ലെനോവോ സ്മാര്‍ട്ട് ക്ലോക്ക് ഇസെന്‍ഷ്യല്‍ വിപണിയില്‍
ഗൂഗിള്‍ അസിസ്റ്റന്റ് സൗകര്യത്തോടെ വരുന്ന കണക്റ്റഡ് ഡിജിറ്റല്‍ ക്ലോക്കിന് 4,499 രൂപയാണ് വില
ന്യൂഡെല്‍ഹി: ലെനോവോ സ്മാര്‍ട്ട് ക്ലോക്ക് ഇസെന്‍ഷ്യല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ അസിസ്റ്റന്റ് സൗകര്യത്തോടെ വരുന്ന കണക്റ്റഡ് ഡിജിറ്റല്‍ ക്ലോക്കിന് 4,499 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ട്, ലെനോവോ.കോം എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം. ഫെബ്രുവരി 19 ന് അര്‍ധരാത്രി വില്‍പ്പന ആരംഭിക്കും. ‘സോഫ്റ്റ് ടച്ച് ഗ്രേ’കളര്‍ ഓപ്ഷനില്‍ ലഭിക്കും. ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ സ്റ്റോറുകളില്‍ പിന്നീട് വില്‍പ്പന ആരംഭിക്കും. ലെനോവോ സ്മാര്‍ട്ട് ക്ലോക്ക് ഇസെന്‍ഷ്യല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യൂറോപ്പില്‍ പുറത്തിറക്കിയിരുന്നു. 2019 ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ലെനോവോ സ്മാര്‍ട്ട് ക്ലോക്കിന്റെ ഇളയ സഹോദരനാണ് പുതിയ ഉല്‍പ്പന്നം.
വായിക്കാന്‍ എളുപ്പമായ 4 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേ ലഭിച്ചു. കാലാവസ്ഥ, താപനില ഉള്‍പ്പെടെയുള്ള തല്‍സമയ വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍പ്പെടും. ഡിസ്‌പ്ലേയുടെ തെളിച്ചം സ്വയമേവ ക്രമീകരിക്കുന്നതിന് ആംബിയന്റ് ലൈറ്റ് സെന്‍സര്‍ നല്‍കി. ആംലോജിക് എ113എക്‌സ് എസ്ഒസിയാണ് കരുത്തേകുന്നത്. 4 ജിബി റാം, 512 എംബി ഇഎംഎംസി സ്‌റ്റോറേജ് സവിശേഷതയാണ്. 1.5 വാട്ട് സ്പീക്കര്‍ സഹിതമാണ് ക്ലോക്ക് വരുന്നത്. രണ്ട് മൈക്രോഫോണുകള്‍, ഇന്‍ബില്‍റ്റ് നൈറ്റ് ലൈറ്റ് (31 ലൂമന്‍ ബ്രൈറ്റ്‌നസ്) എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. നിങ്ങളുടെ മുറിയിലെ ലൈറ്റ് ഓണ്‍ ചെയ്യാതെ തന്നെ രാത്രിസമയങ്ങളില്‍ ഈ വെളിച്ചത്തില്‍ നടക്കാന്‍ കഴിയും. ഫോണ്‍, മറ്റ് ഡിവൈസുകള്‍ എന്നിവ ചാര്‍ജ് ചെയ്യുന്നതിന് യുഎസ്ബി പോര്‍ട്ട് നല്‍കി. മൈക്രോഫോണ്‍ മ്യൂട്ട് ടോഗിള്‍ കൂടെ ലഭിക്കും.
അലാം സെറ്റ് ചെയ്യുന്നതിനും ലെനോവോ സ്മാര്‍ട്ട് ക്ലോക്ക് ഇസെന്‍ഷ്യല്‍ ഉപയോഗിക്കാം. അടുത്ത ദിവസത്തെ കലണ്ടര്‍ ഇവന്റുകളുടെ അടിസ്ഥാനത്തില്‍ ക്ലോക്ക് നിങ്ങള്‍ക്കായി സ്മാര്‍ട്ട് അലാം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കും. അലാം റിങ് ചെയ്യുന്നതിന് മുമ്പ് ഡിസ്‌പ്ലേയുടെ നിറവും തെളിച്ചവും ക്രമേണ വര്‍ധിച്ചുവരുന്നവിധം സണ്‍റൈസ് അലാം സെറ്റ് ചെയ്യാനും കഴിയും. വൈഫൈ, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി സപ്പോര്‍ട്ട് ലഭിച്ചതാണ് ലെനോവോ സ്മാര്‍ട്ട് ക്ലോക്ക് ഇസെന്‍ഷ്യല്‍. 121 എംഎം, 64 എംഎം, 83 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 240 ഗ്രാമാണ് ഭാരം.