Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ടാക്സേഷന്‍ ടെക്നോളജി പാര്‍ക്കുകൾ

തിരുവനന്തപുരം: തൊഴില്‍ നൈപുണ്യമുള്ള പ്രൊഫഷണലുകളും നിക്ഷേപസൗഹൃദ അന്തരീക്ഷവുമുള്ള കേരളം യു.എസ് നികുതി വ്യവസായ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ ഇടമായിരിക്കുമെന്ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്. വിവിധ കമ്പനികളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്ത യു.എസ് ടാക്സ് ഇന്‍ഡസ്ട്രി മീറ്റില്‍ സംവദിക്കുകയായിരുന്നു മന്ത്രി. യു.എസ് കമ്പനികള്‍ക്ക് അനുയോജ്യമായ ടാക്സേഷനിലും അക്കൗണ്ടിംഗിലും വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ മികച്ച വിദ്യാഭ്യാസ നിലവാരവും നൈപുണ്യ ശേഷിയും അടിസ്ഥാന സൗകര്യങ്ങളും ശക്തമായ കണക്റ്റിവിറ്റിയും നിക്ഷേപകര്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കും. സംസ്ഥാനത്തെ ഈ സാധ്യതകള്‍ കമ്പനികള്‍ക്ക് പ്രയോജനപ്പെടുത്താനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2023 ലെ കേരള വ്യവസായ നയത്തില്‍ നിക്ഷേപ സാധ്യതയുള്ള 22 മേഖലകളെ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ നിന്നാണ് നിക്ഷേപങ്ങള്‍ ഉദ്ദേശിക്കുന്നത്. നിക്ഷേപകര്‍ക്ക് മികച്ച ഇന്‍സെന്‍റീവുകള്‍ വ്യവസായ നയം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2027 ഓടെ വ്യവസായ മേഖലയില്‍ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം സൃഷ്ടിക്കുന്നതിനുമായി ഇന്‍ഡസ്ട്രി 4.0 വ്യാവസായിക അന്തരീക്ഷം കെട്ടിപ്പടുക്കാനാണ് കേരള വ്യവസായ നയം ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. കേരളം അതിവേഗം വൈജ്ഞാനിക സമ്പദ് വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണ്. നൈപുണ്യ ശേഷിയുളളവരുടെ ഒരു സമൂഹവും ഇതിലൂടെ രൂപപ്പെടും. കൊച്ചിയിലെ നിര്‍ദിഷ്ട ഗ്ലോബല്‍ ഇന്‍ഡസ്ട്രിയില്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് (ഗിഫ്റ്റ്) സിറ്റി ഫിന്‍ടെക് വര്‍ധിപ്പിക്കുന്നതിനും മികച്ച ഫിന്‍ടെക് ഹബ്ബുകളുമായി സഖ്യമുണ്ടാക്കുന്നതിനും ഊന്നല്‍ നല്‍കുന്ന നവീകരണത്തിനും വളര്‍ച്ചയ്ക്കുമുള്ള സംയോജിത കേന്ദ്രമായിരിക്കും. ടാക്സേഷന്‍ കമ്പനികള്‍ വരുന്നതിലൂടെ കേരളത്തിലെ സര്‍വ്വകലാശാലകളും ഇന്‍റര്‍നാഷണല്‍ ടാക്സേഷന്‍ സെന്‍ററും സംയുക്തമായി ഇന്നൊവേഷന്‍ ലാബുകളും, കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ടാക്സേഷന്‍ ടെക്നോളജി പാര്‍ക്കുകളും സ്ഥാപിക്കാമെന്നും സുമന്‍ ബില്ല നിര്‍ദേശിച്ചു.
യു.എസ് ടാക്സേഷന്‍ വ്യവസായത്തിന്‍റെ സാന്നിധ്യം വിദ്യാര്‍ഥികളെ ദീര്‍ഘകാലത്തേക്ക് ഇന്‍റേണ്‍ഷിപ്പ് ചെയ്യാന്‍ പ്രാപ്തമാക്കുമെന്നും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അസാപ് ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഉഷ ടൈറ്റസ് പറഞ്ഞു. യുവാക്കളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളെ അഭിനന്ദിച്ച വിദഗ്ധര്‍ ടാക്സേഷനിലും അക്കൗണ്ടിംഗിലും മികവുള്ള പ്രൊഫഷണലുകളുടെ കുറവ് യു.എസ് ടാക്സേഷന്‍ നേരിടുന്നുണ്ടെന്ന് പറഞ്ഞു. കമ്പനികള്‍ കഴിവുള്ള ഉദ്യോഗാര്‍ഥികളെ തിരയുകയാണ്. അവര്‍ക്ക് ആവശ്യമായ സാങ്കേതിക പരിശീലനം നല്‍കും. യു.എസ് ടാക്സേഷന്‍ മറ്റ് രാജ്യങ്ങളില്‍ തുറക്കുന്ന ഓഫീസുകളില്‍ ടാക്സേഷന്‍ വിദഗ്ധരുടെ സേവനം ഉണ്ടായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മോസ് ആഡംസ് ഇന്ത്യ മാനേജിംഗ് പാര്‍ട്ണര്‍ ബാലാജി അയ്യര്‍, വിപ്ഫ്ലി ഫിനാന്‍സ് ഡയറക്ടര്‍ നാഗരാജ രാമണ്ണ, ബി.ഡി.ഒ റൈസ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് മുഖര്‍ജി, ഗ്രാന്‍റ് തോണ്‍ടണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീറാം ശ്രീനിവാസന്‍, വിപ്ഫ്ലി ഡയറക്ടര്‍ വിനോദ് വി., ജിആര്‍8 അഫിനിറ്റി സര്‍വീസസ് ടാക്സ് ഡയറക്ടര്‍ ഇന്ത്യ ഓപ്പറേഷന്‍സ് അനീഷ് എന്‍., ബി.ഡി.ഒ റൈസ് ഇന്ത്യ എക്സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടര്‍ വിഷ്ണു പട്വാരി, ആക്സലറേഷന്‍ സെന്‍റര്‍ ടാലന്‍റ് അക്വിസിഷന്‍ ലീഡര്‍ പുനീത് ചന്ദേല്‍ തുടങ്ങിയവര്‍ ഇന്‍ഡസ്ട്രി മീറ്റില്‍ പങ്കെടുത്തു.
  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം
Maintained By : Studio3