കിന്‍ഫ്ര 30-ആം വര്‍ഷത്തിലേക്ക്
തിരുവനന്തപുരം: നിക്ഷേപസൗഹൃദ കേരളം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതില്‍ സുപ്രധാനമായ പങ്കു വഹിക്കുന്ന കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കിന്‍ഫ്ര) സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയില്‍ സേവനത്തിന്റെ 30-ആം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2021-22ല്‍, സമയബന്ധിതമായ ആസൂത്രണത്തിലൂടെ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ കിന്‍ഫ്രയ്ക്ക് സാധിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമാശ്വാസ പദ്ധതി, വ്യവസായ ഭദ്രത തുടങ്ങിയ കോവിഡ് പുനരധിവാസ പദ്ധതികള്‍ മുഖേനയും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു 2021 -22ല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞുവെന്ന്, സംസ്ഥാന വ്യവസായ-കയര്‍-നിയമ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് അറിയിച്ചു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ നിരവധി സുപ്രധാന നേട്ടങ്ങളാണ് കിന്‍ഫ്രയ്ക്ക് ഉറപ്പാക്കാന്‍ കഴിഞ്ഞത്. 2021-22 ല്‍ ജനുവരി വരെ മാത്രം കിന്‍ഫ്ര നടത്തിയ അലോട്ട്‌മെന്റ് മുഖേന 20,900-ത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനും 1522 ഓളം കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങള്‍ കേരളത്തില്‍ എത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ നടത്തിയ അലോട്‌മെന്റും, അതുവഴി കേരളത്തിനു ലഭിച്ച നിക്ഷേപങ്ങള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഏകദേശം ആനുപാതികമായി ഈ ഒരു വര്‍ഷം കൊണ്ട് നേട്ടം കൈവരിക്കാന്‍ കിന്‍ഫ്രയ്ക്കു കഴിഞ്ഞു. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ഭൂമി അലോട്ട് ചെയ്തത് 527.21 ഏക്കര്‍ എന്നതിനെ അപേക്ഷിച്ച് 2021 -22 വര്‍ഷത്തില്‍ ജനുവരി 2022 വരെ മാത്രം 128.82 ഏക്കര്‍ ആണ് അലോട്ട് ചെയ്തത്. ബഹുനില ഫാക്ടറി കെട്ടിടങ്ങളുടെ അലോട്ട്‌മെന്റ് 5 വര്‍ഷത്തില്‍ 680,619.06 ചതുരശ്ര അടി എന്നതിനെ അപേക്ഷിച്ച്, നടപ്പു വര്‍ഷത്തില്‍ ജനുവരി 2022 വരെ മാത്രം 3,45,800.42 ചതുരശ്ര അടി ആണ് അലോട്ട് ചെയ്യാണ്‌നാ സാധിച്ചു. അതു പോലെ, 5 വര്‍ഷം കൊണ്ട് 540.00 യുണിറ്റുകള്‍, 17,228.00 തൊഴിലവസരങ്ങള്‍, 1731.53 കോടി രൂപ നിക്ഷേപം എന്നതിനെ അപേക്ഷിച്ച്, 2021 -22 വര്‍ഷത്തില്‍ ജനുവരി 2022 വരെ മാത്രം 162 യൂണിറ്റുകള്‍, 20888 തൊഴിലവസരങ്ങള്‍, 1522.1 കോടി രൂപ നിക്ഷേപം എന്ന നിലയായി കുതിച്ചു.
മുന്‍ വര്‍ഷങ്ങളേക്കാള്‍ സാമ്പത്തികമായി നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കിന്‍ഫ്രയ്ക്കു സാധിച്ച വര്‍ഷമാണ് 2021-22. കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ പുരോഗമനം കണ്ട വര്‍ഷം കൂടിയാണ് 2021-22. വ്യവസായ വത്ക്കരണവും വ്യവസായ പുരോഗതിയും കൈവരിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ പ്രത്യേക പദ്ധതി സംസ്ഥാനത്തു നടപ്പിലാക്കുന്നതിന്റെ ചുമതല കിന്‍ഫ്രയ്ക്കാണ്. രണ്ടു നോഡുകളിലായി 2240 ഓളം ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നതിനായി തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ 87% ഭൂമി മെയ് 2022 ഓടെ ഏറ്റെടുക്കും. ചരിത്രപരമായ ഒരു നേട്ടമാണ് ഈ ഏറ്റെടുക്കലിലൂടെ കിന്‍ഫ്ര നേടിയത്. പാലക്കാട് നോഡില്‍ 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതിക്ഷിക്കുന്നത്. 22,000-ത്തോളം നേരിട്ടും 80,000-ത്തോളം പരോക്ഷവുമായ തൊഴില്‍ അവസരങ്ങളാണ് ഈ പദ്ധതി മുഖാന്തിരം പ്രതീക്ഷിക്കുന്നത്. ഗിഫ്റ്റ് സിറ്റി എറണാകുളം നോഡിലൂടെ 3000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതിക്ഷിക്കുന്നത്. 10,000-ത്തോളം നേരിട്ടും 20,000-ത്തോളം പരോക്ഷവുമായ തൊഴില്‍ അവസരങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഈ വ്യവസായ ഇടനാഴിയിലൂടെ പ്രതിവര്‍ഷം സംസ്ഥന ഖജാനവിലേക്കു 600 കോടി രൂപ മുതല്‍ കൂട്ടാന്‍ സാധിക്കും, മന്ത്രി ശ്രീ പി രാജീവ് പറഞ്ഞു.
രാജ്യത്തെ വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സംവിധാനമാണ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് റേറ്റിംഗ് സിസ്റ്റം. കിന്‍ഫ്രയുടെ 5 പാര്‍ക്കുകള്‍ മികവിന്റെ അടിസ്ഥാനത്തില്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് റേറ്റിംഗ് സിസ്റ്റം പ്രകാരം ദക്ഷിണ മേഖലയില്‍ മുന്നിലെത്തി. കിന്‍ഫ്ര ഹൈ ടെക് പാര്‍ക്ക്, കൊച്ചി; കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്ക്, പാലക്കാട്; കിന്‍ഫ്ര ഫിലിം & വീഡിയോ പാര്‍ക്ക്, കഴക്കൂട്ടം; കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക്, മഴുവന്നൂര്‍; കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കഞ്ചിക്കോട്, എന്നിവയാണ് ഈ പാര്‍ക്കുകള്‍.
2021-22 വര്‍ഷത്തില്‍ പ്രമുഖ സ്ഥാപനങ്ങളായ ടി.സി.സ്, ടാറ്റ എലക്‌സി, വി ഗാര്‍ഡ്, അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ്, ഹൈകോണ്‍, വിന്‍ വിഷ് ടെക്‌നോളോജിസ്, ട്രാന്‍സ് ഏഷ്യന്‍ ഷിപ്പിംഗ് കോ, ജോളി കോട്‌സ് എന്നിവര്‍ക്ക് അലോട്‌മെന്റ് കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്.
കിന്‍ഫ്രയുടെ തുടര്‍പദ്ധതികള്‍
മുപ്പതാം വര്‍ഷത്തില്‍ അഭിമാനമായി വിവിധ തുടര്‍പദ്ധതികള്‍ക്കും കിന്‍ഫ്രയുടേതായി പുരോഗമിക്കുന്നുണ്ട്. കൊച്ചി അമ്പലമുകളില്‍ 481 ഏക്കറില്‍ 1200 കോടി മുതല്‍ മുടക്കില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിക അനുമതി ലഭിച്ചിട്ടുള്ള പദ്ധതിയാണിത്. 230 ഓളം ഏക്കര്‍ ഭൂമി ഇതിനോടകം തന്നെ 35 നിക്ഷേപകര്‍ക്ക് കിന്‍ഫ്ര അനുവദിച്ചു കഴിഞ്ഞു. ഇതില്‍ 170 ഏക്കര്‍ ഭൂമി പെട്രോകെമിക്കല്‍ രംഗത്തെ തന്നെ പ്രമുഖ സ്ഥാപനമായ ബി.പി.സി.എല്‍ നാണ് നല്‍കിയിട്ടുള്ളത്. ഏകദേശം 11,000 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും 10,000 കോടി രൂപയുടെ നിക്ഷേപവും ആണ് ഈ പദ്ധതികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 150 കോടിയുടെ രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഈ പാര്‍ക്ക് ഒക്ടോബര്‍ 2024 ഓടെ പൂര്‍ണ്ണമായും സജ്ജമാകും, മന്ത്രി ശ്രീ പി രാജീവ് അറിയിച്ചു.
ഇതു കൂടാതെ, ഇപ്പോള്‍ പുരോഗമിക്കുന്ന ഇടുക്കി സ്പൈസസ് പാര്‍ക്ക് എം.എസ്.എം.ഇ മന്ത്ര0ലയത്തിന്റെ എം.എസ്.എം.ഇ-സി.ഡി.പി സ്‌കീമില്‍ വരുന്ന പദ്ധതിയാണ്. 12.5 കോടി രൂപ മുതല്‍മുടക്കില്‍ സ്പൈസസ് പാര്‍ക്കിന്റെ ആദ്യ ഘട്ടം ഇടുക്കി ജില്ലയിലെ മുട്ടത്തു പുരോഗമിക്കുന്നു. പാര്‍ക്ക് വികസനത്തിനായി 5 കോടിയോളം രൂപ ഗ്രാന്റ് ആയി കേന്ദ്ര സര്‍ക്കാരില്‍ നിന്നു വിവിധ ഘട്ടങ്ങളിലായി ലഭിക്കും. 300 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും 45 കോടി രൂപയുടെ നിക്ഷേപവും ആണ് ഈ പദ്ധതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
പുരോഗമിക്കുന്ന മറ്റു തുടര്‍പദ്ധതികള്‍ ഇവയാണ്:
ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍, കാക്കനാട്: കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇ.എം.സി സ്‌കീം ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയാണിത്. ഇലക്ട്രോണിക്‌സ് അനുബന്ധ വ്യവസായങ്ങള്‍ക്കായി കൊച്ചി കാക്കനാടില്‍ കിന്‍ഫ്ര 66 ഏക്കര്‍ സ്ഥലത്തു പാര്‍ക്ക് നിര്‍മിച്ചു വരുന്നു. അലോട്ട്‌മെന്റ് നടപടികളും ആരംഭിച്ചിട്ടുണ്ട്‌ന. ഇതിനോടകം തന്നെ 7 യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിച്ചുകഴിഞ്ഞു. 11230 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും 820 കോടി രൂപയുടെ നിക്ഷേപവും ആണ് ഈ പദ്ധതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 2023 ഓടുകൂടി ഈ പദ്ധതി പൂര്‍ത്തിയാവും.
ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍, കാക്കനാട്: കൊച്ചിയില്‍ സ്ഥിരമായ ഒരു എക്‌സിബിഷന്‍ സെന്ററും മറ്റു അനുബന്ധ സൗകര്യങ്ങള്‍ക്കുമായി, പ്രത്യേകിച്ചും എം.സ്.എം.ഇ സെക്ടറുകള്‍ക്കായി, കിന്‍ഫ്ര നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതാണ് ഈ പദ്ധതി. ഇതിന്റെ മാസ്റ്റര്‍ പ്ലാനും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. ഒക്ടോബര്‍ 2023 ഓടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക്, മട്ടന്നൂര്‍: കണ്ണൂരിലെ മട്ടന്നൂരില്‍ 127 ഏക്കറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പദ്ധതിയാണിത്. കിന്‍ഫ്രയുടെ നോര്‍ത്ത് സോണല്‍ ഓഫീസായും ഈ പാര്‍ക്കിനെ വികസിപ്പിക്കാന്‍ ആലോചനയുണ്ട്. അലോട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നു. 200 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും 30കോടി രൂപയുടെ നിക്ഷേപവും ആണ് ഈ പദ്ധതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. സെപ്തംബര്‍ 2023 ഓടുകൂടി പദ്ധതി പൂര്‍ത്തിയാവും.
ഇന്റഗ്രേറ്റഡ് റൈസ് ടെക്‌നോളജി പാര്‍ക്കുകള്‍: പാലക്കാടും ആലപ്പുഴയിലുമായി രണ്ടു റൈസ് പാര്‍ക്കുകളാണ് കിന്‍ഫ്ര നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. പാലക്കാട് 5 ഏക്കര്‍ സ്ഥലത്തും, ആലപ്പുഴയില്‍ 5 .5 ഏക്കര്‍ സ്ഥലത്തുമാണ് റൈസ് പാര്‍ക്കുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. മാര്‍ച്ച് 2023 ഓടുകൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന രണ്ടു റൈസ് പാര്‍ക്കുകള്‍ക്കുമായുള്ള ഭൂമി കിന്‍ഫ്രയുടെ കൈവശം കിട്ടിയാല്‍ 24 മാസം കൊണ്ടു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.
ലാന്‍ഡ് ബാങ്ക്, കണ്ണൂര്‍: കണ്ണൂരില്‍ അയ്യായിരത്തോളം ഏക്കര്‍ ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. 11 ലാന്‍ഡ് പാര്‍സലുകളായാണ് ഭൂമി ഏറ്റെടുക്കുന്നത്.
1993 ല്‍ സ്ഥാപിതമായി, മൂന്നാമത്തെ പതിറ്റാണ്ടിലേക്കു കാല്‍വയ്ക്കുമ്പോള്‍ കേരളത്തിനറെ വ്യവസായ വളര്‍ച്ചയെ മികവിന്റെ പാതയില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുകയാണു കിന്‍ഫ്ര. പ്രകൃതിയോട് ഇണങ്ങി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി തുടക്കം മുതല്‍ ശ്രദ്ധ നല്‍കി പരിസ്ഥതിയ്ക്ക് ആഘാതം ഏല്‍പ്പിക്കാതിരിക്കുക എന്ന ആശയം കിന്‍ഫ്ര നടപ്പിലാക്കി വരുന്നുണ്ട്. വ്യവസായ നിക്ഷേപം സുഗമമാക്കുന്നതിനായി ധാരാളം നൂതന പദ്ധതികള്‍ക്ക് കിന്‍ഫ്ര രൂപം കൊടുത്തിട്ടുണ്ട് .
ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശയം നടപ്പിലാക്കുന്നു വഴി നിക്ഷേപകര്‍ക്ക് വ്യവസായം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഖൂകരിക്കുകയും സുതാര്യമാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം സിംഗിള്‍ വിന്‍ഡോ ക്ലീയറന്‍സ് സംവിധാനം എല്ലാ കിന്‍ഫ്ര പാര്‍ക്കുകളും ആവിഷ്‌കരിച്ചിട്ടുണ്ട് . ലഘൂകരിച്ച സമയബന്ധിതമായ നടപടി ക്രമങ്ങള്‍, ഗതാഗതം, വൈദ്യുതി, ജലം, വാര്‍ത്താവിനിമയം തുടങ്ങി മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംരഭകര്‍ക്കിടയില്‍ കിന്‍ഫ്ര പാര്‍ക്കുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.