സ്റ്റാര്‍ട്ടപ്പുകളെ എംപാനല്‍ ചെയ്യുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ക്രിയാത്മകമായി ഡിജിറ്റല്‍ ഉള്ളടക്കം സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ എംപാനല്‍ ചെയ്യുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ് യുഎം) അപേക്ഷ ക്ഷണിച്ചു. ഉല്‍പ്പന്നാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനായി വീഡിയോകള്‍ രൂപപ്പെടുത്തുന്നതിനു വേണ്ടിയാണിത്. എംപാനല്‍മെന്‍റ് ചെയ്യപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ വഴിയായിരിക്കും സ്റ്റാര്‍ട്ടപ്പുകളുടെ വീഡിയോകള്‍ തയ്യാറാക്കുന്നത്.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലും കെഎസ് യുഎമ്മിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള സേവനാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അവസരം. അപേക്ഷ സമര്‍പ്പിക്കുന്ന സേവനാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും മികച്ച സ്റ്റാര്‍ട്ടപ്പുകളെയാണ് വിദഗ്ധ സമിതിയുടെ വിശദമായ അവലോകനത്തിനു ശേഷം സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്ലാറ്റ് ഫോമിലേക്ക് എംപാനല്‍ ചെയ്യുക. കെഎസ് യുഎമ്മിന്‍റെ മാര്‍ക്കറ്റിംഗ് സപ്പോര്‍ട്ടിംഗ് സ്കീമിലേക്കുവേണ്ടിയാണിത്. ഉല്‍പ്പന്നാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത്തരത്തില്‍ എംപാനല്‍മെന്‍റ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും മാത്രമേ മാര്‍ക്കറ്റിംഗ് സപ്പോര്‍ട്ടിംഗ് സ്കീമിലേക്ക് അപേക്ഷിക്കാനാകൂ.
ഡിജിറ്റല്‍ ഉള്ളടക്ക രൂപീകരണത്തിന് 1.5 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചെലവിന്‍റെ 70 ശതമാനം വരെ സബ്സിഡി ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 12. വിശദവിവരങ്ങള്‍ക്ക് എന്ന https://bit.ly/EOI-KSUMVIDEO വെബ്സൈറ്റ് സന്ദര്‍ശിക്കുക.