കെടിഎം ആര്‍സി 390 നിര്‍ത്തി; പുതിയ മോഡല്‍ ഉടന്‍
ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് കെടിഎം ആര്‍സി 390 നീക്കം ചെയ്തു
ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് കെടിഎം ആര്‍സി 390 നീക്കം ചെയ്തു. ഇതോടെ മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ചതായി മനസിലാക്കാം. അതുകൊണ്ടുതന്നെ അടുത്ത തലമുറ കെടിഎം ആര്‍സി 390 പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. നിലവിലെ തലമുറ മോഡലിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് ഡീലര്‍ഷിപ്പുകള്‍ നിര്‍ത്തിവെച്ചു. സ്റ്റോക്ക് വിറ്റഴിക്കുന്നതിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ ഡീലര്‍മാര്‍. പുതിയ കെടിഎം ആര്‍സി 390 സമീപഭാവിയില്‍ അവതരിപ്പിക്കുമെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്. സെഗ്‌മെന്റിലെ ഏറ്റവും കരുത്തേറിയ മോട്ടോര്‍സൈക്കിളാണ് കെടിഎം ആര്‍സി 390.
2013 ഐക്മ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് കെടിഎം ആര്‍സി 390 ആദ്യമായി അരങ്ങേറിയത്. തൊട്ടടുത്ത വര്‍ഷം വിപണികളില്‍ അവതരിപ്പിച്ചു. വര്‍ഷങ്ങള്‍ക്കിടെ മോട്ടോര്‍സൈക്കിളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. അടുത്ത തലമുറ ആര്‍സി 390 മോട്ടോര്‍സൈക്കിളിന്റെ പ്രവര്‍ത്തനങ്ങളിലാണ് കുറച്ചുകാലമായി കെടിഎം. ആദ്യം യൂറോപ്പിലും പിന്നീട് ഇന്ത്യയിലും മോട്ടോര്‍സൈക്കിള്‍ പരീക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു. പുതു തലമുറ കെടിഎം ആര്‍സി 390 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന കൃത്യം തീയതി പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ മോട്ടോര്‍സൈക്കിളില്‍നിന്ന് പലതരത്തിലും വ്യത്യസ്തമായിരിക്കും പുതു തലമുറ കെടിഎം ആര്‍സി 390.
പുതിയ മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍, സ്റ്റൈലിംഗ് എന്നിവ തികച്ചും വ്യത്യസ്തമാണ്. മുന്‍ഭാഗത്തിന്റെ കാര്യത്തില്‍ പഴയ കെടിഎം ആര്‍സി8 സൂപ്പര്‍ബൈക്കില്‍നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. ഇരട്ട പ്രൊജക്റ്റര്‍ ലാംപുകള്‍ക്ക് പകരം എല്‍ഇഡി യൂണിറ്റ് നല്‍കി. നിലവിലെ തലമുറ 390 ഡ്യൂക്കില്‍നിന്ന് എടുത്തതാണെന്ന് തോന്നുന്നു ഈ എല്‍ഇഡി ഹെഡ്‌ലാംപ്. വശങ്ങളില്‍ അല്‍പ്പം അഗ്രസീവ് കുറഞ്ഞ ഫെയറിംഗ് നല്‍കി. പിന്‍വശം പൂര്‍ണമായി പുനര്‍രൂപകല്‍പ്പന ചെയ്തു.
വിപണി വിടുന്ന മോട്ടോര്‍സൈക്കിളുമായി താരതമ്യം ചെയ്യുമ്പോള്‍ റൈഡിംഗ് പൊസിഷന്‍, എര്‍ഗണോമിക്‌സ് എന്നിവയിലാണ് ഏറ്റവും വലിയ മാറ്റം. ആദ്യമായി ലോക വിപണികളില്‍ അരങ്ങേറിയതുമുതല്‍ ഇപ്പോള്‍ പിന്‍വലിക്കുന്നതുവരെ അഗ്രസീവ് രീതിയിലാണ് മോട്ടോര്‍സൈക്കിളില്‍ റൈഡര്‍മാര്‍ ഇരുന്നത്. അതുകൊണ്ടുതന്നെ വളവുകളിലും റേസ്ട്രാക്കിലും പെര്‍ഫെക്റ്റ് ആയിരുന്നു. എന്നാല്‍ നഗര വീഥികളില്‍ ദിവസേന ദീര്‍ഘനേരം ഓടിച്ചാല്‍ റൈഡര്‍ക്ക് പലപ്പോഴും ശരീരവേദന ഉണ്ടാകുമായിരുന്നു. ദിവസവും ഉപയോഗിക്കുന്നതിന് കൂടുതല്‍ പ്രായോഗികവും കൂടുതല്‍ സുഖകരവും ആയിരിക്കും പുതിയ മോട്ടോര്‍സൈക്കിളെന്ന് പ്രതീക്ഷിക്കുന്നു. റൈഡിംഗ് ഇരുപ്പ് ഇപ്പോള്‍ കൂടുതല്‍ റിലാക്‌സ്ഡ് ആണെന്ന് ഇതിനകം പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. നിലവിലെ അതേ മോഡലിന്റെ പെര്‍ഫോമന്‍സ്, ഹാന്‍ഡ്‌ലിംഗ് എന്നിവ തുടരുമെന്ന് പ്രതീക്ഷിക്കാം.
നിലവിലെ അതേ 373 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും കരുത്തേകുന്നത്. എന്നാല്‍ കരുത്തും ടോര്‍ക്കും അല്‍പ്പം വര്‍ധിക്കുംവിധം പരിഷ്‌കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഈ മോട്ടോര്‍ 42.9 ബിഎച്ച്പി കരുത്തും 36 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. നിലവിലെ പഴക്കംചെന്ന ഓറഞ്ച് ബാക്ക്‌ലിറ്റ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് പാനല്‍ ഒഴിവാക്കി പുതുതായി ഫുള്‍ കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ നല്‍കും. മാത്രമല്ല, ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാന്‍ കഴിയും.