Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാരിടൈം ഇന്ത്യാ വിഷന്‍ :  2030ഓടെ സ്മാര്‍ട്ട് തുറമുഖങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ

1 min read

‘സ്മാര്‍ട്ട് പോര്‍ട്ട്’ വിഭാഗത്തിന്റെ ആഗോള വിപണി 2024ഓടെ 5.3 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: 2030ഓടെ സമുദ്രങ്ങളോട് ചേര്‍ന്ന തുറമുഖങ്ങളെ ‘സ്മാര്‍ട്ട് തുറമുഖങ്ങളാക്കി’ മാറ്റാന്‍ ഇന്ത്യ ഒരുങ്ങുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവ ഉപയോഗപ്പെടുത്തി ഇന്റലിജന്റ് പോര്‍ട്ടുകളാക്കി തുറമുഖങ്ങളെ മാറ്റിയെടുക്കുന്നതിനാണ് മാരിടൈം ഇന്ത്യ വിഷന്‍ -2030 വിഭാവനം ചെയ്യുന്നത്. സ്മാര്‍ട്ട് ട്രാഫിക് മാനേജ്‌മെന്റ് ടൂളുകളുടെ ഉപയോഗം പ്രധാന തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും സുഗമമാക്കുകയും മാത്രമല്ല കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ലോകത്തിന്റെ മാരിടൈം തലവനായി ഇന്ത്യയെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതില്‍ ശുഭാപ്തിവിശ്വാസവും അര്‍പ്പണബോധവും പ്രചോദനവും അനിവാര്യമാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി മന്‍സുഖ് മണ്ടാവിയ പറയുന്നു. മൂന്നു ദിവസം നീണ്ടു നിന്ന ആസൂത്രണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുറമുഖങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള പരിശ്രമങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. ‘സ്മാര്‍ട്ട് പോര്‍ട്ട്’ വിഭാഗത്തിന്റെ ആഗോള വിപണി 2024ഓടെ 5.3 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് വിലയിരുത്തല്‍. 2019 ലെ 1.7 ബില്യണ്‍ ഡോളറില്‍ നിന്ന് 25 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് ഇതില്‍ പ്രകടമാകുക. ‘സ്മാര്‍ട്ട് പോര്‍ട്ടുകള്‍ മാത്രമാണ് ഭാവിയിലെ നിലനില്‍ക്കുന്ന തുറമുഖങ്ങള്‍’ എന്ന് വ്യവസായ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

ഷിപ്പിംഗ് വ്യവസായത്തിലെ ഒരു പ്രമുഖ സംഘടനയായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ് ആന്‍ഡ് ഹാര്‍ബേഴ്‌സും (ഐഎപിഎച്ച്) ചില തുറമുഖ ഭരണസംവിധാനങ്ങളും ഇതിനകം തന്നെ ഇന്‍ഡസ്ട്രി 4.0 സാങ്കേതികവിദ്യകള്‍ അവതരിപ്പിച്ച് അവരുടെ തുറമുഖങ്ങളെ ‘സ്മാര്‍ട്ട് പോര്‍ട്ടുകളായി’ മാറ്റിയിട്ടുണ്ട്. ഏഷ്യ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലെ ചില തുറമുഖങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുവെന്നും നാഷ്ണല്‍ മാരിടൈം ഫൗണ്ടേഷന്റെ മുന്‍ ഡയറക്റ്റര്‍ ഡോ. വിജയ് സഖുജ ചൂണ്ടിക്കാണിക്കുന്നു.

ഏഷ്യയില്‍, ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ചൈന. 2017ല്‍ ചൈനയിലെ പോര്‍ട്ട് ഓഫ് ക്വിങ്ദാവോ ഒരു ഇ-സ്മാര്‍ട്ട് തുറമുഖമായി വികസിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടു. മൊബൈല്‍ സേവന ദാതാക്കളായ എറിക്‌സണ്‍, ചൈന യൂണികോം എന്നിവയെയാണ് പൂര്‍ണമായും ഓട്ടോമോറ്റഡ് ആയ ഹാര്‍ബറിനായി 5 ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കാന്‍ ചുമതലപ്പെടുത്തിയത്. ഇതിലൂടെ തുറമുഖത്തിലെ തൊഴില്‍ ചെലവിടല്‍ 70 ശതമാനം വരെ കുറയുമെന്നാണ് കണക്കാക്കുന്നത്. ഇവിടെ നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോമേറ്റഡ് ഷിപ്പ്-ടു-ഷോര്‍ (എസ്ടിഎസ്) ക്രെയിന്‍ 5 ജി കണക്ഷന്‍ ഉപയോഗിച്ച് ഒരു കണ്ടെയ്‌നര്‍ വിജയകരമായി ഉയര്‍ത്തി. ഈ 5 ജി സ്മാര്‍ട്ട് പോര്‍ട്ട് സൊലൂഷന്‍ ഇപ്പോള്‍ മറ്റ് പല ചൈനീസ് തുറമുഖങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

ഇന്ത്യന്‍ തുറമുഖ-ഷിപ്പിംഗ് മന്ത്രാലയം തുറമുഖ മേഖലയിലെ സ്ഥാപനപരമായ കാര്യങ്ങളിലും പ്രവര്‍ത്തന തലങ്ങളിലും ഡാറ്റാ അനുബന്ധ ഉദ്യമങ്ങള്‍ അവതരിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഡയറക്ട് പോര്‍ട്ട് ഡെലിവറി (ഡിപിഡി), ഡയറക്റ്റ് പോര്‍ട്ട് എന്‍ട്രി (ഡിപിഇ); ആര്‍എഫ്‌ഐഡി, തുറമുഖങ്ങളുടെ പ്രവേശന കവാടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ സ്‌കാനറുകള്‍ / കണ്ടെയ്‌നര്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നത് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നവീകരിച്ച പോര്‍ട്ട് കമ്മ്യൂണിറ്റി സിസ്റ്റം (പിസിഎസ് 1 എക്‌സ് പതിപ്പ്) എല്ലാ തുറമുഖങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ പൊതുവായ ഇന്റര്‍ഫേസിലൂടെ വിവിധ പങ്കാളികള്‍ക്കിടയില്‍ തടസ്സമില്ലാത്ത ഡാറ്റാ ഫ്‌ലോ പ്രാപ്തമാക്കുന്നു. ഇത് സമ്പൂര്‍ണ പേപ്പര്‍രഹിത ഭരണ നിര്‍വഹണത്തിന് അവസരമൊരുക്കുന്നു. ഇ-ഇന്‍വോയ്‌സിംഗ്, ഇ-പേയ്‌മെന്റ് എന്നിവയ്‌ക്കൊപ്പം പിസിഎസ് വഴി ഇ-ഡിഒ (ഇലക്ട്രോണിക് ഡെലിവറി ഓര്‍ഡര്‍) നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.

ലോകത്തിലെ മികച്ച 50 തുറമുഖങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് (ജെഎന്‍പിടി) 32-ം സ്ഥാനത്താണ്. ഇന്നൊവേഷനുകളിലൂടെയും പരിഷ്‌കാരങ്ങളിലൂടെയും ഈ തുറമുഖം കാര്യക്ഷമത മെച്ചപ്പെടുത്തുന്നു. ചരക്ക്‌നീക്കങ്ങളുടെ ഓട്ടോമേറ്റഡ് മാനേജ്‌മെന്റിനും ഡാറ്റാ അധിഷ്ഠിത അനലിറ്റിക്‌സ് വഴി കപ്പല്‍ ഗതാഗത നിയന്ത്രണത്തിനും ഇവിടെ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു.

  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം

സ്മാര്ട്ട് കപ്പല്‍ നിര്‍മാണത്തില്‍ ഇന്ത്യയിലുണ്ടായ ഒരു പ്രധാന നീക്കം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിന്നായിരുന്നു എന്നും വിജയ് സഖുജ പറയുന്നു. ഓട്ടണോമസ് വെസലുകള്‍ നിര്‍മ്മിക്കുന്നതിന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് മുന്‍കൈയെടുത്തു. അത് സ്്മാര്‍ട്ട് ടഗ്ഗുകളും ഫെറികളും നിര്‍മിക്കുന്നതിന്റെ ആദ്യ പടിയാണ്. ദേശീയ ഉള്‍നാടന്‍ ജലഗതാഗത ശൃംഖലയ്ക്കായി ഇന്‍ഡസ്ട്രി 4.0 സാങ്കേതികവിദ്യകള്‍ പര്യവേക്ഷണം ചെയ്യുന്നതിന് ഇത് ഇന്ത്യയിലെ ടെക്‌നോളജി- പ്രൊഡക്റ്റ് ഡെവലപ്പര്‍മാര്‍ക്ക് പ്രചോദനം നല്‍കും.

മനുഷ്യവിഭവശേഷി അഥവാ തൊഴിലാളികളും പോര്‍ട്ട്-ഡിജിറ്റല്‍ ഇക്കോ സിസ്റ്റത്തിന്റെ ഭാഗമാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി വൈറ്റ്, ബ്ലൂ കോളര്‍ തൊഴിലവസരങ്ങള്‍ക്കായി ഈ മേഖല നിര്‍ദിഷ്ട വൈദഗ്ധ്യങ്ങള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ മാറ്റങ്ങള്‍ക്ക് അനുസരിച്ച് തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ ഉണ്ടാകേണ്ടതും നിര്‍ണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3