Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നവീകരിച്ച കെടിഡിസി സമുദ്ര റിസോര്‍ട്ട് മന്ത്രി ഉദ്ഘാടനം ചെയ്തു

1 min read

തിരുവനന്തപുരം: ബീച്ച് ടൂറിസത്തിന്‍റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടും വിധത്തില്‍ കാലാനുസൃതമായ പദ്ധതികള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആഘോഷപൂര്‍വ്വമായ വിവാഹങ്ങള്‍ക്കും അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്കും വേദിയാകാന്‍ ലോകോത്തര മികവോടെ നവീകരിച്ച കോവളത്തെ സമുദ്ര റിസോര്‍ട്ട് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് വ്യാപകമായ ഇന്നത്തെ കാലത്ത് വിവിധ സ്ഥലങ്ങളിലുള്ളവര്‍ കേരളത്തിലേക്ക് വന്ന് വിവാഹം നടത്തുന്നത് വര്‍ധിച്ചു വരുകയാണ്. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുതിയ കാലത്തിന്‍റെ സൗന്ദര്യ ശാസ്ത്രമനുസരിച്ചാണ് മൂന്നാം ഘട്ട നവീകരണത്തിന്‍റെ ഭാഗമായ 40 മുറികളും ഒരുക്കിയിരിക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ പി കെ. ശശി അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ബീച്ച് ടൂറിസത്തിന് അനുയോജ്യമായ മാതൃകയില്‍ തന്നെ അടുത്തഘട്ടത്തില്‍ 24 മുറികള്‍ കൂടി നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം മികച്ച വിവാഹ ഡെസ്റ്റിനേഷനായിമാറുന്ന സാഹചര്യത്തില്‍ നവീകരിച്ച സമുദ്ര റിസോര്‍ട്ട് സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാണ്. കേരളത്തിലെ ബീച്ച്ടൂറിസത്തിന്‍റെ മുഖമുദ്രയായ കോവളത്താണ് കെടിഡിസിയുടെ പ്രീമിയം റിസോര്‍ട്ടായ സമുദ്ര സ്ഥിതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. കോവളത്തെത്തുന്ന ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്ക് ഇവിടുത്തെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാവുന്ന രീതിയിലാണ് സമുദ്രയുടെ രൂപകല്പന. സമുദ്രയിലെ എല്ലാമുറികളും കടലിന് അഭിമുഖമാണ്. 12.68 കോടി രൂപ ചെലവഴിച്ച് 40 മുറികള്‍ മൂന്നുഘട്ടമായാണ് നവീകരിച്ചത്.

  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിലെ മികച്ച കേന്ദ്രങ്ങളിലൊന്നായ സമുദ്രയിലെ ജിവിരാജ കണ്‍വന്‍ഷന്‍ സെന്‍ററും ബീച്ചിന് അഭിമുഖമായുള്ള പുല്‍ത്തകിടിയും നവീകരണത്തിന്‍റെ ഭാഗമായി മോടി പിടിപ്പിച്ചിട്ടുണ്ട്. ബിസിനസ് ഹൗസുകളുടെ മീറ്റിംഗുകള്‍, ശാസ്ത്ര കോണ്‍ഫറന്‍സുകള്‍, പ്രൊഫഷണല്‍ സംഘടനകളുടെ ഒത്തുചേരല്‍ തുടങ്ങിയവയ്ക്കുള്ള സൗകര്യവും നവീകരിച്ച സമുദ്രയിലുണ്ട്. ഇത്തരത്തിലുള്ള അന്താരാഷ്ട്ര സമ്മേളനങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് നവീകരണം നടത്തിയത്. സീ വ്യൂ കോട്ടേജ്, സുപ്പീരിയര്‍ സീ വ്യൂ, പ്രീമിയം സീ വ്യൂ, പ്രീമിയം പൂള്‍ വ്യൂ, സീ വ്യൂ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി 64 മുറികളാണ് സമുദ്രയിലുള്ളത്. ഇവിടുത്തെ മികച്ച റെസ്റ്റോറന്‍റ്, സ്വിമ്മിംഗ് പൂള്‍, നവീകരിച്ച പുല്‍ത്തകിടി തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമാകും. നവീകരണത്തിന്‍റെ ഭാഗമായുള്ള പുതിയ എ സി പ്ലാന്‍റ് നിര്‍മ്മാണം, മികച്ച ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, ആകര്‍ഷകമായ യാര്‍ഡ്ലൈറ്റിംഗ്, അപ്രോച്ച് റോഡ് ടാറിങ് തുടങ്ങിയവ സമുദ്രയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ആഡംബര റിസോര്‍ട്ടുകള്‍ മുതല്‍ മധ്യനിര ഹോട്ടലുകളും മോട്ടലുകളും ഉള്‍പ്പെടെ 70-ലധികം സ്ഥാപനങ്ങള്‍ നിലവില്‍ കെടിഡിസിയുടെ കീഴിലുണ്ട്. ബീച്ചുകള്‍, കായലോരങ്ങള്‍, ഹില്‍സ്റ്റേഷനുകള്‍, ദ്വീപുകള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കെടിഡിസി ഹോട്ടലുകള്‍ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം പ്രീമിയം റിസോര്‍ട്ടുകളാണ്, 11 ബജറ്റ്ഹോട്ടലുകള്‍, എട്ട് ഇക്കോണമി ഹോട്ടലുകള്‍, വഴിയോര വിശ്രമസൗകര്യങ്ങള്‍ എന്നിവയും കെടിഡിസി സ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം

കേന്ദ്രീകൃത ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം, ഉപഭോക്താക്കളുടെ താല്പര്യം അനുസരിച്ചുള്ള വൈവിധ്യമാര്‍ന്ന ടൂര്‍ പാക്കേജുകള്‍ എന്നിങ്ങനെയുള്ള വിപുലമായ സാധ്യതകള്‍ കെടിഡിസിയെ വിനോദ സഞ്ചാരികളുടെ മുന്‍നിര തിരഞ്ഞെടുപ്പുകളില്‍ ഒന്നാക്കിമാറ്റി. ലോക ടൂറിസം ഭൂപടത്തില്‍ തേക്കടി, മൂന്നാര്‍, കോവളം തുടങ്ങിയ സ്ഥലങ്ങളെ അടയാളപ്പെടുത്തുന്നതിലും കെടിഡിസി സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. റൂം ബുക്കിംഗ്, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്/ കോണ്‍ഫറന്‍സ് വെന്യൂ ബുക്കിംഗ ്എന്നിവയ്ക്ക് സമുദ്രയുടെ 0471-2480089, 2481412 എന്നീ നമ്പറുകളിലോ 1800 425 0123 എന്ന നമ്പറില്‍ കെടിഡിസിയുടെ സെന്‍ട്രല്‍ റിസര്‍വേഷന്‍ സെന്‍ററുമായോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ktdc.com സന്ദര്‍ശിക്കുക.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ
Maintained By : Studio3