കൊച്ചി ആസ്ഥാനമായ പിഎന്‍ബി വെസ്പര്‍ കൊറൊണ മരുന്നിന്‍റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കി
1 min readലോകത്തില്‍ തന്നെ കൊറോണയെ നേരിടാന്‍ പുതിയ മരുന്ന് സംയുക്തത്തില്‍ അത്തരം പരീക്ഷണം തുടങ്ങിയ ആദ്യ കമ്പനിയാണ് പിഎന്‍ബി വെസ്പര്‍
കൊച്ചി: കൊറോണ വൈറസ് അണുബാധയ്ക്കുള്ള ചികിത്സയ്ക്കായി തയാറാക്കുന്ന മരുന്നായ പിഎന്‍ബി -001 (ജിപിപി-ബാലഡോള്‍)-ന്‍റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കൊച്ചി ആസ്ഥാനമായുള്ള പിഎന്‍ബി വെസ്പര്‍ ലൈഫ് സയന്‍സസ് വിജയകരമായി പൂര്‍ത്തിയാക്കി. ഉപയോഗം. ഇംഗ്ലണ്ടില്‍ ലാബുകളുള്ള കമ്പനിക്ക് 2020 സെപ്റ്റംബര്‍ തുടക്കത്തില്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലില്‍ (ഡിസിജിഐ) രണ്ടാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചിരുന്നു. മിതമായ ലക്ഷണങ്ങള്‍ മാത്രമുള്ള രോഗികളില്‍ ഓക്സിജന്‍ സജ്ജമാക്കികൊണ്ട് പരീക്ഷണം നടത്താനായിരുന്നു അനുമതി.
നവംബറില്‍ പൂനെയിലെ ബിജെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ്, സാസൂണ്‍ ജനറല്‍ ആശുപത്രി, ബെംഗളൂരുവിലെ വിക്ടോറിയ മെഡിക്കല്‍ കോളേജ്, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളോടും മറ്റ് അന്താരാഷ്ട്ര ക്ലിനിക്കല്‍ ട്രയലുകളോടും യോജിക്കുന്ന തരത്തിലാണ് ട്രയല്‍ പ്രോട്ടോക്കോള്‍ രൂപകല്‍പ്പന ചെയ്തതെന്ന് കമ്പനിയുടെ പ്രൊമോട്ടറും ചീഫ് എക്സിക്യൂട്ടീവുമായ പിഎന്‍ ബലറാം പറഞ്ഞു. ഡിസിജിഐ-ക്ക് ഇന്നലെ തന്നെ കമ്പനി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
സെപ്റ്റംബറില്‍ രണ്ടാംഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുമ്പോള്‍, ലോകത്തില്‍ തന്നെ കൊറോണയെ നേരിടാന്‍ പുതിയ മരുന്ന് സംയുക്തത്തില്‍ അത്തരം പരീക്ഷണം തുടങ്ങിയ ആദ്യ കമ്പനിയായി പിഎന്‍ബി വെസ്പര്‍ മാറിയിരുന്നു. രോഗികള്‍ക്ക് 100 ഗ്രാം വീതം ജിപിപി-ബാലഡോള്‍ ഒരു ദിവസം മൂന്നു പ്രാവശ്യം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ക്ലിനിക്കല്‍ മാനേജുമെന്‍റ് പ്രോട്ടോക്കോളില്‍ വിവരിച്ചിരിക്കുന്ന തരത്തില്‍ വിലയിരുത്തലുകള്‍ നടത്തിയെന്ന് കമ്പനി അറിയിച്ചു.
‘ഇതുവരെ, ജിപിപി-ബാലഡോള്‍ ചികിത്സിച്ച മിക്ക രോഗികളും അവരുടെ ചികിത്സയുടെ ആദ്യ ദിവസങ്ങളില്‍ പോലും ക്ലിനിക്കല്‍ പുരോഗതി പ്രകടമാക്കി. കൂടാതെ, ഞങ്ങളുടെ രോഗികളിലാരിലുംം ചികിത്സാനന്തര അപകട സാധ്യതകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊറോണയ്ക്ക് 28 ഓളം ദീര്‍ഘകാല സങ്കീര്‍ണതകള്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ചികിത്സാ സംഘം അത്തരം അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,”ബലറാം പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളെ ക്ലിനിക്കല്‍ ട്രയല്‍ മോഡില്‍ അടിയന്തര ഘട്ടങ്ങളില്‍ ചികിത്സിക്കുന്നതിനായി സര്‍ക്കാരിനെ ഉടന്‍ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ്, ബ്രിട്ടീഷ് സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിവരികയാണെന്നും ഇതിനകം അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ പേറ്റന്‍റ് നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.