ജനക്ഷേമം എന്ന വികാരമാണ് ഇന്ത്യയുടെ സ്വത്വവും ശക്തിയും: പ്രധാനമന്ത്രി
മന്‍ കി ബാത്ത് – ഭാഗം 103
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോള്‍ വിശുദ്ധമാസമായ ‘സാവന്‍’ നടന്നുകൊണ്ടിരിക്കുകയാണ്. സദാശിവ മഹാദേവനെ ആരാധിക്കുന്ന തോടൊപ്പം ‘സാവന്‍’ പച്ചപ്പും സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, ആദ്ധ്യാത്മികതയോടൊപ്പം സാംസ്‌കാരികദൃഷ്ടിയിലും ‘സാവന്‍’ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. – സാവന്‍ ഊഞ്ഞാലാട്ടം, സാവന്‍ മെഹന്ദി, സാവന്‍ ആഘോഷങ്ങള്‍ – അതായത് ‘സാവന്‍’ എന്നതിന്റെ അര്‍ത്ഥം സന്തോഷവും ഉല്ലാസവും എന്നാണ്.
സുഹൃത്തുക്കളേ, ഈ വിശ്വാസത്തിനും നമ്മുടെ ഈ പാരമ്പര്യത്തി നും മറ്റൊരു വശംകൂടിയുണ്ട്. നമ്മുടെ ഈ ഉത്സവങ്ങളും പാരമ്പര്യങ്ങളും നമ്മെ ക്രിയാത്മകമാക്കുന്നു. ‘സാവന്‍’മാസത്തില്‍ ശിവനെ ആരാധിക്കുന്ന തിനായി നിരവധി ഭക്തര്‍ കന്‍വാര്‍ യാത്രയ്ക്കായി പുറപ്പെടുന്നു. ഈ ദിവസങ്ങളില്‍ 12 ജ്യോതിര്‍ലിംഗങ്ങളിലും ഒരുപാട് വിശ്വാസികള്‍ എത്തിച്ചേരുന്നു. ബനാറസില്‍ എത്തുന്നവരുടെ എണ്ണവും റെക്കോര്‍ഡുകള്‍ ഭേദിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. ഇപ്പോള്‍ പ്രതിവര്‍ഷം 10 കോടിയിലധികം വിനോദസഞ്ചാരികളാണ് കാശിയിലെത്തുന്നത്. അയോധ്യ, മഥുര, ഉജ്ജയിന്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഭക്തരുടെ എണ്ണവും അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം ദരിദ്രരായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു. അവരുടെ ഉപജീവനം നടക്കുന്നു. ഇതെല്ലാം നമ്മുടെ സാംസ്‌കാരിക ബഹുജന ഉണര്‍വിന്റെ ഫലമാണ്. ഇതിന്റെ ദര്‍ശനത്തിനായി ഇപ്പോള്‍ ലോകമെമ്പാടുമുള്ള ആളുകള്‍ നമ്മുടെ തീര്‍ഥാടനകേന്ദങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അമര്‍നാഥ് യാത്രയ്ക്കായി കാലിഫോര്‍ണിയയില്‍ നിന്ന് ഇവിടെയെത്തിയ അത്തരത്തിലുള്ള രണ്ട് അമേരിക്കന്‍ സുഹൃത്തുക്കളെകുറിച്ച് ഞാന്‍ അറിഞ്ഞിട്ടുണ്ട്. അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട സ്വാമി വിവേകാനന്ദന്റെ അനുഭവങ്ങളെക്കുറിച്ച് ഈ വിദേശ അതിഥികള്‍ എവിടെയോ കേട്ടിരുന്നു. അതില്‍ നിന്ന് അവര്‍ക്ക് വളരെയധികം പ്രചോദനം ലഭിച്ചു. അതിനാല്‍ അവര്‍ നേരിട്ട് അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കാന്‍ എത്തി. ഭോലേനാഥിന്റെ അനുഗ്രഹമായാണ് അവര്‍ ഇതിനെ കണക്കാക്കുന്നത്. ഇത് ഇന്ത്യയുടെ പ്രത്യേകതയാണ്, എല്ലാവരേയും സ്വീകരിക്കുന്നു, എല്ലാവര്‍ക്കും എന്തെങ്കിലും നല്‍കുന്നു. അതുപോലെതന്നെ ഒരു വനിത, ഫ്രഞ്ച് വംശജയാണ് – ഷാര്‍ലറ്റ് ഷോപ്പ പണ്ട് ഞാന്‍ ഫ്രാന്‍സില്‍ പോയപ്പോള്‍ അവരെ കണ്ടിരുന്നു. ഷാര്‍ലറ്റ് ഷോപ്പ ഒരു യോഗ പ്രാക്ടീഷണര്‍, അതായത് യോഗ ടീച്ചറാണ്. അവര്‍ക്ക് 100 വയസ്സിലേറെ പ്രായമുണ്ട്. അവര്‍ സെഞ്ച്വറി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 40 വര്‍ഷമായി അവര്‍ യോഗ പരിശീലിക്കുന്നു. അവര്‍ അവരുടെ ആരോഗ്യത്തിന്റെയും ഈ 100 വയസ്സിന്റെയും ക്രെഡിറ്റ് യോഗയ്ക്ക് മാത്രം നല്‍കുന്നു. ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ യോഗ ശാസ്ത്രത്തെയും അതിന്റെ ശക്തിയെയും പ്രതിനിധീകരിക്കുന്ന ഒരു പ്രമുഖ മുഖമായി അവര്‍ മാറി. അവരില്‍ നിന്ന് എല്ലാവരും പഠിക്കണം. നമ്മള്‍ നമ്മുടെ പൈതൃകത്തെ ഉള്‍ക്കൊള്ളുക മാത്രമല്ല, ഉത്തരവാദിത്തത്തോടെ അതിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യണം. ഈ ദിവസങ്ങളില്‍ ഉജ്ജയിനില്‍ അത്തരമൊരു ശ്രമം നടക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇവിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 18 ചിത്രകാരന്മാരാണ് പുരാണങ്ങളെ അടിസ്ഥാനമാക്കി ആകര്‍ഷകമായ ചിത്രകഥകള്‍ നിര്‍മ്മിക്കുന്നത്. ബുന്ധി ശൈലി, നാഥ്ദ്വാര ശൈലി, പഹാഡി ശൈലി, അപഭ്രംശ് ശൈലി എന്നിങ്ങനെ വ്യത്യസ്തമായ ശൈലികളില്‍ ഈ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടും. ഇവ ഉജ്ജയിനിലെ ത്രിവേണി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. അതായത്, കുറച്ച് കാലത്തിന് ശേഷം നിങ്ങള്‍ ഉജ്ജയിനിലേക്ക് പോകുമ്പോള്‍ മഹാകാല്‍ മഹാലോകിനൊപ്പം മറ്റൊരു ദിവ്യസ്ഥലവും നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
സുഹൃത്തുക്കളേ, ഉജ്ജയിനിയില്‍ നിര്‍മ്മിച്ച ഈ ചിത്രങ്ങളെ കുറിച്ച് പറയുമ്പോള്‍, മറ്റൊരു അതുല്യമായ പെയിന്റിംഗ് ഓര്‍മ്മ വരുന്നു. രാജ്കോട്ടിലെ കലാകാരനായ പ്രഭാത് സിംഗ് മൊഡുഭായ് ബര്‍ഹാത്താണ് ഈ ചിത്രം വരച്ചത്. ഛത്രപതി വീര്‍ ശിവജി മഹാരാജിന്റെ ജീവിതത്തില്‍ നിന്നുള്ള ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. പട്ടാഭിഷേകത്തിനുശേഷം ഛത്രപതി ശിവജി മഹാരാജ് തന്റെ കുലദേവിയായ ‘തുള്‍ജാ മാത’യെ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്ന് ആര്‍ട്ടിസ്റ്റ് പ്രഭാത് ഭായ് ചിത്രീകരിച്ചിരുന്നു. അപ്പോള്‍ അക്കാലത്തെ അന്തരീക്ഷം എന്തായിരുന്നു എന്ന് കാണാം. നമ്മുടെ പാരമ്പര്യങ്ങളും പൈതൃകങ്ങളും നിലനിര്‍ത്താന്‍, അവയെ നമ്മള്‍ സംരക്ഷിക്കുകയും അത് ഉള്‍ക്കൊണ്ട്ജീവിക്കുകയും വരും തലമുറയെ പഠിപ്പിക്കുകയും വേണം. ഇന്ന്, ഈ ദിശയില്‍ നിരവധി ശ്രമങ്ങള്‍ നടക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, പരിസ്ഥിതി, സസ്യജാലങ്ങള്‍, ജന്തുജാലങ്ങള്‍, ജൈവ വൈവിധ്യം തുടങ്ങിയ വാക്കുകള്‍ പലപ്പോഴും കേള്‍ക്കുമ്പോള്‍ ചിലര്‍ വിചാരിക്കുന്നത് ഇവ സ്പെഷ്യലൈസ് വിഷയങ്ങളാണെന്നും വിദഗ്ധരുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്നുമാണ്. പക്ഷേ അങ്ങനെയല്ല. നമ്മള്‍ പ്രകൃതിയെ ശരിക്കും സ്നേഹിക്കുന്നുണ്ടെങ്കില്‍, നമ്മുടെ ചെറിയ പരിശ്രമങ്ങള്‍ കൊണ്ട് പോലും നമുക്ക് ഒരുപാട് ചെയ്യാന്‍ കഴിയും. തമിഴ്നാട്ടിലെ വാടാവല്ലിയിലുള്ള സുഹൃത്താണ് ശ്രീ. സുരേഷ് രാഘവന്‍. ശ്രീ. രാഘവന്് ചിത്രകലയോട് താല്‍പ്പര്യമുണ്ട്. നിങ്ങള്‍ക്കറിയാമല്ലോ, പെയിന്റിംഗ് കലയുമായും ക്യാന്‍വാസുമായും ബന്ധപ്പെട്ട കാര്യമാണ്. എന്നാല്‍ തന്റെ ചിത്രങ്ങളിലൂടെ സസ്യങ്ങളെയും മൃഗങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ സംരക്ഷിക്കാന്‍ ശ്രീ. രാഘവന്‍ തീരുമാനിച്ചു. അദ്ദേഹം വിവിധ സസ്യജന്തുജാലങ്ങളുടെ പെയിന്റിംഗുകള്‍ നിര്‍മ്മിച്ച് അവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തുന്നു. വംശനാശത്തിന്റെ വക്കിലുള്ള അത്തരം ഡസന്‍ കണക്കിന് പക്ഷികളുടെയും മൃഗങ്ങളുടെയും ഓര്‍ക്കിഡുകളുടെയും ചിത്രങ്ങള്‍ അദ്ദേഹം ഇതുവരെ വരച്ചിട്ടുണ്ട്. കലയിലൂടെ പ്രകൃതിയെ സേവിക്കുന്ന ഈ ഉദാഹരണം ശരിക്കും അത്ഭുതകരമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ഞാന്‍ നിങ്ങളോട് മറ്റൊരു രസകരമായ കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഒരു അത്ഭുതകരമായ ആവേശം പ്രത്യക്ഷപ്പെട്ടു. നൂറിലധികം അപൂര്‍വവും പുരാതനവുമായ പുരാവസ്തുക്കള്‍ അമേരിക്ക നമുക്ക് തിരികെ നല്‍കിയിരിക്കുന്നു. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഈ പുരാവസ്തുക്കളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. യുവാക്കള്‍ തങ്ങളുടെ പൈതൃകത്തില്‍ അഭിമാനം പ്രകടിപ്പിച്ചു. ഇന്ത്യയില്‍ തിരിച്ചെത്തിച്ച ഈ പുരാവസ്തുക്കള്‍ 2500 മുതല്‍ 250 വര്‍ഷം വരെ പഴക്കമുള്ളവയാണ്. ഈ അപൂര്‍വ സാധനങ്ങള്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്കും സന്തോഷമാകും. ടെറാക്കോട്ട, കല്ല്, ലോഹം, മരം എന്നിവ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇവയില്‍ ചിലത് നിങ്ങളില്‍ അത്ഭുതം ഉളവാക്കും. നിങ്ങള്‍ അവയെ കണ്ടാല്‍ നോക്കിക്കൊണ്ടുതന്നെ നില്‍ക്കും. പതിനൊന്നാം നൂറ്റാണ്ടിലെ മനോഹരമായ ഒരു മണല്‍ക്കല്ല് ശില്പവും ഇവയില്‍ കാണാം. ഇത് മധ്യപ്രദേശില്‍ നിന്നുള്ള ഒരു ‘അപ്സര’ നൃത്തത്തിന്റെ കലാസൃഷ്ടിയാണ്. ചോള കാലഘട്ടത്തിലെ നിരവധി വിഗ്രഹങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. ദേവിയുടെയും മുരുകന്റെയും വിഗ്രഹങ്ങള്‍ പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ്. അവ തമിഴ്നാടിന്റെ സമ്പന്നമായ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഏകദേശം ആയിരം വര്‍ഷം പഴക്കമുള്ള ഗണപതിയുടെ വെങ്കല പ്രതിമയും ഇന്ത്യയ്ക്ക് മടക്കിനല്‍കിയിട്ടുണ്ട്. ലളിതാസനത്തില്‍ ഇരിക്കുന്ന ഉമാമഹേശ്വര വിഗ്രഹം 11-ാം നൂറ്റാണ്ടിലേതാണെന്ന് പറയപ്പെടുന്നു. അതില്‍ ഇരുവരും നന്ദിയുടെ പുറത്ത് ഇരിക്കുന്നു. ജൈന തീര്‍ത്ഥങ്കരരുടെ രണ്ട് ശിലാവിഗ്രഹങ്ങളും ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. സൂര്യദേവന്റെ രണ്ട് വിഗ്രഹങ്ങളും നിങ്ങളുടെ മനസ്സിനെ ആകര്‍ഷിക്കും. ഇതിലൊന്ന് മണല്‍ക്കല്ലുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരിച്ചയച്ച സാധനങ്ങളുടെ കൂട്ടത്തില്‍ സമുദ്രമഥനത്തിന്റെ കഥ മുന്നില്‍ കൊണ്ടുവരുന്ന മരം കൊണ്ടുണ്ടാക്കിയ ഒരു പാനലും ഉണ്ട്. 16, 17 നൂറ്റാണ്ടിലെ ഈ പാനല്‍ ദക്ഷിണേന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സുഹൃത്തുക്കളേ, ഞാന്‍ ഇവിടെ വളരെ കുറച്ച് പേരുകള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ, എന്നാല്‍ നോക്കൂ, ഈ ലിസ്റ്റ് വളരെ നീണ്ടതാണ്. നമ്മുടെ ഈ വിലപ്പെട്ട പൈതൃകം തിരികെ നല്‍കിയ അമേരിക്കന്‍ സര്‍ക്കാരിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2016 ലും 2021 ലും ഞാന്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോഴും നിരവധി പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെയെത്തി. അത്തരം ശ്രമങ്ങളിലൂടെ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ കവര്‍ച്ച തടയാന്‍ രാജ്യത്തുടനീളം അവബോധം വര്‍ദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് നമ്മുടെ സമ്പന്നമായ പൈതൃകത്തോടുള്ള നാട്ടുകാരുടെ അടുപ്പം കൂടുതല്‍ ആഴത്തിലാക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ദേവഭൂമി ഉത്തരാഖണ്ഡിലെ ചില അമ്മമാരും സഹോദരിമാരും എനിക്കെഴുതിയ കത്തുകള്‍ ഹൃദയസ്പര്‍ശിയാണ്. അവരുടെ മകന്, സഹോദരന് അവര്‍ നിരവധി അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അവര്‍ എഴുതിയത് ഇങ്ങനെയാണ് ‘നമ്മുടെ സാംസ്‌കാരിക പൈതൃകമായ ‘ഭോജ പത്രം’ അവരുടെ ഉപജീവന മാര്‍ഗ്ഗമായി മാറുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇതൊരു വലിയ കാര്യമാണോ എന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടാകും?
സുഹൃത്തുക്കളേ, ഈ കത്ത് എനിക്ക് എഴുതിയത് ചമോലി ജില്ലയിലെ നീതി-മാണ താഴ്വരയിലെ സ്ത്രീകളാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ‘ഭോജ പത്ര’ത്തില്‍ എനിക്ക് ഒരു അതുല്യ കലാസൃഷ്ടി സമ്മാനിച്ചിരുന്നു. ഈ സമ്മാനം കിട്ടിയപ്പോള്‍ ഞാനും വല്ലാതെ വികാരാധീനനായി. എല്ലാത്തിനുമുപരി, പുരാതന കാലം മുതല്‍, നമ്മുടെ വേദശാസ്ത്രങ്ങളും ഗ്രന്ഥങ്ങളും ഈ ‘ ഭോജ പത്ര’ങ്ങളില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. മഹാഭാരതവും ഈ ‘ഭോജ പത്ര’ത്തില്‍ എഴുതിവയ്ക്കപ്പെട്ടിട്ടുണ്ട്. ഇന്ന്, ദേവഭൂമിയിലെ ഈ സ്ത്രീകള്‍ ഈ ‘ഭോജ പത്ര’ത്തില്‍ നിന്ന് വളരെ മനോഹരമായ പുരാവസ്തുക്കളും സ്മൃതിചിഹ്നങ്ങളും നിര്‍മ്മിക്കുന്നു. മാണ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ അവരുടെ അതുല്യമായ പരിശ്രമത്തെ ഞാന്‍ അഭിനന്ദിച്ചിരുന്നു. ദേവഭൂമി സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളോട് അവരുടെ സന്ദര്‍ശന വേളയില്‍ കഴിയുന്നത്ര പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അത് അവിടെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ന്, ‘ഭോജ പത്ര’ത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വളരെ ഇഷ്ടമാണ്. മാത്രമല്ല, അവ നല്ല വിലയ്ക്ക് വാങ്ങുകയും ചെയ്യുന്നു. ഭോജ പത്ര’ത്തിന്റെ ഈ പുരാതന പൈതൃകം ഉത്തരാഖണ്ഡിലെ സ്ത്രീകളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ പുതിയ പുതിയ വര്‍ണ്ണങ്ങള്‍ നിറയ്ക്കുകയാണ്. ഭോജ് പത്ര’ത്തില്‍ നിന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന ഗവണ്മെന്റ് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നുമുണ്ട് എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
അപൂര്‍വയിനം ‘ഭോജ പത്ര’ത്തെ സംരക്ഷിക്കാനുള്ള കാമ്പയിനും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഒരു കാലത്ത് രാജ്യത്തിന്റെ അവസാന അറ്റം എന്ന് കരുതിയിരുന്ന പ്രദേശങ്ങള്‍ ഇന്ന് രാജ്യത്തെ ആദ്യത്തെ ഗ്രാമങ്ങളായി കണക്കാക്കി വികസിപ്പിക്കുകയാണ്. നമ്മുടെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക പുരോഗതിക്കുള്ള ഉപാധി കൂടിയാണ് ഈ ശ്രമം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഇത്തവണത്തെ ‘മന്‍ കി ബാത്തില്‍’, എനിയ്ക്ക് മനസ്സിന് ഒരുപാട് സന്തോഷം നല്‍കുന്ന കത്തുകള്‍ ധാരാളം ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോയിവന്ന മുസ്ലീം സ്ത്രീകളാണ് ഈ കത്തുകള്‍ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ യാത്ര പല കാര്യങ്ങളാലും വളരെ പ്രത്യേകതയുള്ളതാണ്. പുരുഷ സഹചാരിയോ, അഥവാ മെഹ്റമോ ഇല്ലാതെ ഹജ്ജ് ചെയ്ത സ്ത്രീകളാണിവര്‍, അന്‍പതോ, നൂറോ അല്ല, നാലായിരത്തിലധികം പേര്‍ – ഇത് ഒരു വലിയ മാറ്റമാണ്. നേരത്തെ, മെഹ്റമില്ലാതെ മുസ്ലീം സ്ത്രീകള്‍ക്ക് ഹജ്ജ് ചെയ്യാന്‍ അനുവാദമില്ലായിരുന്നു. ‘മന്‍ കി ബാത്തിലൂടെ’ സൗദി അറേബ്യ ഗവണ്‍മെന്റിനോടുള്ള എന്റെ ഹൃദയംഗമമായ നന്ദിയും ഞാന്‍ അറിയിക്കുന്നു. മെഹ്റമില്ലാതെ ഹജ്ജിന് പോകുന്ന സ്ത്രീകള്‍ക്കായി പ്രത്യേകം വനിതാ കോഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചിരുന്നു.
സുഹൃത്തുക്കളേ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹജ്ജ് നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെ പ്രശംസനീയമാണ്. നമ്മുടെ മുസ്ലീം അമ്മമാരും സഹോദരിമാരും ഇതിനെക്കുറിച്ച് എനിക്ക് ധാരാളം എഴുതിയിട്ടുണ്ട്. ഇപ്പോള്‍, കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്ക് ഹജ്ജിന് പോകാന്‍ അവസരം ലഭിക്കുന്നു. ‘ഹജ്ജ് തീര്‍ഥാടന’ത്തില്‍ നിന്ന് മടങ്ങിയെത്തിയ ആളുകള്‍, പ്രത്യേകിച്ച് നമ്മുടെ അമ്മമാരും സഹോദരിമാരും കത്തെഴുതി നല്‍കിയ അനുഗ്രഹങ്ങള്‍, അതുതന്നെ വളരെ പ്രചോദനകരമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ജമ്മു കശ്മീരില്‍ മ്യൂസിക്കല്‍ നൈറ്റ്സ്,ഉയര്‍ന്ന പ്രദേശങ്ങളില്‍ ബൈക്ക് റാലികള്‍, ചണ്ഡീഗഢിലെ പ്രാദേശിക ക്ലബ്ബുകള്‍, പഞ്ചാബില്‍ നിരവധി സ്പോര്‍ട്സ് ഗ്രൂപ്പുകള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍, നമ്മള്‍ ചിന്തിക്കുന്നത് വിനോദത്തെയും സാഹസികതയെയും കുറിച്ചാണെന്ന് തോന്നുന്നു. എന്നാല്‍, സംഗതി മറ്റൊന്നാണ്, ഈ സംഭവവും ഒരു ‘പൊതു ഉദ്ദേശ്യവുമായി’ ബന്ധപ്പെട്ടതാണ്. ആ പൊതു കാരണമാണ് മയക്കുമരുന്നിനെതിരെയുള്ള ബോധവല്‍ക്കരണം. ജമ്മു കശ്മീരിലെ യുവാക്കളെ മയക്കുമരുന്നില്‍ നിന്ന് രക്ഷിക്കാന്‍ നിരവധി നൂതന ശ്രമങ്ങള്‍ നടന്നുവരുന്നു. മ്യൂസിക്കല്‍ നൈറ്റ്, ബൈക്ക് റാലി തുടങ്ങിയ പരിപാടികള്‍ ഇവിടെ നടക്കുന്നുണ്ട്. ചണ്ഡീഗഢില്‍ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന്, പ്രാദേശിക ക്ലബ്ബുകളെ ഇതിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. അവര്‍ ഇതിനെ VADA ക്ലബ്ബുകള്‍ എന്ന് വിളിക്കുന്നു. VADA എന്നാല്‍ Victory Against Drug Abuse (മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ വിജയം) എന്നാണ് അര്‍ത്ഥമാക്കുന്നത്. പഞ്ചാബില്‍ നിരവധി സ്പോര്‍ട്സ് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്, അത് ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മയക്കുമരുന്നില്‍നിന്നും മുക്തി നേടുന്നതിനുമായി ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ നടത്തുന്നു. മയക്കുമരുന്നിനെതിരായ പ്രചാരണത്തില്‍ യുവാക്കളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം വളരെ പ്രോത്സാഹനജനകമാണ്. ഈ ശ്രമങ്ങള്‍ ഇന്ത്യയില്‍ മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തിന് വളരെയധികം ശക്തി നല്‍കുന്നു. രാജ്യത്തിന്റെ ഭാവിതലമുറയെ രക്ഷിക്കണമെങ്കില്‍ അവരെ മയക്കുമരുന്നില്‍ നിന്ന് അകറ്റി നിര്‍ത്തണം. ഈ ചിന്തയോടെ, ‘ലഹരി മുക്ത ഭാരത് അഭിയാന്‍’ 2020 ഓഗസ്റ്റ് 15 ന് ആരംഭിച്ചിരുന്നു. 11കോടിയിലധികം ആളുകള്‍ ഈ കാമ്പെയ്നുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാഴ്ച മുമ്പ് ഇന്ത്യ മയക്കുമരുന്നിനെതിരെ വന്‍ നടപടി സ്വീകരിച്ചിരുന്നു. ഒന്നരലക്ഷം കിലോയോളം വരുന്ന മയക്കുമരുന്ന് പിടികൂടിയ ശേഷം നശിപ്പിച്ചിട്ടുണ്ട്. 10 ലക്ഷം കിലോ മയക്കുമരുന്ന് നശിപ്പിച്ചതിന്റെ അതുല്യ റെക്കോര്‍ഡും ഇന്ത്യ സൃഷ്ടിച്ചു. 12,000 കോടിയിലധികം രൂപയാണ് ഈ മരുന്നുകളുടെ വില. ഈ മഹത്തായ ലഹരി മുക്ത കാമ്പെയ്നില്‍ പങ്കെടുക്കുന്ന എല്ലാവരെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മദ്യപാനം കുടുംബത്തിന് മാത്രമല്ല, സമൂഹത്തിനാകെ ഒരു വലിയ പ്രശ്നമായി മാറുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, ഈ അപകടം എന്നെന്നേക്കുമായി അവസാനിക്കണമെങ്കില്‍, നാമെല്ലാവരും ഒറ്റക്കെട്ടായി ഈ ദിശയില്‍ മുന്നോട്ട് പോകേണ്ടത് ആവശ്യമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മയക്കുമരുന്നിനെക്കുറിച്ചും യുവതലമുറയെക്കുറിച്ചും സംസാരിക്കുമ്പോള്‍, മധ്യപ്രദേശില്‍ നിന്നുള്ള പ്രചോദനാത്മകമായ ഒരു യാത്രയെക്കുറിച്ച് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് മിനി ബ്രസീലിന്റെ പ്രചോദനാത്മകമായ യാത്ര. മധ്യപ്രദേശില്‍ മിനി ബ്രസീല്‍ എങ്ങനെയാണ് വന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകണം, അതാണ് ട്വിസ്റ്റ്. എം.പി.യിലെ ഷഹ്ദോളിലെ ഒരു ഗ്രാമമാണ് ബിച്ചാര്‍പൂര്‍. ബിച്ചാര്‍പൂര്‍ ‘മിനി ബ്രസീല്‍’ എന്നാണ് അറിയപ്പെടുന്നത്. ‘മിനി ബ്രസീല്‍’ എന്ന് വിളിക്കപ്പെടാന്‍ കാരണം ഇന്ന് ഈ ഗ്രാമം ഫുട്ബോളിലെ വളര്‍ന്നുവരുന്ന താരങ്ങളുടെ ശക്തികേന്ദ്രമായി മാറിയിരിക്കുന്നു എന്നതാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ ഷഹ്ദോളില്‍ പോയപ്പോള്‍, അത്തരം നിരവധി ഫുട്ബോള്‍ കളിക്കാരെ അവിടെ വച്ച് കണ്ടുമുട്ടി. നമ്മുടെ നാട്ടുകാരും പ്രത്യേകിച്ച് നമ്മുടെ യുവസുഹൃത്തുക്കളും ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കണം എന്ന് എനിക്ക് തോന്നി.
സുഹൃത്തുക്കളേ, ബിച്ചാര്‍പൂര്‍ ഗ്രാമം മിനി ബ്രസീലായി മാറാനുള്ള യാത്ര ആരംഭിച്ചത് രണ്ട് രണ്ടര പതിറ്റാണ്ട് മുമ്പാണ്. അക്കാലത്ത്, ബിച്ചാര്‍പൂര്‍ ഗ്രാമം അനധികൃത മദ്യത്തിന് കുപ്രസിദ്ധമായിരുന്നു. ലഹരിയുടെ പിടിയിലായിരുന്നു. ഇത്തരത്തിലുള്ള പരിസ്ഥിതിയുടെ ഏറ്റവും വലിയ ആഘാതമേറ്റത് ഇവിടെയുള്ള യുവാക്കള്‍ക്കാണ് . മുന്‍ ദേശീയ താരവും പരിശീലകനുമായ റയീസ് അഹമ്മദ് ഈ യുവാക്കളുടെ കഴിവ് തിരിച്ചറിഞ്ഞു. ശ്രീ. റയീസിന്റെ കാര്യമായ ഉരകരണങ്ങള്‍ ഒന്നും ഇല്ലായിരുന്നു, പക്ഷേ, അദ്ദേഹം യുവാക്കളെ പൂര്‍ണ്ണ സമര്‍പ്പണത്തോടെ ഫുട്ബോള്‍ പരിശീലിപ്പിക്കാന്‍ തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫുട്ബോള്‍ ഇവിടെ വളരെ പ്രചാരത്തിലായി. ബിച്ചാര്‍പൂര്‍ ഗ്രാമം തന്നെ ഫുട്ബോളുമായി ബന്ധപ്പെട്ട് അറിയപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ഫുട്ബോള്‍ വിപ്ലവം എന്നൊരു പരിപാടിയും ഇവിടെ നടക്കുന്നുണ്ട്. ഈ പരിപാടിയിലൂടെ യുവാക്കളെ ഈ ഗെയിമുമായി ബന്ധിപ്പിക്കുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. ഈ പരിപാടി വളരെ വിജയകരമായിരുന്നു എന്നതിന്റെ തെളിവാണ് ഇവിടെനിന്ന് ഉയര്‍ന്നുവന്ന 40-ലധികം ദേശീയ-സംസ്ഥാന താരങ്ങള്‍. ഈ ഫുട്ബോള്‍ വിപ്ലവം ഇപ്പോള്‍ സമീപപ്രദേശമാകെ പതിയെ പടരുകയാണ്. 1200-ലധികം ഫുട്ബോള്‍ ക്ലബ്ബുകള്‍ ഷഹ്ദോളിലും പരിസര പ്രദേശങ്ങളിലും രൂപീകരിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ കളിക്കുന്ന ധാരാളം കളിക്കാര്‍ ഇവിടെ നിന്ന് ഉയര്‍ന്നുവരുന്നു. മുന്‍കാല ഫുട്ബോള്‍ താരങ്ങളും പരിശീലകരും ഇന്ന് ഇവിടെ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. നിങ്ങള്‍ ചിന്തിച്ചുനോക്കൂ, അനധികൃത മദ്യത്തിന് പേരുകേട്ട, മയക്കുമരുന്നിന് കുപ്രസിദ്ധമായ ഒരു ആദിവാസി മേഖല ഇപ്പോള്‍ രാജ്യത്തിന്റെ ഫുട്ബോള്‍ നഴ്സറിയായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് പറഞ്ഞത് – എവിടെ അതിയായ അഗ്രഹമുണ്ടോ, അവിടെ ഒരു വഴിയുമുണ്ട്. നമ്മുടെ നാട്ടില്‍ പ്രതിഭകള്‍ക്ക് ഒരു കുറവുമില്ല. അവരെ കണ്ടെത്തുക, മിനുക്കിയെടുക്കു എന്നതാണ് പ്രധാനം. ഇതിലൂടെ, ഈ യുവാക്കള്‍ രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തുകയും രാജ്യത്തിന്റെ വികസനത്തിന് ദിശാബോധം നല്‍കുകയും ചെയ്യുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം തികയുന്ന വേളയില്‍, നാമെല്ലാവരും തികഞ്ഞ ആവേശത്തോടെ ‘അമൃത് മഹോത്സവം’ ആഘോഷിക്കുകയാണ്. ‘അമൃത് മഹോത്സവ’ത്തോടനുബന്ധിച്ച് രാജ്യത്ത് ഏകദേശം രണ്ട് ലക്ഷത്തോളം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടികള്‍ ഒന്നിനൊന്ന് മെച്ചമായി വൈവിധ്യത്തിന്റെ നിറങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. റെക്കോര്‍ഡ് സംഖ്യയില്‍ യുവാക്കള്‍ പങ്കെടുത്തു എന്നതും സംഘാടനത്തിന്റെ ഭംഗി കൂട്ടുന്നു. ഇതിലൂടെ നമ്മുടെ യുവാക്കള്‍ക്ക് നാട്ടിലെ മഹത്തായ വ്യക്തിത്വങ്ങളെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ആദ്യത്തെ കുറച്ച് മാസങ്ങളെ കുറിച്ച് മാത്രം പറഞ്ഞാല്‍, പൊതുജന പങ്കാളിത്തവുമായി ബന്ധപ്പെട്ട രസകരമായ നിരവധി പരിപാടികള്‍ക്ക് നമുക്ക് കാണാന്‍ കഴിഞ്ഞു. ദിവ്യാംഗരായ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച ‘റൈറ്റേഴ്സ് മീറ്റ്’ അങ്ങനെയൊരു പരിപാടിയായിരുന്നു. ഇതിലെ ജനപങ്കാളിത്തം റെക്കോര്‍ഡാണ്. അതേ സമയം, ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ‘ദേശീയ സംസ്‌കൃത സമ്മേളനം’ സംഘടിപ്പിച്ചു. നമ്മുടെ ചരിത്രത്തില്‍ കോട്ടകളുടെ പ്രാധാന്യം നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് ചിത്രീകരിക്കുന്ന ഒരു കാമ്പെയ്ന്‍, ‘കോട്ടകളും കഥകളും’ അതായത് കോട്ടകളുമായി ബന്ധപ്പെട്ട കഥകളും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു.
സുഹൃത്തുക്കളേ, ഇന്ന്, രാജ്യമെമ്പാടും ‘അമൃത് മഹോത്സവ’ത്തിന്റെ പ്രതിധ്വനികളുയരുമ്പോള്‍, ആഗസ്റ്റ് 15 അടുത്തെത്തിയിരിക്കെ, രാജ്യത്ത് മറ്റൊരു വലിയ പ്രചാരണം ആരംഭിക്കാന്‍ പോകുന്നു. വീരമൃത്യു വരിച്ച ധീരവനിതകളെയും വീരന്മാരെയും ആദരിക്കുന്നതിനായി ‘മേരി മാട്ടി, മേരാ ദേശ്’ (എന്റെ മണ്ണ്, എന്റെ രാജ്യം) ക്യാമ്പയിന്‍ ആരംഭിക്കും. ഇതിന് കീഴില്‍, നമ്മുടെ അനശ്വര രക്തസാക്ഷികളുടെ സ്മരണയ്ക്കായി രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. ഈ വ്യക്തിത്വങ്ങളുടെ സ്മരണയ്ക്കായി രാജ്യത്തെ ലക്ഷക്കണക്കിന് ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക ലിഖിതങ്ങള്‍ സ്ഥാപിക്കും. ഈ പ്രചാരണത്തിന് കീഴില്‍ രാജ്യത്തുടനീളം ‘അമൃത് കലശ് യാത്ര’യും നടത്തും. രാജ്യത്തിന്റെ വിവിധ ഗ്രാമങ്ങളില്‍നിന്നും, എല്ലാ കോണുകളില്‍ നിന്നും 7500 കലശങ്ങളില്‍ മണ്ണ് ശേഖരിച്ച് ഈ ‘അമൃത് കലശ യാത്ര’ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ എത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെടികളും ഈ യാത്രയ്ക്കൊപ്പം കൊണ്ടുവരും. 7500 കലശങ്ങളില്‍ വന്ന മണ്ണും ചെടികളും ചേര്‍ത്ത് ദേശീയ യുദ്ധസ്മാരകത്തിന് സമീപം ”അമൃത് വാടിക”നിര്‍മ്മിക്കും. ഈ ‘അമൃത് വാടിക’ ‘ഏക ഭാരതം ശ്രേഷ്ട ഭാരതം’ എന്നതിന്റെ മഹത്തായ പ്രതീകമായും മാറും. കഴിഞ്ഞ വര്‍ഷം ചെങ്കോട്ടയില്‍ നിന്ന് അമൃത കാലത്തെ 25 വര്‍ഷത്തെ ‘പഞ്ചപ്രാണന്‍’എന്നതിനെ കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. ‘മേരി മാട്ടി മേരാ ദേശ്’ കാമ്പെയ്നില്‍ പങ്കെടുത്ത്, ഈ ‘പഞ്ചജീവനുകള്‍’ നിറവേറ്റുന്നതിനായി നമ്മള്‍ പ്രതിജ്ഞയെടുക്കും. രാജ്യത്തിന്റെ പവിത്രമായ മണ്ണില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നിങ്ങള്‍ എല്ലാവരും നിങ്ങളുടെ സെല്‍ഫി yuva.gov.in ല്‍ തീര്‍ച്ചയായും അപ്ലോഡ് ചെയ്യണം. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍, രാജ്യം മുഴുവന്‍ ‘ഹര്‍ ഘര്‍ തിരംഗ അഭിയാന്‍’നിനുവേണ്ടി ഒത്തുചേര്‍ന്നതുപോലെ, ഇത്തവണയും എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ഈ പാരമ്പര്യം തുടരണം. ഈ പരിശ്രമങ്ങളിലൂടെ, നാം നമ്മുടെ കടമകള്‍ തിരിച്ചറിയും, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നടന്ന എണ്ണമറ്റ ത്യാഗങ്ങള്‍ നാം തിരിച്ചറിയും, സ്വാതന്ത്ര്യത്തിന്റെ മൂല്യം തിരിച്ചറിയും. അതുകൊണ്ട് രാജ്യത്തെ ഓരോ പൗരനും ഈ ശ്രമങ്ങളില്‍ തീര്‍ച്ചയായും പങ്കാളിയാവണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്നത്തെ ‘മന്‍ കി ബാത്തി’ല്‍ ഇത്രമാത്രം. ഇനി നമ്മള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആഗസ്ത് 15-ന് നടക്കുന്ന ഈ മഹത്തായ സ്വാത്രേന്ത്യാത്സവത്തിന്റെ ഭാഗമാകും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവരെ എന്നും ഓര്‍ക്കണം. അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമ്മള്‍ രാവും പകലും പ്രയത്നിക്കണം, ജനങ്ങളുടെ ഈ കഠിനാധ്വാനവും കൂട്ടായ പരിശ്രമവും മുന്നില്‍ കൊണ്ടുവരാനുള്ള ഒരു മാധ്യമം മാത്രമാണ് ‘മന്‍ കി ബാത്ത്’. പുതിയ ചില വിഷയങ്ങളുമായി അടുത്ത തവണ കാണാം. വളരെയധികം നന്ദി.