക്യുഎസ് അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഇവി കൊണ്ടുവരാന്‍ പദ്ധതിയില്ലെന്ന് സന്തോഷ് അയ്യര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് 19 മഹാമാരി കാരണം ആഗോളതലത്തില്‍ വിതരണ ശൃംഖലയില്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണ് മെഴ്‌സേഡസ് ബെന്‍സ്. ചില ഉല്‍പ്പന്നങ്ങളുടെ വിപണി അവതരണം ഇതോടെ വൈകി. ഇന്ത്യയില്‍ വില്‍ക്കുന്നതിന് വേണ്ടത്ര ഇക്യുസി ലഭിക്കാതെ വരുന്ന സാഹചര്യമാണെന്നും അതിനാല്‍ തല്‍ക്കാലം കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കില്ലെന്നും സന്തോഷ് അയ്യര്‍ പറഞ്ഞു. മാത്രമല്ല, ആഗോളതലത്തില്‍ ഈ വര്‍ഷം അവസാനത്തോടെ മാത്രമായിരിക്കും ഇക്യുഎസ് മോഡലിന്റെ വില്‍പ്പന ആരംഭിക്കുന്നത്.

അതേസമയം, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ. ഇക്യുസി പുറത്തിറക്കി തങ്ങളാണ് ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് വാഹന മുന്നേറ്റത്തിന് തുടക്കം കുറിച്ചതെന്നും കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ ഇതേ വഴി സഞ്ചരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സന്തോഷ് അയ്യര്‍ പറഞ്ഞു. നിലവില്‍ രാജ്യമെങ്ങും ഏകദേശം നൂറ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചതായും തങ്ങളുടെ എതിരാളി കാറുകള്‍ക്കും ഇവിടെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3