എക്കാലത്തെയും ഉയര്‍ന്ന വരുമാനം സ്വന്തമാക്കിയെന്ന് എല്‍ജി ഇന്ത്യ
1 min readന്യൂഡെല്‍ഹി: തങ്ങളുടെ ചരിത്രത്തില്‍ തന്നെ, ഒരു പാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ജനുവരി-മാര്‍ച്ച് കാലയളവില്‍ രേഖപ്പെടുത്തിയതെന്ന് എല്‍ജി ഇന്ത്യ. 5500 കോടി രൂപയുടെ വില്‍പ്പന വരുമാനം നാലാം പാദത്തില്‍ രേഖപ്പെടുത്തിയെന്നാണ് എല്‍ജി ഇന്ത്യ വൈസ് പ്രസിഡന്‍റ് വിജയ് ബാബു വ്യക്തമാക്കിയിട്ടുള്ളത്. മുന്‍ വര്‍ഷം സമാന പാദവുമായുള്ള താരതമ്യത്തില്‍ 56 ശതമാനം വളര്‍ച്ചയാണിത്. അന്ന് ഈ കാലയളവില്‍ കൊറൊണ വില്‍പ്പനയില്‍ ആഘാതം സൃഷ്ടിച്ചിരുന്നു. 2019 ജനുവരി-മാര്‍ച്ച് കാലയളവുമായുള്ള താരതമ്യത്തില്‍ 36 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
എയര്‍ കണ്ടീഷ്ണറുകള്‍, റെഫ്രിജറേറ്ററുകള്‍ തുടങ്ങിയ കൂളിംഗ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് വരുമാന വളര്‍ച്ചയെ നയിക്കുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്തെ വില്‍പ്പനയെ ലോക്ക്ഡൗണുകള്‍ സാരമായി ബാധിച്ചിരുന്നു. ഇത്തവണ വേനല്‍ നേരത്തേ കനത്തതും ശരാശരി ചൂട് ഉയര്‍ന്നതും കൂടുതല്‍ വില്‍പ്പനയ്ക്ക് വഴി തെളിച്ചു.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 40 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് എല്‍ജി ഇന്ത്യ പ്രതീക്ഷിക്കുന്നത്. വര്‍ധിച്ച ആവശ്യകതയെ അഭിമുഖീകരിക്കുന്നതിനായി പ്ലാന്‍റുകളിലെ ശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്താനും വിതരണ ശൃംഖല ശക്തിപ്പെടുത്താനും ശ്രമിക്കുന്നതായും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 15 മുതല്‍ വിവിധ അപ്ലൈന്‍സുകളുടെ വില 5 ശതമാനം ഉയര്‍ത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നേരത്തേ ജനുവരിയിലും 5-6 ശതമാനം വില വര്‍ധന നടപ്പാക്കിയിരുന്നു. ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിച്ചതു കൊണ്ടാണിതെന്ന് കമ്പനി വിശദീകരിക്കുന്നു.